Type Here to Get Search Results !

Bottom Ad

കുഡ്‌ലു ബാങ്ക് കവർച്ച: ഒരാൾ കസ്റ്റഡിയിൽ


കാസര്‍കോട്: (www.evisionnews.in)അഞ്ചരക്കോടിയുടെ കുഡ്‌ലു സഹകരണ ബാങ്ക് കവര്‍ച്ചയുമായി ബന്ധപ്പെട്ട് പ്രതികളുമായി ബന്ധമുള്ള ഒരാളെ അന്വേഷണസംഘം കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ നേരിട്ട് ബന്ധമില്ലെങ്കിലും കവര്‍ച്ചയുടെ ആസൂത്രണത്തില്‍ ഇയാള്‍ക്ക് പങ്കുണ്ടെന്ന സംശയത്തെത്തുടര്‍ന്നാണ് കസ്റ്റഡിയിലെടുത്തത്. കവര്‍ച്ചസംഘത്തില്‍പ്പെട്ട ഒരാളുടെ അടുത്ത ബന്ധുകൂടിയാണിയാള്‍. കവര്‍ച്ച നടത്തിയതിനുശേഷം പുറത്തിറങ്ങിയ സംഘാംഗങ്ങളില്‍ ഒരാളെ ബാങ്കിനടുത്ത് ജോലിചെയ്തിരുന്ന ആള്‍ കണ്ടിരുന്നു. ബാങ്കില്‍നിന്ന് സ്ത്രീകളുടെ കരച്ചില്‍കേട്ടാണ് ഇയാള്‍ ജോലിസ്ഥലത്തുനിന്ന് ബാങ്കിനു മുന്നിലേക്ക് നോക്കിയത്. 

ഈ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കവര്‍ച്ചക്കേസുകളില്‍ പ്രതികളായ നൂറിലധികം ആളുകളുടെ ഫോട്ടോകള്‍ പോലീസ് ഈ വ്യക്തിയെ കാണിച്ചു. ഇതില്‍നിന്നും ജോലിക്കാരന്‍ കവര്‍ച്ചസംഘത്തിലുണ്ടായിരുന്ന വ്യക്തിയെ തിരിച്ചറിഞ്ഞു. 

കാസര്‍കോട്ടെ കുപ്രസിദ്ധമായ മറ്റൊരു കവര്‍ച്ചക്കേസില്‍ പ്രതിയായ വ്യക്തിയാണിതെന്നാണ് സൂചന. തുടര്‍ന്ന് ഇയാളുടെ വീട്ടില്‍ പോലീസ് അന്വേഷിച്ചെങ്കിലും മൂന്നുദിവസമായി അയാള്‍ സ്ഥലത്തില്ലെന്ന വിവരമാണ് പോലീസിന് ലഭിച്ചത്. 
പിന്നീടാണ് ഇയാളുടെ അടുത്ത അനുയായിയും ബാങ്ക് കവര്‍ച്ചയുടെ ആസൂത്രണത്തില്‍ പങ്കാളിയുമായ യുവാവിനെ പോലീസ് സംഘം വലയിലാക്കുന്നത്. 

പ്രാദേശികസഹായവും വിവരങ്ങളുമില്ലാതെ ഇത്തരമൊരു കവര്‍ച്ച നടത്താന്‍ സാധിക്കില്ലെന്ന് പോലീസ് ആദ്യദിവസംതന്നെ വിലയിരുത്തിയിരുന്നു. അതനുസരിച്ചാണ് അന്വേഷണം മുമ്പോട്ടുപോയത്. പ്രതികള്‍ കര്‍ണാടക ഭാഗത്തേക്ക് രക്ഷപ്പെട്ടിട്ടുണ്ടാകുമെന്നാണ് പോലീസ് കരുതുന്നത്. 

Post a Comment

0 Comments

Top Post Ad

Below Post Ad