കാസര്‍കോട് (www.evisionnews.in)മഞ്ചേശ്വരത്ത് ബ്ലോക്ക്- ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും ജില്ലാ കളക്ടറും ഉള്‍പ്പെടെ 351 പേര്‍ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ മാതൃകാവോട്ടെടുപ്പില്‍ സമ്മതിദാനാവകാശം വിനിയോഗിച്ചു. വ്യാഴാഴ്ച രാവിലെ 11 മുതല്‍ രണ്ട് മണിവരെയായിരുന്നു വോട്ടെടുപ്പ്. മഞ്ചേശ്വരം
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മുംതാസ് സമീറയാണ് ആദ്യം വോട്ട് രേഖപ്പെടുത്തിയത്. തൊട്ടുപിന്നാലെ മഞ്ചേശ്വരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മുഷ്‌റഫ് ജഹാനും വോട്ട് ചെയ്തു. ജില്ലാ തിരെഞ്ഞടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടര്‍ പിഎസ് മുഹമ്മദ് സഗീര്‍ മോക്‌പോള്‍ ചെയ്തു. രണ്ട് ബൂത്തുകളിലായാണ് മോക് വോട്ടെടുപ്പ് നടത്തിയത്. 351 പേര്‍ വോട്ട് ചെയ്തു. 193 പുരുഷന്‍മാരും 158 സ്ത്രീകളും വോട്ട് രേഖപ്പെടുത്തിയത്. ഒന്നാം ബുത്തില്‍ ഗ്രാമപഞ്ചായത്തിന് ചെയ്ത 178 വോട്ട് ചെയ്തതില്‍ ഒരെണ്ണവും ബ്ലോക്ക് പഞ്ചായത്തില്‍ രണ്ടും ജില്ലാ പഞ്ചായത്തില്‍ അഞ്ചും വോട്ടുകള്‍ അസാധുവായി . രണ്ടാം ബൂത്തില്‍ 173 പേര്‍ വോട്ട് രേഖപ്പെടുത്തി. ഗ്രാമപഞ്ചായത്തിലും ജില്ലാ പഞ്ചായത്തിലും രണ്ടുവീതവും ബ്ലോക്ക് പഞ്ചായത്തില്‍ മൂന്ന് വോട്ടുകളും അസാധുവായി. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിരീക്ഷകരായി ജോയിന്റ് സെക്രട്ടറിമാരായ ഈപ്പന്‍ ഫ്രാന്‍സിസ്, സി. രാധാകൃഷ്ണ കുറുപ്പ്, അഡീഷണല്‍ സെക്രട്ടറി എസ് സെലിന്‍ എന്നിവര്‍ മുഴുവന്‍ സമയവും മോക്‌പോള്‍ നിരീക്ഷിച്ചു. ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ ഡോ.എം സി റിജിലും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും മോക് പോളിന് നേതൃത്വം നല്‍കി.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ. മുക്താര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം തേരേസ പിന്റോ, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ അബ്ദുളള കജെ, ജയന്തി, ഫാത്തിമ സൗറ, യാദവ ബഡാജെ, ബി.എം നാഗേഷ്, എം ഹരിശ്ചന്ദ്ര, പൈവളികെ പഞ്ചായത്ത് മെമ്പര്‍ അബ്ദുള്‍ റസാഖ് ചിപ്പാര്‍, ഡെപ്യൂട്ടി കളക്ടര്‍(ആര്‍.ആര്‍) എന്‍ ദേവീദാസ്, മഞ്ചേശ്വരം തഹസില്‍ദാര്‍ കെ. ശശിധരഷെട്ടി, ജൂനിയര്‍ സൂപ്രണ്ട് രാജന്‍, പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടര്‍ പി മുഹമ്മദ് നിസാര്‍, മഞ്ചേശ്വരം ഗ്രാമപഞ്ചായത്ത് സെക്രട്ടറി എ. ധനജ്ഞയന്‍ തുടങ്ങിയവര്‍ വോട്ടെടുപ്പില്‍ പങ്കാളികളായി. കുടുംബശ്രീ അങ്കണവാടി പ്രവര്‍ത്തകര്‍, കോളേജ് വിദ്യാര്‍ത്ഥികള്‍, തൊഴിലാളികള്‍, നാട്ടുകാര്‍ തുടങ്ങി എല്ലാവിധ തലങ്ങളിലുമുളളവര്‍ മാതൃകാവോട്ടെടുപ്പില്‍ പങ്കാളികളായി. ഗ്രാമ,ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലേക്ക് സംസ്ഥാന തെരഞ്ഞെടുപ്പ് ചരിത്രത്തിലാദ്യമായി ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രം ഉപയോഗിക്കുന്നത്. ഇതിന് മുന്നോടിയായിട്ടാണ് മോക് പോളിംഗ് നടത്തിയത്. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനാണ് സംസ്ഥാനത്തെ വടക്കേ അറ്റത്തുളള മഞ്ചേശ്വരം മോക്‌പോളിംഗിനായി തെരഞ്ഞെടുത്തത്. പോളിംഗ് ബൂത്തില്‍ നിന്ന് ബൂത്ത് ലെവല്‍ ഓഫീസര്‍ നല്‍കുന്ന സ്ലിപ്പുമായി ഒന്നാം പോളിംഗ് ഓഫീസറെ സമീപിക്കുകയും പരിശോധനയ്ക്കു ശേഷം രണ്ടാം പോളിംഗ് ഓഫീസറുടെ രജിസ്റ്ററില്‍ ഒപ്പു വെക്കുകയും മൂന്നാം പോളിംഗ് ഓഫീസര്‍ സ്ലിപ്പ് സ്വീകരിച്ച് പോളിങിന് കണ്‍ട്രോള്‍ യൂണിറ്റിനെ ഒരുക്കുകയും ചെയ്യുന്നതാണ് മോക് പോളിങ്ങിന്റെ ആദ്യഘട്ടം. മൂന്ന് ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ആദ്യം ഗ്രാമപഞ്ചായത്ത് സ്ഥാനാര്‍ത്ഥിയുടെ നേരെ ബ്രൗണ്‍ ബട്ടണ്‍ അമര്‍ത്തിയശേഷം രണ്ടാം വോട്ടിംഗ് മെഷീനില്‍ സമീപിച്ച് ബ്ലോക്ക്പഞ്ചായത്ത് സ്താനാര്‍ത്ഥിയുടെ പേരിന് നേരെ ബ്രൗണ്‍ ബട്ടണ്‍ അമര്‍ത്തണം. മൂന്നാം മെഷീനിലാണ് ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ത്ഥിയുടെയും ഭാഗധേയം നിര്‍ണ്ണയിക്കുന്ന ബട്ടണ്‍ അമര്‍ത്തണം. വലിയ ബീപ്പ് ശബ്ദം കേട്ടാല്‍ വോട്ടെടുപ്പ് പൂര്‍ത്തിയായി. ലളിതമായ വോട്ടെടുപ്പ് രീതിയെ സമ്മതിദായകരെല്ലാവരും പ്രശംസിച്ചു. ത്രിതല പഞ്ചായത്തുകളുടെയും സ്ഥാനാര്‍ത്ഥികളുടേയും പേരുകള്‍ വ്യക്തമായി രേഖപ്പെടുത്തണമെന്നും സജ്ജീകരിക്കുന്ന വോട്ടിംഗ് യന്ത്രങ്ങള്‍ തമ്മില്‍ അകലം കൂട്ടണമെന്നും സമ്മതിദായകര്‍ അഭിപ്രായപ്പെട്ടു.

Post a Comment
0 Comments