Type Here to Get Search Results !

Bottom Ad

സി.പി.എം പ്രവര്‍ത്തകന്റെ കൊല: ജില്ലയില്‍ ഹര്‍ത്താല്‍ പൂര്‍ണം;സംസ്‌കാരം വൈകിട്ട് നാലിന്


കാഞ്ഞങ്ങാട് (www.evisionnews.in): കോടോം ബെളളൂരില്‍ സി.പി.എം പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് സിപിഎം ജില്ലാ കമ്മിറ്റി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണം. കടകമ്പോളങ്ങള്‍ ജില്ലയിലുടനീളം അടഞ്ഞു കിടന്നു. ജില്ലയിലെ കാസര്‍കോട്, കാഞ്ഞങ്ങാട് ഡിപ്പോകളിലെ കെഎസ്ആര്‍ടിസി ബസുകളുടെ എല്ലാ ഷെഡ്യൂളുകളും റദ്ദാക്കി. സ്വകാര്യ ബസുകളും സര്‍വ്വീസ് നിര്‍ത്തി വെച്ചു. പൊടുന്നനെയുണ്ടായ ഹര്‍ത്താലിനെ തുടര്‍ന്ന് കേരളത്തിലേക്കുള്ള റോഡ് മാര്‍ഗമുള്ള ചരക്ക് നീക്കം പൂര്‍ണമായും സ്തംഭിച്ചു. ഇതു മൂലം കേരളത്തിലേക്കുള്ള ലോറികളെല്ലാം മഞ്ചേശ്വരം ചെക്ക് പോസ്റ്റില്‍ കുടുങ്ങിക്കിടക്കുകയാണ്. 

കൊലയില്‍ പ്രതിഷേധിച്ച് കാഞ്ങ്ങാട്ട് സിപിഎം പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി. കുന്നുമ്മല്‍ പാര്‍ട്ടി ഓഫിസില്‍നിന്ന് ആരംഭിച്ച പ്രകടനം നഗരം ചുറ്റിയ ശേഷം കോട്ടച്ചേരി ബസ്റ്റാന്റില്‍ സമാപിച്ചു. സിഐടിയു സംസ്ഥാന വൈസ് പ്രസിഡണ്ട് എകെ നാരയാണന്‍, എം പൊക്ലന്‍, പി അപ്പുക്കുട്ടന്‍, എവി സഞ്ജയന്‍, പികെ നിഷാന്ത്, ചെറാക്കാട്ട ്കുഞ്ഞിക്കണ്ണന്‍, കാറ്റാടി കുമാരന്‍, മൂലക്കണ്ടം പ്രഭാകരന്‍ എന്നിവര്‍ പ്രസംഗിച്ചു. 

അതിനിടെ കൊലയില്‍ പ്രതിഷേധിച്ച് മൂന്നാംമൈയിലില്‍ നടത്തിയ പ്രതിഷേധ പ്രകടനത്തെ ബിജെപി പ്രവര്‍ത്തകര്‍ ആക്രമിച്ചു. ആക്രമണത്തില്‍ അമ്പലത്തറ സ്വദേശി വിജിന് (21) പരിക്കേറ്റു. ഇയാള്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. 

കൊല നടന്ന ഉടന്‍ പ്രതിയുടെ വീടിന് നേര്‍ക്ക് മിന്നലാക്രമണം നടത്തിയിരുന്നു. തല്‍സമയം വീട്ടിലാരുമില്ലായിരുന്നു. അക്രമത്തില്‍ ഒരു ബിജെപി പ്രവര്‍ത്തകന് സാരമായ പരിക്കുണ്ട്. ഇയാളെ മംഗലാപുരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കൊല്ലപ്പെട്ട സി നാരായണന്റെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളജിലെ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം വൈകിട്ട് നാലുമണിയോടെ കായക്കുന്നിലെ വീട്ടുപറമ്പില്‍ സംസ്‌കരിക്കും. പരിയാരത്ത് നിന്ന് കൊണ്ടു വരുന്ന മൃതദേഹം നീലേശ്വരത്ത് പൊതു ദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് ചോയ്യങ്കോട്, കാലിച്ചാനടുക്കം വഴിയാണ ്കായക്കുന്നിലെ വീട്ടിലേക്ക് മൃതദേഹം എത്തിക്കുന്നത്. കണ്ണൂരിലേയും ജില്ലയിലേയും പ്രമുഖ സിപിഎം നേതാക്കള്‍ വിലാപയാത്രയിലും ശവസംസ്‌കാര ചടങ്ങിലും പങ്കെടുക്കും. സംസ്‌കാരത്തിന് ശേഷം അനുസ്മരണ യോഗവും നടക്കും.


Keyword: Kasarago-cpm-harthal-samskaram-news

Post a Comment

0 Comments

Top Post Ad

Below Post Ad