ചെറുവത്തൂര്‍ (ww.evisionnews.in): അന്യ സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന വിഷം കലര്‍ന്ന പച്ചക്കറികള്‍ക്ക് ബദലായി ചാനടുക്കത്ത് തുറന്ന സിപിഎമ്മിന്റെ പച്ചക്കറി ചന്തയില്‍ ജനത്തിരക്ക്. അത് കൊണ്ട് തന്നെ ഓണത്തിന് ചീമേനി ചാനടുക്കം നിവാസികള്‍ വിഷമില്ലാത്ത പച്ചക്കറികളായിരിക്കും ഓണസദ്യയ്‌ക്കൊരുക്കുന്നത്.
സിപിഐ എം നടപ്പാക്കുന്ന ജൈവ പച്ചക്കറി പദ്ധതിയുടെ ഭാഗമായി ചീമേനി ഈസ്റ്റ് ലോക്കല്‍ കമ്മിറ്റിയാണ് ചാനടുക്കത്ത് ജൈവ പച്ചക്കറി ചന്ത ആരംഭിച്ചത്. ഓരോ ബ്രാഞ്ചുകളുടെ നേതൃത്വത്തിലും സംഘങ്ങളുടെ നേതൃത്വത്തിലും നാട്ടില്‍ ജൈവികമായി പച്ചക്കറി വിളയിക്കാന്‍ മാസങ്ങള്‍ക്കു മുമ്പുതന്നെ ആരംഭിച്ചിരുന്നു. വിഷരഹിതമാക്കുന്നതിന്റെ ഭാഗമായി ജൈവവളം മാത്രം ഉപയോഗിച്ചായിരുന്നു കൃഷി. കൃഷിയില്‍ നൂറുമേനി വിളഞ്ഞതോടെ നാടിനാവശ്യമായ പച്ചക്കറികള്‍ നാട്ടില്‍തന്നെ വിളയിച്ചെടുക്കാമെന്ന പാഠവും ഇവര്‍ പകര്‍ന്നു നല്‍കുകയാണ്.
സ്വന്തം ആവശ്യങ്ങള്‍ക്ക് പുറമെ ജനങ്ങള്‍ക്കും ഇത് ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ലാഭേച്ഛയില്ലാതെയാണ് വിപണി ആരംഭിച്ചത്. ഓരോ പ്രദേശത്തും വിളയിച്ചെടുത്ത പച്ചക്കറി ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൃഷിസ്ഥലത്തും വീടുകളിലുമെത്തി ശേഖരിച്ചാണ് ചന്തയിലെത്തിക്കുക. വെള്ളരി, കക്കിരി, ചേന, പയര്‍, കോവക്ക, പാവയ്ക്ക, വഴുതിന, വെണ്ടക്ക, തക്കാളി, നാടന്‍ ചീരകള്‍ തുടങ്ങി ഒട്ടുമിക്ക ഇനങ്ങളും ഈ വിപണിയില്‍ സുലഭമായി ലഭിക്കും. ആദ്യദിനത്തില്‍ 25,000 രൂപയുടെ വ്യാപാരം നടന്നു. ജനങ്ങള്‍ കൂട്ടത്തോടെ വിപണിയിലേക്കെത്തുകയാണ്.
Keywords: Kasaragod-news-cpm-party-veg-chanda-chanadukkam

Post a Comment
0 Comments