തൃശൂര്‍: (www.evisionnews.in) ഇന്ത്യയിലെ ആദ്യ മുസ്ലിം പള്ളിയായ കൊടുങ്ങല്ലൂര്‍ ചേരമാന്‍ ജുമാ മസ്ജിദ് സന്ദര്‍ശിക്കാനാണെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലേക്ക് വരേണ്ടെന്ന് ബി. ജെ. പി സംസ്ഥാന നേതൃത്വവും ആര്‍. എസ്. എസും മുന്നറിയിപ്പ് നല്‍കി.
മുസിരിസ് പൈതൃക ടൂറിസം പദ്ധതിയുടെ ഉദ്ഘാടനത്തിനാണ് മോദിയെ സംസ്ഥാന സര്‍ക്കാര്‍ ക്ഷണിച്ചത്. ആഗസ്റ്റിലായിരുന്നു ഉദ്ഘാടനം നിശ്ചയിച്ചത്. മോദി ഈ പരിപാടിക്ക് വരുമ്പോള്‍ കൊടുങ്ങല്ലൂര്‍ പള്ളിയും സന്ദര്‍ശിക്കും എന്ന വാര്‍ത്ത പടര്‍ന്നതോടെയാണ് മുസ്ലിം പള്ളി സന്ദര്‍ശിക്കാനാണെങ്കില്‍ കേരളത്തിലേക്ക് വരേണ്ടെന്ന് സംസ്ഥാനത്തെ സംഘപരിവാര്‍ നിലപാട് വ്യക്തമാക്കിയത്. പൈതൃക സംരക്ഷണ പദ്ധതിയുടെ ഭാഗമായി പള്ളി സംരക്ഷിക്കാന്‍ കോടിക്കണക്കിന് രൂപ നീക്കിവെച്ചപ്പോള്‍ കൊടുങ്ങല്ലൂര്‍ ക്ഷേത്രം സംരക്ഷിക്കാന്‍ നടപടി ഉണ്ടായില്ലെന്നും ആര്‍. എസ്. എസ് കുറ്റപ്പെടുത്തുന്നു.
കേന്ദ്രസര്‍ക്കാരിന്റെകൂടി സഹകരണത്തോടെ നടത്തുന്ന വമ്പന്‍ ടൂറിസം പദ്ധതിയുടെ ഒന്നാംഘട്ട പ്രവൃത്തികള്‍ ഏതാണ്ട് പൂര്‍ത്തിയായി കഴിഞ്ഞു. അതിനിടയില്‍ തദ്ദേശസ്വയംഭരണ സ്ഥാപനതെരഞ്ഞെടുപ്പു വിജ്ഞാപനമിറങ്ങിയാല്‍ പ്രധാനമന്ത്രിയെ വീണ്ടും കാത്തിരിക്കേണ്ടിവരും.
കേരളത്തിലെ ഏറ്റവും വലിയ സാംസ്‌കാരിക, പൈതൃകസംരക്ഷണ പദ്ധതിയുടെ ഉദ്ഘാടനത്തിനു വരാമെന്ന് സമ്മതിച്ചതല്ലാതെ വിശദാംശങ്ങളും ഉദ്ഘാടനത്തീയതിയും പ്രധാനമന്ത്രിയുടെ ഓഫീസ് ഇതുവരെ അറിയിച്ചിട്ടില്ലെന്ന് സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥന്‍ ചൂണ്ടിക്കാട്ടി.
പ്രധാനമന്ത്രി വരണമെന്ന താല്‍പ്പര്യം മുഖ്യമന്ത്രിയാണ് അറിയിച്ചത്. ഓഗസ്റ്റില്‍ ഉദ്ഘാടനത്തിനു വരുമെന്നായിരുന്നു ആദ്യധാരണ. പിന്നീട് അതു നീണ്ടു. പ്രധാനമന്ത്രി വരില്ലെന്ന് അറിയിക്കുന്നപക്ഷം മാത്രമേ ബദല്‍ ക്രമീകരണത്തെക്കുറിച്ച് ആലോചിക്കേണ്ടതുള്ളൂവെന്ന് മുസരിസ് ഭരണസമിതിഅംഗവും കൊടുങ്ങല്ലൂര്‍ എം.എല്‍.എയുമായ ടി.എന്‍. പ്രതാപന്‍ പറഞ്ഞു. പ്രധാനമന്ത്രിയുടെ സൗകര്യത്തിനനുസരിച്ചുള്ള ഉദ്ഘാടനതീയതി അറിയിച്ചാല്‍ ശേഷിച്ച മറ്റു പണികളും പെട്ടെന്നു ചെയ്തുതീര്‍ക്കാനാകുമെന്നും പ്രതാപന്‍ വ്യക്തമാക്കി. ഈ മാസം കൂടി കാത്തിരുന്നശേഷം മറുപടി ലഭിക്കുന്നില്ലെങ്കില്‍ രാഷ്ട്രപതിയെ ഉദ്ഘാടനത്തിനു കൊണ്ടുവരുന്നതു പരിഗണിക്കാമെന്ന നിര്‍ദേശവുമുണ്ട്.
keywords: modi-kodunghllur-temple-muslir-plan


Post a Comment
0 Comments