കാസര്‍കോട്:(www.evisionnnews.in) ഓണത്തോടനുബന്ധിച്ച് എക്‌സൈസ് വകുപ്പ് റെയ്ഡുകള്‍ ശക്തമാക്കി. ഒരു മാസത്തിനുളളില്‍ 1060 ലിറ്റര്‍ വാഷ് പിടികൂടി. ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ എക്‌സൈസ് സംഘം നടത്തിയ റെയ്ഡുകളിലാണ് വാഷ് പിടികൂടിയത് 39 പേര്‍ അറസ്റ്റിലായി. എഡിഎം എച്ച് ദിനേശന്റെ അധ്യക്ഷതയില്‍ കളക്ട്‌റേറ്റില്‍ എഡിഎമ്മിന്റെ ചേമ്പറില്‍ നടന്ന ജനകീയ കമ്മിറ്റി യോഗത്തില്‍ എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ പി. സലീമാണ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് അവതരിപ്പിച്ചത്. ഓണത്തോടനുബന്ധിച്ച് പരിശോധന കര്‍ശനമാക്കാന്‍ ജില്ലാ കളക്ടര്‍ പിഎസ് മുഹമ്മദ് സഗീര്‍ എക്‌സൈസ് വകുപ്പിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എക്‌സൈസ് പരിശോധന ഊര്‍ജ്ജിതമാക്കിയത്. വാഷ് കൂടാതെ 133 ലിറ്റര്‍ വിദേശമദ്യം, 29 ലിറ്റര്‍ ചാരായം, 215 ലിറ്റര്‍ സ്പിരിറ്റ്, 99 പാക്കറ്റ് പുകയിലഉല്പന്നങ്ങള്‍ തുടങ്ങിയവയും പിടിച്ചെടുത്തു. രണ്ട് വാഹനങ്ങളും പിടികൂടി. 47 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. വരും ദിവസങ്ങളില്‍ പരിശോധന കര്‍ശനമാക്കും.
ഇതരസംസ്ഥാന തൊഴിലാളികളില്‍ നിരോധിത ലഹരി ഉല്പന്നങ്ങളുടെ ഉപയോഗം കൂടുതലാണെന്ന് കണ്ടെത്തിയിട്ടുണ്ട് . അതുകൊണ്ട് ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ഇടങ്ങളില്‍ പരിശോധന നടത്തും. ആംബുലന്‍സുകളില്‍പോലും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും ലഹരി ഉത്പ്പന്നങ്ങള്‍ കൊണ്ടുവരുന്നതായി ആരോപണം ഉയര്‍ന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ചെക്ക് പോസ്റ്റുകളില്‍ സംശയകരമായ സാഹചര്യത്തില്‍ കാണുന്ന ആംബുലന്‍സുകള്‍ പരിശോധിക്കും. തീരദേശ മേഖലയിലെ വിദ്യാര്‍ത്ഥികളില്‍ ലഹരി ഉത്പ്ന്നങ്ങളുടെ ഉപയോഗം കൂടുന്നതായി തെളിഞ്ഞിട്ടുണ്ട്. തീരദേശമേഖലയില്‍ ഇത് സംബന്ധിച്ച പരിശോധനകള്‍ ശക്തമാക്കും. യോഗത്തില്‍ എക്‌സൈസ് അസി. കമ്മീഷണര്‍ എ.എന്‍ ഷാ, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ എം. അബ്ദുളള മുഗുര്‍, നാഷണല്‍ അബ്ദുളള, കെ.പി അനന്തകുമാര്‍, പോലീസ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Post a Comment
0 Comments