Type Here to Get Search Results !

Bottom Ad

കേന്ദ്ര സർക്കാർ വിഹിതം വെട്ടിക്കുറച്ചു : അധികബാധ്യത ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമാണ് - മുഖ്യമന്ത്രി

evisionnews

ചെറുവത്തൂര്‍:(www.evisionnews.in) മത്സ്യബന്ധന മേഖലയോടുളള പ്രത്യേക പ്രതിബന്ധത പരിഗണിച്ച് ഈ മേഖലയില്‍ നടപ്പിലാക്കുന്ന പദ്ധതികളുടെ 60 ശതമാനം വിഹിതമെന്ന അധികബാധ്യത ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സന്നദ്ധമാണെന്ന കാര്യം കേന്ദ്രസര്‍ക്കാറിനെ അറിയിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. മടക്കരയില്‍ നടന്ന ചടങ്ങില്‍ ചെറുവത്തൂര്‍ മത്സ്യബന്ധന തുറമുഖോദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മത്സ്യബന്ധനമേഖലയില്‍ പദ്ധതികള്‍ നടപ്പിലാക്കുമ്പോള്‍ 75 ശതമാനം കേന്ദ്രവിഹിതവും 25 ശതമാനം സംസ്ഥാന വിഹിതവുമെന്ന സൂത്രവാക്യമാണ് ഇതുവരെ കേന്ദ്രസര്‍ക്കാര്‍ പിന്‍തുടര്‍ന്നിരുന്നത്. ഇതാണ് കേന്ദ്രസര്‍ക്കാര്‍ വെട്ടിക്കുറച്ച് 40 ശതമാനമാക്കിയത്. ഇതോടെ 60 ശതമാനം വിഹിതമെന്ന അധികബാധ്യത സംസ്ഥാന സര്‍ക്കാറിന്റെ ചുമലിലായി. കേന്ദ്രസര്‍ക്കാര്‍ പല പദ്ധതികളുടെയും വിഹിതം വെട്ടികുറച്ചുകൊണ്ടുവരുന്ന പ്രവണത തുടര്‍ന്നു വരികയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചടങ്ങില്‍ ഫിഷറീസ് തുറമുഖ - എക്‌സൈസ് വകുപ്പ് മന്ത്രി കെ. ബാബു അധ്യക്ഷത വഹിച്ചു. 

ചെറുവത്തൂര്‍ തുറമുഖത്ത് മണ്ണ് അടിഞ്ഞുകിടക്കുന്നതുകൊണ്ട്, ബോട്ടുകള്‍ക്ക് സഞ്ചരിക്കുന്നതിനുളള ബുദ്ധിമുട്ട് ഒഴിവാക്കാന്‍് ഡ്രഡ്ജിംഗ് നടത്തുന്നതിന് 33 കോടി രൂപയുടെ റിവൈസ്ഡ് എസ്റ്റിമേറ്റ് തയ്യാറാക്കി കേന്ദ്ര ഗവണ്‍മെന്റിലേക്ക് സമര്‍പ്പിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. അനുമതി കിട്ടുന്ന മുറയ്ക്ക് തുടര്‍പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമാണെന്ന് അദ്ദേഹം അറിയിച്ചു. ജില്ലയുടെ ദീര്‍ഘകാല ആവശ്യമായിരുന്ന ചെറുവത്തൂര്‍ തുറമുഖം സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് ആര്‍ജ്ജവം കാണിച്ച മന്ത്രി കെ. ബാബുവിനെ മുഖ്യമന്ത്രി അഭിനന്ദിച്ചു. എംഎല്‍എമാരായ എന്‍.എ നെല്ലിക്കുന്ന്, ഇ. ചന്ദ്രശേഖരന്‍ എന്നിവര്‍ ചടങ്ങില്‍ മുഖ്യാതിഥികളായിരുന്നു. തുറമുഖം യാഥാര്‍തഥ്യമാക്കുന്നതിന് സ്ഥലം വിട്ടു നല്‍കിയവരെ മന്ത്രി ബാബു ആദരിച്ചു. 

ജില്ലയിലെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ പ്രഥമ മത്സ്യബന്ധനതുറമുഖമാണ് ചെറുവത്തൂര്‍ തുറമുഖം. ഹാര്‍ബര്‍ നിര്‍മ്മാണത്തിന് 5.70 ഏക്കര്‍ പുറംപോക്ക് ഭൂമിയും 0.54 ഏക്കര്‍ പട്ടയഭൂമിയുമാണ് ഉപയോഗിച്ചത്. തുറമുഖ നിര്‍മ്മാണം പൂര്‍ത്തിയാക്കിയതോടെ 365 മത്സ്യബന്ധനയാനങ്ങള്‍ അടുപ്പിക്കുന്നതിനുളള സൗകര്യം സജ്ജമായി. അഞ്ച് വര്‍ഷം കൊണ്ട് പൂര്‍ത്തീകരിച്ച ഇതിന് ചിലവഴിച്ചത് 28.36 കോടി രൂപയാണ്. തുറമുഖം പ്രവര്‍ത്തനക്ഷമമാകുന്നതോടെ വലിയപറമ്പ, തൃക്കരിപ്പൂര്‍, പടന്ന, ചെറുവത്തൂര്‍ എന്നീ പഞ്ചായത്തുകളിലെയും നീലേശ്വരം, കാഞ്ഞങ്ങാട് എന്നീനഗരസഭകളിലെയും മത്സ്യത്തൊ ഴികാളികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ഈ പദ്ധതി മൂലം നാലായിരത്തോളം പേര്‍ക്ക് പ്രത്യക്ഷമായും പതിനായിരത്തോളം പേര്‍ക്ക് പരോക്ഷമായും തൊഴില്‍ ലഭിക്കും. 

ജില്ലാ കളക്ടര്‍ പിഎസ് മുഹമ്മദ് സഗീര്‍, പഞ്ചായത്ത് പ്രസിഡണ്ടുമാരായ സി. കാര്‍ത്ത്യായനി, എം ബാലകൃഷ്ണന്‍, എജിസി ബഷീര്‍, പി. ശ്യാമള, എ.വി രമണി, സി. കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് അംഗം എം സരോജിനി, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ പത്മനാഭന്‍, വിവിധ രാഷ്ട്രീയപാര്‍ട്ടി നേതാക്കള്‍ തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിച്ചു. ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് ചീഫ് എഞ്ചിനീയര്‍ പി.കെ അനില്‍കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെ. കുഞ്ഞിരാമന്‍ എംഎല്‍എ(തൃക്കരിപ്പൂര്‍) സ്വാഗതവും കാസര്‍കോട് ഹാര്‍ബര്‍ എഞ്ചിനീയറിംഗ് ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കുഞ്ഞിമമ്മുപറവത്ത് നന്ദിയും പറഞ്ഞു.

keywords :cheruvathur-harbour-kasaragod-oomenchandi

Post a Comment

0 Comments

Top Post Ad

Below Post Ad