Type Here to Get Search Results !

Bottom Ad

ചാത്തങ്കൈക്ക് ശാപമോക്ഷം: റെയില്‍ മേല്‍പ്പാലം പ്രഭാകരന്‍ കമ്മീഷനില്‍ ഉള്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി


മേല്‍പ്പറമ്പ്: (wwwevisionnews.in) കളനാട്-കോട്ടിക്കുളം റെയില്‍ സ്‌റ്റേഷനുകള്‍ക്കിടയില്‍ ചെമ്മനാട് ഗ്രാമപഞ്ചായത്തില്‍ പെട്ട ചാത്തങ്കൈയില്‍ റെയില്‍വെ മേല്‍പ്പാലത്തിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പച്ചക്കൊടി.

കെ. കുഞ്ഞിരാമന്‍ എം. എല്‍. എ നല്‍കിയ നിവേദനത്തെ തുടര്‍ന്ന് പ്രഭാകരന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തി മേല്‍പ്പാലപദ്ധതി ഏറ്റടുക്കണമെന്ന് കാസര്‍കോട് ജില്ലാ കളക്ടറോട് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. 

എം. എല്‍. എ നല്‍കിയ നിവേദനത്തില്‍തന്നെ മുഖ്യമന്ത്രി സ്വന്തം കൈപ്പടയില്‍ ഇങ്ങനെ എഴുതി. ഇത് വളരെ പ്രാധാന്യം അര്‍ഹിക്കുന്ന ആര്‍. ഒ. ബി. (റെയില്‍ ഓവര്‍ ബ്രിഡ്ജ്) യാണ്. ദിവസവും അഞ്ഞൂറിലധികം വിദ്യാര്‍ത്ഥികള്‍ പാളം കടന്ന് സ്‌കൂളില്‍ പോകുന്നുണ്ട്. ജൂലൈ രണ്ടാം തിയ്യതി രണ്ടുപേരും ജൂണ്‍ 18ന് ഒരു വിദ്യാര്‍ത്ഥിയും പാളം മുറിച്ചുകടക്കവെ തീവണ്ടിതട്ടിമരിച്ചു. വളരെയധികം പേര്‍ ഇതേസാഹചര്യത്തില്‍ മരിച്ചിട്ടുണ്ട്. പ്രഭാകരന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ തുടര്‍ നടപടികളില്‍ ഉള്‍പ്പെടുത്തി ആര്‍. ഒ. ബി ഏറ്റെടുക്കുക. മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ചാത്തങ്കൈ സ്വദേശികളുടെ വര്‍ഷങ്ങള്‍ നീണ്ടുനിന്ന പോരാട്ടത്തിന്റെ ഫലമാണ് ഇവിടെ യാഥാര്‍ത്ഥ്യമാകുന്നത്. കട്ടക്കാലില്‍ നിന്ന് ചാത്തങ്കൈ വരെ നീളുന്ന റോഡിന്റെ സമീപത്ത് പരേതനായ കുന്നരിയത്ത് മൊയ്തീന്‍ കുട്ടി ഹാജിയുടെ വീട്ടുപറമ്പിനോട് ചേര്‍ന്നാണ് മേല്‍പ്പാലം സ്ഥാപിക്കുന്നത്. ഇത് യാഥാര്‍ത്ഥ്യമാക്കാന്‍ ആദ്യം സ്ഥലം വിട്ടുകൊടുത്തതും കുന്നരിയത്ത് ഹാജിയായിരുന്നു. മുസ്ലിം ലീഗിന്റ സ്ഥലത്തെ ആദ്യകാല നേതാവായിരുന്നു അദ്ദേഹം. ഹാജിയും മകനും മുംബൈയിലെ വ്യവസായിയും സ്ഥലത്തെ ആക്ടിവിസ്റ്റുമായ മുഹമ്മദ് അഷ്‌റഫ് കുന്നരിയത്തും നാട്ടുകാരും കക്ഷിഭേദമന്യേ മേല്‍പ്പാലത്തിനുവേണ്ടി രംഗത്തുവന്നു. 

ലോക്‌സഭാംഗം പി. കരുണാകരനും മുന്‍ എം. എല്‍. എ കെ. വി കുഞ്ഞിരാമനും ഇപ്പോള്‍ കണ്ണൂര്‍-കാലിക്കറ്റ് സര്‍വ്വകലാശാല വൈസ് ചാന്‍സലറുമായ ഖാദര്‍ മാങ്ങാടും ചാത്തങ്കൈയുടെ ആവശ്യം സഫലമാക്കാന്‍ ഏറെ യത്‌നിച്ചു. എം. പിയും എം. എല്‍. എയും വികസന നിധിയില്‍ നിന്ന് തുക അനുവദിച്ചു. രാഷ്ട്രീയ കാരണങ്ങളെ തുടര്‍ന്ന് ചെമ്മനാട് ഗ്രാമപഞ്ചായത്ത് റെയില്‍വെയില്‍ പണം കെട്ടിവെക്കാന്‍ ആദ്യം വൈമനസ്യം കാട്ടിയെങ്കിലും ബഹുജന രോഷം ഭയന്ന് തുകകെട്ടിവെക്കാന്‍ നിര്‍ബന്ധിതരായി. 

മേല്‍പ്പാലം യാഥാര്‍ത്ഥ്യമായാല്‍ മാണി, ചെമ്പരിക്ക, കല്ലന്‍വളപ്പ് തുടങ്ങിയ പ്രദേശങ്ങളിലെ വികസനം ത്വരിതഗതിയിലാകും. ബേക്കല്‍ ടൂറിസം പദ്ധതി പ്രദേശത്താണ് നിര്‍ദ്ദിഷ്ട മേല്‍പ്പാലം. ഇതുവഴി പുതിയ ബസ് റൂട്ടും നിലവില്‍ വരും.

keywords: chathangai-melparambu-over-bridge-build-rail-track

Post a Comment

0 Comments

Top Post Ad

Below Post Ad