Type Here to Get Search Results !

Bottom Ad

വായനാവാരം വിപുലമായി ആഘോഷിക്കും

കാസര്‍കോട് (www.evisionnews.in): അനൗപചാരിക വിദ്യാഭ്യാസ പ്രസ്ഥാനത്തിന്റെ ആചാര്യന്‍ പി. എന്‍ പണിക്കരുടെ ചരമവാര്‍ഷി ക ദിനമായ ജൂണ്‍ 19 മുതല്‍ 25 വരെ സംസ്ഥാന സര്‍ക്കാര്‍ വായനാ ദിനവും വായനാവാരവും വിപുലമായി ആഘോഷിക്കുന്നതിന് ജില്ലാ കലക്ടര്‍ പി.എസ്. മുഹമ്മദ് സഗീറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. 19ന് രാവിലെ 10മണിക്ക് കാസര്‍കോട് ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ ജില്ലാതല ഉദ്ഘാടനം നടത്തും. 

ഗുരുവന്ദനം, മികച്ച സ്‌കൂള്‍ ലൈബ്രറികള്‍ക്ക് പുരസ്‌കാരം, മികച്ച വിദ്യാര്‍ത്ഥി വായനക്കാര്‍ക്ക് ഉപഹാരം, ജില്ലാതല വായനാ മത്സരം, ഉപന്യാസ മത്സരം, പ്രശ്‌നോത്തരി തുടങ്ങിയവ സംഘടിപ്പിക്കും. കന്നട മഹാകവിയും സ്വാതന്ത്ര സമര സേനാനിയുമായ കയ്യാര്‍ കിഞ്ഞണ്ണറെയെ 22 ന് രാവിലെ 11ന് ആദരിക്കും. ജില്ലാ ഭരണകൂടം, കുടുംബശ്രീ, ജില്ലാ സാക്ഷരതാമിഷന്‍, കലക്‌ട്രേറ്റിലെ അക്ഷര ലൈബ്രറി, യുവജന ക്ഷേമബോര്‍ഡ്, പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍, ജില്ലയിലെ വിദ്യാലയങ്ങള്‍, വായനാശാലകള്‍ എന്നിവയുടെ സഹകരണത്തോടെയാണ് വായനാവാരം ആഘോഷിക്കുന്നത്. 

ഇതിന്റെ ഭാഗമായി ജില്ലയിലെ സ്‌കൂള്‍ ലൈബ്രറികളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന് ജില്ലാ കലക്ടര്‍ പി.എസ് മുഹമ്മദ് സഗീറിന്റെ നേതൃത്വത്തില്‍ വിദ്യാലയങ്ങള്‍ സന്ദര്‍ശിക്കും. ഡി.ഡി.ഇ, ഡി.ഇ.ഒ മാര്‍, എ.ഇ.ഒ മാര്‍ തുടങ്ങിയവര്‍ സ്‌കൂള്‍ ലൈബ്രറികളുടെ പ്രവര്‍ത്തനം വിലയിരുത്തും. ദിനപ്പത്രം ലഭിക്കാത്ത വിദ്യാലയങ്ങള്‍ക്ക് മലയാളം, ഇംഗ്ലീഷ് ദിനപ്പത്രങ്ങള്‍ ലഭ്യമാക്കുന്നതിന് ജില്ലാ ഭരണകൂടം നടപടി സ്വീകരിക്കുമെന്ന് ജില്ലാകളക്ടര്‍ അറിയിച്ചു. മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂള്‍ ലൈബ്രറികള്‍ക്കുള്ള പുരസ്‌കാരത്തിനായി ബന്ധപ്പെട്ട പ്രധാന അധ്യാപകര്‍ ഈ മാസം 12 നകം ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം. 

സമാപന സമ്മേളനം ഹോസ്ദുര്‍ഗ് ഗവ: ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഈ മാസം 25 ന് രാവിലെ 10 മണിക്ക് നടക്കും. വിവിധ മത്സരങ്ങളിലെ വിജയങ്ങള്‍ക്ക് പരിപാടിയില്‍ ഉപഹാരങ്ങള്‍ നല്‍കും. സംഘാടക സമിതിയോഗത്തില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.ടി ശേഖര്‍ പരിപാടികള്‍ വിശദീകരിച്ചു. ഡി.ഡി.ഇ സി.രാഘവന്‍, പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടര്‍ എം. ഗോവിന്ദന്‍, കുടുംബശ്രീ ജില്ലാ കോര്‍ഡിനേറ്റര്‍ അബ്ദുല്‍ മജീദ് ചെമ്പരിക്ക, സാക്ഷരതാ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി.എന്‍ ബാബു, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ വിനോദന്‍ പ്രിത്വിയില്‍, സാക്ഷരതാ പ്രവര്‍ത്തകരായ കെ.വി രാഘവന്‍ മാസറ്റര്‍, സി.കെ ഭാസ്‌കരന്‍, പ്രൊ. എ ശ്രീനാഥ, പി.കെ കുമാരന്‍ നായര്‍, കാവുങ്കല്‍ നാരായണന്‍, ഹോസ്ദുര്‍ഗ്ഗ് ജി.എച്ച്.എസ്.എസ് ഹെഡ്മാസ്റ്റ്ര്‍ പി.വി ജയരാജ്, അക്ഷര ലൈബ്രറി സെക്രട്ടറി സതീഷന്‍ പൊയ്യക്കോട്, റെസിഡന്റ്‌സ് അസോസിയേഷന്‍ സെക്രട്ടറി എം. കെ രാധാകൃഷ്ണന്‍ പങ്കെടുത്തു.


Keywords: Kasaragod-news-vayanavaram-news-celebration

Post a Comment

0 Comments

Top Post Ad

Below Post Ad