ന്യൂഡൽഹി: (www.evisionnews.in) അയോധ്യയയിൽ രാമക്ഷേത്രമല്ല രാമനും രാമായണവുമായി ബന്ധപ്പെട്ട ഹൈടെക് മ്യൂസിയമാണ് പണിയുകയെന്ന് കേന്ദ്ര ടൂറിസം വകുപ്പ് മന്ത്രി മഹേഷ് ശർമ. വിവാദഭൂമിയായ അയോധ്യയിൽ രാമന്റെ പേരിൽ മ്യൂസിയം പണിയാനാണ് നരേന്ദ്ര മോദി സർക്കാരിന്റെ പദ്ധതി. എന്നാൽ, തർക്ക പ്രദേശത്തിന് പുറത്തായിരിക്കും മ്യൂസിയം നിർമിക്കുകയെന്നും അദ്ദേഹം ഒരു പ്രമുഖ ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
രാമന്റെ പേരിൽ വിശാലവും സമഗ്രവുമായ മ്യൂസിയം പണിയാനാണ് പദ്ധതി. രാമനും രാമായണവുമായി ബന്ധപ്പെട്ടുള്ളതായിരിക്കും മ്യൂസിയം. തർക്കപ്രദേശത്തുനിന്ന് മാറിയായിരിക്കും മ്യൂസിയം നിർമിക്കുക. ഫണ്ടിന്റെ ലഭ്യതയനുസരിച്ച് അതീവ പ്രാധാന്യം നൽകി ഈ വർഷം തന്നെ മ്യൂസിയം പണിയാരംഭിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. ഡൽഹിയിലെ സ്വാമിനാരായണൻ അക്ഷർധൻ ക്ഷേത്രത്തിന്റെ മാതൃകയിലാണ് മ്യൂസിയം നിർമിക്കുക. സൗണ്ട് ആൻഡ് ലൈറ്റ് ഷോ, ബോട്ട് സവാരി, സ്വാമിനാരായണനെ കുറിച്ചുള്ള സിനിമാ പ്രദർശനം തുടങ്ങിയവ ഡൽഹിയിലെ ക്ഷേത്രത്തിന്റെ പ്രത്യേകതയാണ്.
രാമനെയും അയോധ്യയെയും ബന്ധപ്പെടുത്തി ഒരു സാംസ്കാരിക നഗരം രൂപപ്പെടുത്താനാണ് ശ്രമം. 2017ലെ ഉത്തർ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് മ്യൂസിയം പൂർത്തിയാക്കും. ടൂറിസത്തിന്റെ വളർച്ചയാണ് മ്യൂസിയത്തിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്നും അല്ലാതെ രാമക്ഷേത്രം പണിയല്ലെന്നും മന്ത്രി വ്യക്തമാക്കി. ഇതിനായുള്ള പ്രവർത്തനങ്ങൾ കേന്ദ്ര സർക്കാർ ആരംഭിച്ചതായും അദേഹം അറിയിച്ചു.

Post a Comment
0 Comments