Type Here to Get Search Results !

Bottom Ad

സിനിമ കാണുന്നതിനുള്ള പ്രായം; ബോധവൽക്കരണവുമായി ദുബായ്



ദുബായ്:( www.evisionnews.in)സിനിമകൾ കാണുന്നതിനുള്ള പ്രായനിബന്ധനകൾ നിർബന്ധമായും പാലിക്കണമെന്നു സാമ്പത്തിക വകുപ്പിന്റെ കൊമേഴ്‌സ്യൽ കപ്ലെയ്‌ൻസ് ആൻഡ് കൺസ്യൂമർ പ്രൊട്ടക്‌ഷൻ വിഭാഗത്തിന്റെ (സിസിസിപി) നിർദേശം. നിയമം ലംഘിക്കുന്നവർക്കെതിരെ ശക്‌തമായ നടപടി സ്വീകരിക്കുമെന്നും അധികൃതർ പറഞ്ഞു. ഇതുസംബന്ധിച്ചു സിനിമാശാലകൾക്കു പ്രത്യേക ബോധവൽക്കരണ പരിപാടികളും സിസിസിപി സംഘടിപ്പിച്ചു. കുട്ടികളോടൊപ്പം സിനിമാശാലയിൽ എത്തുന്ന മാതാപിതാക്കൾ കുട്ടികളുടെ പ്രായപരിധിയുടെ പേരിൽ സിനിമാശാല ജീവനക്കാരുമായി കലഹമുണ്ടാക്കുക പതിവാണ്. 
തിയറ്ററിൽ എത്തിയതിനുശേഷം മാത്രമാണ് പലരും പ്രായപരിധിയുടെ കാര്യം ശ്രദ്ധിക്കുന്നത്. അതോടെ, പ്രശ്‌നം തുടങ്ങുകയായി. ഇങ്ങനെയുള്ള സന്ദർഭങ്ങൾ ഒഴിവാക്കാനാണ് തിയറ്ററുകളിൽ ബോധവൽക്കരണം നടത്തിയത്. സിനിമാശാല ജീവനക്കാർക്കും ഇതുസംബന്ധിച്ച അറിവുകൾ പകർന്നു. സിനിമാസിറ്റി, വോക്‌സ് സിനിമാസ്, റീൽ സിനിമാസ്, നോവോ സിനിമ, ലാംസി സിനിമ എന്നിവയുടെ സഹകരണത്തോടെയാണു സിനിമ അഡ്‌മിഷൻ ഗൈഡൻസ് എന്ന പേരിൽ ബോധവൽക്കരണം നടത്തിയത്. ബിസിനസ് സാഹചര്യങ്ങൾ മെച്ചമാക്കി ദുബായിയെ മികവിന്റെ പാതയിൽ എത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്. ഉപഭോക്‌താവിന്റെ പ്രായത്തിന്റെ അടിസ്‌ഥാനത്തിൽ സിനിമ കാണുന്നതിനുള്ള നിയന്ത്രണവുമായി ബന്ധപ്പെട്ട വിവരങ്ങൾ പോസ്‌റ്ററുകൾ, റോൾ–അപ് തുടങ്ങിയവയിൽ നൽകി സിനിമാശാലകളുടെ ലോബികളിൽ സ്‌ഥാപിച്ചാണ് ബോധവൽക്കരണം തുടങ്ങിയത്. ദുബായിലെ 214 തിയറ്ററുകളിലും ഇതുസംബന്ധിച്ച വിശദീകരണങ്ങൾ സിനിമ തുടങ്ങുന്നതിനു മുൻപ് പ്രദർശിപ്പിച്ചു.

അവകാശങ്ങൾ സംരക്ഷിക്കാൻ പ്രായ നിബന്ധനകൾ പാലിക്കണമെന്നാണ് സന്ദേശം. വിനോദരംഗം യുഎഇയിലെ പ്രത്യേകിച്ചു ദുബായിയുടെ സാമ്പത്തിക രംഗത്തിന് ഏറെ പ്രാധാന്യമുള്ളതാണെന്നു സിസിസിപി സ്‌പെഷലിസ്‌റ്റ് ആദേൽ അൽ ഹെലൂ പറഞ്ഞു. യുഎഇയിലെ 60% സിനിമാശാലകളും ദുബായിലാണ്. ഉപഭോക്‌താക്കളും സിനിമാശാലകളും തമ്മിൽ അടുത്ത ബന്ധമുള്ളത് ദുബായിയുടെ വളർച്ചയ്‌ക്കും സാമ്പത്തിക വികസനത്തിനും ഉപകരിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. പ്രായനിയന്ത്രണത്തിന്റെ പേരിൽ കുട്ടികളെ സിനിമാശാലയിൽ പ്രവേശിപ്പിക്കാനാവില്ലെന്നു പറയുമ്പോൾ ചില മാതാപിതാക്കൾ കുപിതരാകാറുണ്ട്. എന്നാൽ നിയമങ്ങൾ നിർബന്ധമായും പാലിക്കേണ്ടതാണ്. നിയമങ്ങൾ പാലിക്കാത്തവർക്കെതിരെ ശക്‌തമായ നടപടിയെടുക്കും. ഓരോ ഉപഭോക്‌താവിന്റെയും അവകാശങ്ങളും ഉത്തരവാദിത്തങളും സിസിസിപി കൃത്യമായി നിർവചിച്ചിട്ടുണ്ട്. 
സുതാര്യവും നിഷ്പക്ഷവുമായ ഒരു സാഹചര്യമാണ് ഉപഭോക്‌താവിന്റെ കാര്യത്തിൽ സ്വീകരിക്കുന്നത്. കുടുംബങ്ങളുടെയും കുട്ടികളുടെയും ഗുണത്തിനായി നിബന്ധനകൾ നിർബന്ധമായും പാലിക്കേണ്ടതുണ്ട്. സിനിമാശാലകളിലെ ജീവനക്കാർക്കു പ്രായനിബന്ധനകളെക്കുറിച്ച് കൃത്യമായ അവബോധം ഉണ്ടാകാനും ഉപഭോക്‌താക്കൾക്കു കാര്യങ്ങൾ വ്യക്‌തമാകാനും ബോധവൽക്കരണം സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അനാവശ്യമായ സ്വാധീനങ്ങളിൽനിന്നു കുട്ടികളെ സംരക്ഷിക്കാനാണു സാമ്പത്തിക വിഭാഗം നടപടി സ്വീകരിച്ചിരിക്കുന്നതെന്നും ഉപഭോക്‌താക്കളിൽ ഇതേക്കുറിച്ച് അവബോധം സൃഷ്‌ടിക്കുന്നതു നല്ലതാണെന്നും സിനിമസിറ്റി എൽഎൽസി അഭിപ്രായപ്പെട്ടു. ഏതു സിനിമ കാണണമെന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ സഹായിക്കുന്നതാണ് നീക്കമെന്നു റീൽ സിനിമ അറിയിച്ചു. ജീവനക്കാർക്ക് ഇതുവഴി പ്രയോജനം ലഭിച്ചെന്നു വോക്‌സ് സിനിമാസും പറഞ്ഞു.

Keywords : Dubai-Cinema-kids-age limit
Tags

Post a Comment

0 Comments

Top Post Ad

Below Post Ad