Type Here to Get Search Results !

Bottom Ad

സ്വകാര്യ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് 30വരെ മുന്‍വര്‍ഷത്തെ യാത്രാപാസ് ഉപയോഗിക്കാന്‍ അനുമതി

evisionnews


കാസര്‍കോട് (www.evisionnews.in): സ്വകാര്യ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഈ മാസം 30 വരെ മുന്‍വര്‍ഷത്തെ യാത്രാ ഇളവ് പാസ് ഉപയോഗിച്ച് യാത്ര ചെയ്യുന്നതിന് അനുമതി നല്‍കി. ജില്ലാ കലക്ടര്‍ പി.എസ് മുഹമ്മദ് സഗീറിന്റെ അധ്യക്ഷതയില്‍ കലക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന ജില്ലാ സ്റ്റുഡന്റ്‌സ് ട്രാവല്‍ ഫെസിലിറ്റി കമ്മിറ്റി യോഗത്തിലാണ് തീരുമാനം. 

പുതിയ കാര്‍ഡ് ഈ മാസം 30നകം ആര്‍.ടി.ഒ നല്‍കും. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മേധാവികള്‍ റീജ്യണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസുമായി ബന്ധപ്പെട്ട് കാര്‍ഡ് ഒന്നിന് അഞ്ചുരൂപ നിരക്കില്‍ വാങ്ങേണ്ടതാണ്. കാര്‍ഡ് വിതരണം വേഗത്തിലാക്കുന്നതിന് കഴിഞ്ഞ വര്‍ഷത്തേതുപോലെ രണ്ടു കുടുംബശ്രീ അംഗങ്ങളെ നിയോഗിക്കും. 

ബസ്സ്റ്റാന്റുകളില്‍ വിദ്യാര്‍ത്ഥികളെ ക്യൂ നിര്‍ത്തി ബസില്‍ കയറ്റരുതെന്ന് ജില്ലാ കലക്ടര്‍ ബസുടമകള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കി. സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ ഒരു വിദ്യാര്‍ത്ഥിക്ക് ഒന്നില്‍ കൂടുതല്‍ പാസ് വിതരണം ചെയ്തതായി കണ്ടെത്തിയാല്‍ അത്തരം സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ സി. രാഘവന്‍ യോഗത്തില്‍ അറിയിച്ചു. യാത്രാപാസുകള്‍ 30നകം ലഭ്യമാക്കാന്‍ യോഗം റീജ്യണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസറെ ചുമതലപ്പെടുത്തി. 

യോഗത്തില്‍ ജോയിന്റ് ആര്‍ടിഒ കെ.കെ രാജന്‍, ഡിവൈഎസ്പി വി. മധുസൂദനന്‍, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ്.പി ബിജുമോന്‍, വിദ്യാര്‍ത്ഥി സംഘടനാപ്രതിനിധികളായ രജീഷ് വെളളാട്ട, ബി. വൈശാഖ്, രമ്യാരാജന്‍, വൈശാഖ് കേളോത്ത്, പ്രണവ്, ബസുടമസ്ഥ സംഘടനാ പ്രതിനിധികളായ വി.എം ശ്രീപതി, സത്യന്‍ പൂച്ചക്കാട്, കെ. ഗീരീഷ്, സി.എ മുഹമ്മദ് കുഞ്ഞി എന്നിവര്‍ സംബന്ധിച്ചു.


Keywords: Kasaragod-news-private-institution-students-yathra-pass-card-order-of-collector-

Post a Comment

0 Comments

Top Post Ad

Below Post Ad