പെരുമ്പാവൂര്‍ (www.evisionnews.in): മന്ത്രവാദത്തിലൂടെ ഗര്‍ഭം ധരിപ്പിക്കാമെന്ന് പറഞ്ഞ് ദമ്പതികളെ പറ്റിച്ച് 15 ലക്ഷം തട്ടിയ കേസില്‍ അമ്മയും മകനും അറസ്റ്റിലായി. ആലുവ സ്വദേശികളായ ദമ്പതികളുടെ പരാതി പ്രകാരം പള്ളിപ്പ്രം കമ്പനിപ്പടി പുതിയ വീട്ടില്‍ സലീമിന്റെ മകന്‍ നിസാര്‍ (26), മാതാവ് ഇബ്രാഹിമ(46) എന്നിവരെയാണ് പെരുമ്പാവൂര്‍ പോലീസ് പിടികൂടിയത്.
വര്‍ഷങ്ങള്‍ നീണ്ട വന്ധ്യതാ ചികിത്സയ്ക്കു ശേഷവും ഫലമൊന്നുമില്ലാതെ നിരാശരായ യുവതിയെയും ഭര്‍ത്താവിനെയും മന്ത്രിച്ച വെള്ളവും പൊടിയും കഴിപ്പിച്ച് കബളിപ്പിച്ചാണ് പണം തട്ടിയത്. ഇടപ്പള്ളിയിലെ പ്രമുഖ സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരിയായ യുവതിയെ ഇബ്രാഹിമയാണ് ജോലി സ്ഥലത്ത് വെച്ച് ആദ്യം പരിചയപ്പെട്ടത്. മക്കളില്ലാതെ വിഷമിക്കുകയായിരുന്ന ഇവരുടെ പശ്ചാത്തലം മനസിലാക്കിയ ഇവര്‍ തന്റെ മകന്‍ മന്ത്രവാദത്തിലൂടെ പലരെയും ഗര്‍ഭിണികളാക്കിയിട്ടുണ്ടെന്ന് പറഞ്ഞ് നിരന്തരം സമീപിച്ചെങ്കിലും യുവതി വഴങ്ങിയില്ല. ഒടുവില്‍ ബന്ധുക്കളെ കണ്ട് വാഗ്ദാനങ്ങള്‍ നല്‍കി വശപ്പെടുത്തുകയായിരുന്നു.
വെള്ളവും പാലില്‍ കലക്കിയ പൊടിയും കഴിച്ചപ്പോള്‍ ഛര്‍ദിയുണ്ടായി. ഉദരം വീര്‍ത്തുവരുകയും ചെയ്തു. വിശ്വാസം തോന്നിയതിനെ തുടര്‍ന്ന് മൂന്നുമാസമായി കഴിച്ചുവരികയായിരുന്നു. സ്‌കാന്‍ ചെയ്യുന്നതും ഡോക്ടര്‍മാരെ സമീപിക്കുന്നതും വിലക്കിരുന്നു. ശരീരത്ത് പുരട്ടാന്‍ എണ്ണയും നല്‍കി. മൂന്നു മാസമായി ഛര്‍ദിയും വയര്‍വീക്കവും സഹിച്ച ശേഷം സംശയം തോന്നി സ്‌കാന്‍ ചെയ്തപ്പോഴാണ് കള്ളി പൊളിഞ്ഞത്. പരാതി ലഭിച്ച ഉടനെ പോലീസ് അമ്മയെയും മകനെയും കസ്റ്റഡിയിലെടുത്തു. വെള്ളവും പാലും പൊടിയും എണ്ണയും രാസപരിശോധനയ്ക്ക് അയക്കുമെന്ന് പ്രിന്‍സിപ്പല്‍ എസ്.ഐ. ഹണി കെ. ദാസ് പറഞ്ഞു.
ദമ്പതികളില്‍ നിന്ന് പലപ്പോഴായി പറ്റിച്ചെടുത്ത 15 ലക്ഷം കൊണ്ട് വാങ്ങിയ പള്ളിപ്രത്തെ വീട്ടില്‍ നിന്നാണ് ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തത്. ബികോം ബിരുദധാരിയാണത്രെ പിടിയിലായ നിസാര്‍. ഇബ്രാഹിമയാണ് ഇരകളെ കണ്ടെത്തുന്നത്. ഭര്‍ത്താവ് സലീമിന് കൂലിപ്പണിയാണ്. വേറെ തട്ടിപ്പുകളും ഇവര്‍ നടത്തിയിട്ടുണ്ടോയെന്ന് പോലീസ് അന്വേഷിച്ച് വരുകയാണ്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
Keywords: Kerala-news-ibrahima-news-pregnant-news-manthravaadam-news-arrest-mother-son

Post a Comment
0 Comments