Type Here to Get Search Results !

Bottom Ad

20ദിവസത്തിനിടെ പത്തിലേറെ അപകടങ്ങള്‍: കാര്യങ്കോട് മുതല്‍ ചെക്‌പോസ്റ്റുവരെ വാഹനങ്ങളുടെ വേഗം കുറയ്ക്കാന്‍ നടപടി

ചെറുവത്തൂര്‍ (www.evisionnews.in): അപകടം പതിവാകുന്ന മയ്യിച്ചയില്‍ റവന്യു, പൊതുമരാമത്ത് വകുപ്പ് (എന്‍.എച്ച്.) അധികൃതര്‍ സന്ദര്‍ശിച്ചു. വെള്ളിയാഴ്ചയുണ്ടായ അപകടത്തെത്തുടര്‍ന്ന് ദേശീയപാത നാട്ടുകാര്‍ ഉപരോധിച്ച സാഹചര്യത്തിലാണ് എ.ഡി.എം. എച്ച്.ദിനേശന്‍, തഹസില്‍ദാര്‍ വൈ.എം.സി.സുകുമാരന്‍, ദേശീയപാത വിഭാഗം എന്‍ജിനീയര്‍മാര്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചത്.

ദേശീയപാതയില്‍ മയ്യിച്ചയില്‍ കഴിഞ്ഞ ഇരുപത് ദിവസത്തിനിടെ പത്തിലേറെ അപകടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. വാഹനങ്ങളുടെ അമിതവേഗതയും ശ്രദ്ധക്കുറവുമാണ് അപകടത്തിന് കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്. അപകടങ്ങളില്‍പ്പെടുന്നത് കൂടുതലും ചെറുവാഹനങ്ങളാണ്. നിയന്ത്രണംവിട്ട കാര്‍ വൈദ്യുതി പോസ്റ്റിലിടിച്ച് കുഴിയിലേക്ക് മറിഞ്ഞാണ് വെള്ളിയാഴ്ച അപകടമുണ്ടായത്. യാത്രക്കാര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടെങ്കിലും അപകടത്തില്‍പ്പെട്ടവരെ രക്ഷിക്കാന്‍ചെന്ന യുവാവിനെ വൈദ്യുതി കമ്പിയില്‍ തട്ടി ഷോക്കേറ്റ് ഗുരുതരാവസ്ഥയില്‍ പരിയാരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

കാര്യങ്കോട് മുതല്‍ ചെറുവത്തൂര്‍ ആര്‍.ടി.ഒ. ചെക്‌പോസ്റ്റ് വരെ വാഹനങ്ങളുടെ വേഗം കുറയ്ക്കാന്‍ ഉടന്‍ നടപടിയുണ്ടാകുമെന്ന് എ.ഡി.എം. നാട്ടുകാര്‍ക്ക് ഉറപ്പ് നല്‍കി. മയ്യിച്ച അപകടമേഖലയെന്ന നിലയില്‍ സൂചനാബോര്‍ഡുകള്‍ അടുത്തദിവസം സ്ഥാപിച്ചുതുടങ്ങുമെന്നും പറഞ്ഞു. വെള്ളിയാഴ്ച നിയന്ത്രണംവിട്ട കാര്‍ ഇടിച്ചുതകര്‍ത്ത വൈദ്യുതത്തൂണിലെ കമ്പിയില്‍ തട്ടി ചികിത്സയില്‍ കഴിയുന്ന രജിന്റെ ചികിത്സയ്ക്കായി സാന്ത്വന ഫണ്ടില്‍നിന്ന് തിങ്കളാഴ്ച സഹായം കൈമാറും. രജിന്റെ വീട് സന്ദര്‍ശിച്ച് മാതാപിതാക്കളെ ആശ്വസിപ്പിച്ച എ.ഡി.എം. അറിയിച്ചു.

അതിനിടെ ഗുരുതരാവസ്ഥയില്‍ പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച രജിനെ മംഗലാപുരം എ.ജെ. ഹോസ്പിറ്റലിലേക്ക് മാറ്റി. വൈദ്യുത കമ്പിയില്‍ ഏറെനേരം തൂങ്ങിനിന്ന രജിന്റെ ഒരുകൈ ചലനശേഷി നഷ്ടപ്പെടുകയും ശസ്ത്രക്രിയക്ക് വിധേയനാക്കുകയും ചെയ്ത സാഹചര്യത്തിലാണ് മംഗലാപുരത്തേക്ക് മാറ്റിയത്.



Keywords: Kasaragod-news-check-post-accident-ag-electric-shock

Post a Comment

0 Comments

Top Post Ad

Below Post Ad