Type Here to Get Search Results !

Bottom Ad

കൊതുകുകളെ ഉറവിടങ്ങളില്‍ നശിപ്പിക്കണം ജില്ലയില്‍ ഡെങ്കിപ്പനിയും മലമ്പനിയും കൂടുന്നു

evisionnews


കാസര്‍കോട് :(www.evisionnews.in) ജില്ലയില്‍ 68 പേരില്‍ ഡെങ്കിപ്പനിയും 70 പേര്‍ക്ക് മലമ്പനിയും സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് റിപ്പോര്‍ട്ട് . ജില്ലാകളക്ടര്‍ പി.എസ്. മുഹമ്മദ് സഗീറിന്റെ അദ്ധ്യക്ഷതയില്‍ കളക്ടറുടെ ചേമ്പറില്‍ നടന്ന പകര്‍ച്ച വ്യാധി പ്രതിരോധം സംബന്ധിച്ച യോഗത്തിലാണ് ഇക്കാര്യം അവതരിപ്പിച്ചത്. ഡപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഇ മോഹനന്‍ കഴിഞ്ഞ മൂന്നുവര്‍ഷത്തെ പകര്‍ച്ചവ്യാധി സംബന്ധിച്ച് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലയില്‍ ഈ വര്‍ഷം 39359 പേര്‍ക്ക് പനി പിടിപെട്ടു, ഇവരില്‍ 68 പേര്‍ക്ക് ഡങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. 217 പേരില്‍ ഡങ്കിപ്പനിയുള്ളതായി സംശയിക്കുന്നു. ജില്ലയിലെ മലയോര പഞ്ചായത്തുകളില്‍ മാത്രം കാണപ്പെട്ടിരുന്ന ഡെങ്കിപ്പനി തീരദേശങ്ങളിലേക്കും വ്യാപിക്കുന്നതായാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍. ബെള്ളൂര്‍, കാറഡുക്ക, കുറ്റിക്കോല്‍, കോടോംബേളൂര്‍ ഗ്രാമപഞ്ചായത്തുകളിലാണ് കൂടുതല്‍ ഡങ്കിപ്പനി രോഗികള്‍ ഉള്ളത്. കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയിലെ ഒരാളിലും ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.

കൊതുകിന്റെ ഉറവിടങ്ങള്‍ കണ്ടെത്തി നശിപ്പിക്കുന്നതിന്നും, ശുചീകരണ യജ്ഞം നടത്തുന്നതിന്നും ജില്ലാ കളക്ടര്‍ പി.എസ്. മുഹമ്മദ് സഗീര്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. മലയോരങ്ങളിലെ റബ്ബര്‍ തോട്ടങ്ങള്‍ ശുചീകരിക്കാത്തതും, റബ്ബര്‍ പാല്‍ ശേഖരിക്കുന്ന ചിരട്ടകളിലും പാത്രങ്ങളിലും വെള്ളം കെട്ടിക്കിടക്കുന്നതും കൊതുകുകള്‍ വര്‍ദ്ധിക്കാന്‍ കാരണമാണ്. കവുങ്ങിന്‍ തോട്ടങ്ങളില്‍ വീണുകിടക്കുന്ന പാളകളും കൊതുകുവളര്‍ത്തുകേന്ദ്രങ്ങളാവുന്നു. തുറന്നുവെച്ച ടാങ്കുകള്‍, ഇളനീര്‍ തൊണ്ടുകള്‍, വലിച്ചെറിയുന്ന പാത്രങ്ങള്‍, നഗരപ്രദേശങ്ങളിലെ കെട്ടിടനിര്‍മ്മാണ പ്രദേശങ്ങള്‍ എന്നിവയെല്ലാം കൊതുകിന്റെ ഉറവിടങ്ങളാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, സ്‌കൂളുകള്‍, ആരോഗ്യ സ്ഥാപനങ്ങള്‍, വ്യാപാര വ്യവസായ പ്രതിനിധികള്‍, കുടുംബശ്രീ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രവര്‍ത്തകര്‍, അംഗണവാടി പ്രവര്‍ത്തകര്‍, റസിഡന്റ്‌സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍, മഹിളാ സംഘടനകള്‍, പൊതു ജനങ്ങള്‍ എന്നിവരുടെ കൂട്ടായ്മയില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനും പകര്‍ച്ചവ്യാധി തടയാനും യോഗം തീരുമാനിച്ചു. കാസര്‍കോട്, കാഞ്ഞങ്ങാട്, നീലേശ്വരം, നഗരസഭകള്‍ ശുചിത്വ പ്രവര്‍ത്തനങ്ങള്‍ക്ക മുന്‍കൈയെടുക്കും. ആഴ്ചയില്‍ ഒരു ദിവസം ഡ്രൈഡേ ആചരിക്കും. ഓടകള്‍, തോടുകള്‍, കുളങ്ങള്‍, പൊതുസ്ഥലങ്ങള്‍ എന്നിവയും വീടും പരിസരവും ശുചിയാക്കുകയും വേണം. പഞ്ചായത്തുകളില്‍ പ്രസിഡന്റുമാരുടെയും അംഗങ്ങളുടെയും നേതൃത്വത്തിലുള്ള സമിതികള്‍ വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കും. 

തദ്ദേശ സ്വയംഭരണ വകുപ്പ് ഏപ്രില്‍ 23 ന് ഇറക്കിയ സര്‍ക്കുലര്‍ പ്രകാരമുള്ള നിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടര്‍ നടപടി സ്വീകരിക്കും. തോട്ടം മേഖലയില്‍ ഉറവിട നശീകരണം ശക്തമാക്കും. ഇതര സംസ്ഥാന തൊഴിലാളികളുടെ രജിസ്‌ട്രേഷന്‍, അവര്‍ താമസിക്കുന്ന, തൊഴിലെടുക്കുന്ന സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ ക്യാമ്പുകള്‍ നടത്തുന്നതിനുള്ള സൗകര്യം ഒരുക്കാനും പട്ടിക ജാതി, പട്ടിക വര്‍ഗ്ഗ കോളനികള്‍, തീരദേശങ്ങള്‍ എന്നിവിടങ്ങളിലുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ നടപടി സ്വീകരിക്കണം. യോഗത്തില്‍ ഡപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എം.സി വിമല്‍രാജ്, ആര്‍.സി.എച്ച് ഓഫീസര്‍ ഡോ. മുരളീധര നല്ലൂരായ, ജില്ലാ സാമൂഹിക നീതി ഓഫീസര്‍ ആര്‍.പി പത്മകുമാര്‍, കുടുംബശ്രീ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അബ്ദുല്‍ മജീദ് ചെമ്പിരിക്ക, ജില്ലാ വനിതാ ക്ഷേമ ഓഫീസര്‍ എം ലളിത, ജില്ലാ മലേറിയ ഓഫീസര്‍ പി. സുരേശന്‍, മാസ്മീഡിയ ഓഫീസര്‍ എം. രാമചന്ദ്രന്‍, ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. എസ് പ്രശാന്ത്, ഡോ. പ്രസാദ് മേനോന്‍, ഡോ. മണികണ്ഠന്‍, ഡോ. ബി. നാരായണ നായിക് , വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിച്ചു.

Keywords : Mosquito-fever-kasargod-week-circular

Post a Comment

0 Comments

Top Post Ad

Below Post Ad