Type Here to Get Search Results !

Bottom Ad

മാങ്ങാട്ട് സംഘര്‍ഷം: വര്‍ഗീയമാക്കാന്‍ നീക്കം നടക്കുന്നതായി വിവരം: കനത്ത സുരക്ഷയൊരുക്കി പോലീസ്

ഉദുമ (www.evisionnews.in): മാങ്ങാട്ട് സി.പി.എം കോണ്‍ഗ്രസ് സംഘര്‍ഷത്തിന് വര്‍ഗീയ മുഖം നല്‍കി സാമുദായിക സംഘര്‍ഷമാക്കി മാറ്റാനുള്ള ആസൂത്രിതമായ നീക്കങ്ങള്‍ നടക്കുന്നതായി പോലീസിന് വിവരം ലഭിച്ചു. ഇതേ തുടര്‍ന്ന് മാങ്ങാട്, ഉദുമ എന്നിവിടങ്ങളിലെ മുഴുവന്‍ ആരാധനാലയങ്ങള്‍ക്കും പോലീസ് കനത്ത സുരക്ഷ ഒരുക്കി. 

മാങ്ങാട് -അരമങ്ങാനം റോഡിലെ മോലോത്തുങ്കാല്‍ ബാലഗോപാല ക്ഷേത്രത്തിന് മുന്നില്‍ മൃഗത്തിന്റെ തല സ്ഥാപിച്ച് സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമം നടന്നതായി പോലിസ് പറഞ്ഞു. ശനിയാഴ്ച പുലര്‍ച്ചെ ക്ഷേത്രത്തിലെത്തിയ ഒരു ഡ്രൈവറാണ് സംഭവം കണ്ടത്. പുലര്‍ച്ചെ 5മണിവരെ ക്ഷേത്രത്തില്‍ പോലീസ് കാവലുണ്ടായിരുന്നു. പിന്നീട് മാങ്ങാട്ടേക്ക് പോയതിനിടയിലാണ് സംഭവമെന്നാണ് സംശയിക്കുന്നത്. 

ഉടന്‍ തന്നെ ഡോഗ് സ്‌ക്വാഡ് ഉള്‍പ്പെടെയുള്ള പോലിസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. വിവരമറിഞ്ഞ് ജില്ലാ കലക്ടര്‍ പി.എസ് മുഹമ്മദ് സഗീര്‍, ജില്ലാ പോലീസ് ചീഫ് ഡോ. എ. ശ്രീനിവാസ്, ഡി.വൈ.എസ്.പി കെ. ഹരിശ്ചന്ദ്ര നായക് എന്നിവരും സ്ഥലത്തെത്തിയിരുന്നു. 

കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഈ പ്രദേശത്ത് സി.പി.എം -കോണ്‍ഗ്രസ് സംഘര്‍ഷം നടന്നിരുന്നു. സിപിഎം പ്രവര്‍ത്തകന്റെ മുഖത്ത് ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ സിഗരറ്റ് പുകഊതിപ്പറത്തിയതിനെ തുടര്‍ന്നുണ്ടായ വാക്കു തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. സംഘര്‍ഷത്തില്‍ എസ്‌ഐ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും വാഹനങ്ങള്‍ക്കും കടകള്‍ക്കും നേരെ അക്രമം അഴിച്ചുവിടുകയും ചെയ്തിരുന്നു. എന്നാല്‍ സാമുദായിക സംഘര്‍ഷമുണ്ടാക്കി മുതലെടുപ്പ് നടത്താനാണ് നീക്കമെന്നാണ് ഇപ്പോള്‍ പോലീസ് സംശയിക്കുന്നത്. 




Post a Comment

0 Comments

Top Post Ad

Below Post Ad