Type Here to Get Search Results !

Bottom Ad

കൊച്ചുവേളി എക്സ്പ്രസിലെ എസി കോച്ചിൽ തീപിടിത്തം; ആളപായമില്ല


train-fire

കോഴിക്കോട്(www.evisionnews.in)  പോർബന്തർ–കൊച്ചുവേളി (19261) എക്സ്പ്രസിലെ എസി കോച്ചിൽ യാത്രയ്ക്കിടെ തീപിടിത്തം. ആളപായമില്ല. പുക ശ്വസിച്ച് എസി ടെക്നിഷ്യൻ ഉൾപ്പെടെ മൂന്നു പേർ ബോധരഹിതരായി വീണു. ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


ബി–2 കോച്ചിൽനിന്ന് എ–1 കോച്ചിലേക്കു ഘടിപ്പിച്ച ജംപർ വയർ ഷോർട്ട് സർക്യൂട്ടായതാണു തീപിടിക്കാനുള്ള കാരണമെന്നു റയിൽവേ പൊലീസ് പറഞ്ഞു. എ–1 കോച്ചിൽ എസി തകരാറിലായതിനെ തുടർന്നാണു ബി–2 കോച്ചിൽനിന്നു ബാറ്ററി കണക്‌ഷൻ നൽകിയത്. കണക്ട് ചെയ്തിരുന്ന കേബിൾ പൂർണമായി കത്തിയെരിഞ്ഞു. കല്ലായി സ്റ്റേഷൻ എത്തുന്നതിനു മുൻപു ട്രെയിനിൽനിന്നു കട്ടിയായ കറുത്ത പുക പുറത്തേക്കു വരുന്നതു കണ്ട പരിസരവാസികൾ ഫയർ‌ സ്റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു.


തുടർന്നു വട്ടാംപൊയിൽ റയിൽവേ ക്രോസിൽ അര മണിക്കൂറോളം ട്രെയിൻ പിടിച്ചിട്ടു. വണ്ടി നിന്നതോടെ യാത്രക്കാർ ബഹളംവച്ചു പുറത്തേക്കിറങ്ങി. ബീച്ച്, മീഞ്ചന്ത ഫയർ സ്റ്റേഷനുകളിൽനിന്നുള്ള യൂണിറ്റുകളെത്തി തീയണച്ചു. പുക നിയന്ത്രണവിധേയമാക്കിയതിനു ശേഷം യാത്രക്കാരെ ജനറൽ കോച്ചുകളിൽ കയറ്റി ട്രെയിൻ കോഴിക്കോട് സ്റ്റേഷനിലെത്തിച്ചു. മാസങ്ങൾക്കു മുൻപും ഇതേ ട്രെയിനിൽ സമാനമായ സംഭവം ഉണ്ടായിട്ടുണ്ടെന്നു യാത്രക്കാരിൽ ചിലർ പറഞ്ഞു. ഇന്നലെ ഹരിപ്പാട്ടു നിന്നുതന്നെ പുകയെക്കുറിച്ചു ജീവനക്കാരെ അറിയിച്ചിരുന്നതായും അവർ പറഞ്ഞു.


മംഗളൂരുവിൽനിന്നു പുതിയ എസി കോച്ച് അനുവദിക്കുമെന്ന ഉറപ്പിൽ എ–1 കോച്ചിലെ യാത്രക്കാരെ മറ്റു കോച്ചുകളിലേക്കു മാറ്റി മൂന്നു മണിക്കൂറോളം വൈകി ട്രെയിൻ യാത്ര തുടർന്നു.


രണ്ടു മാസം മുൻപു ഫറോക്കിൽ ഓടിക്കൊണ്ടിരുന്ന ഇന്റർസിറ്റി എക്സ്പ്രസിലെ എസി കോച്ചിൽ തീപിടിത്തം ഉണ്ടായതും വൈദ്യുതി ഷോർട്ട് സർക്യൂട്ട് മൂലമായിരുന്നു.

keywords: kozhikode-kochuveli-xpress-ac-fire
Tags

Post a Comment

0 Comments

Top Post Ad

Below Post Ad