Type Here to Get Search Results !

Bottom Ad

കൊടുംചൂട്: യുഎഇയില്‍ തൊഴിലാളികള്‍ക്ക് മധ്യാഹ്ന വിശ്രമം പ്രഖ്യാപിച്ചു

ദുബൈ (www.evisionnews.in): കൊടുംചൂടില്‍ നിന്ന് തൊഴിലാളികളെ സംരക്ഷിക്കുന്നതിനുള്ള മധ്യാഹ്ന ഇടവേള പ്രഖ്യാപിച്ചു. ഇതുപ്രകാരം ജൂണ്‍ 15 മുതല്‍ സെപ്തംബര്‍ 15വരെ ഉച്ചയ്ക്ക് 12.30 മുതല്‍ മൂന്നുമണിവരെ തൊഴിലാളികള്‍ക്ക് വിശ്രമം അനുവദിച്ചതായി യു.എ.ഇ. തൊഴില്‍ മന്ത്രാലയം അറിയിച്ചു. നിയമലംഘകര്‍ക്കെതിരെ കര്‍ശന നടപടി കൈക്കൊള്ളുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഇടവേളയ്ക്കു പകരം രാവിലെയും രാത്രിയുമായുള്ള ഷിഫ്റ്റുകളിലായി എട്ടുമണിക്കൂര്‍ ജോലി സമയം വിഭജിച്ചിട്ടുണ്ട്. അധികസമയം ജോലി ചെയ്യേണ്ടിവരുന്ന തൊഴിലാളികള്‍ക്ക് അധികവേതനം നല്‍കണമെന്നും മന്ത്രി സഖര്‍ ഗൊബാഷ് നിര്‍ദേശിച്ചു. ഇടവേളകളില്‍ വിശ്രമിക്കുന്നതിനായി പ്രത്യേക സൗകര്യമൊരുക്കുകയും പ്രവര്‍ത്തന ഷെഡ്യൂള്‍ അതത് കേന്ദ്രങ്ങളില്‍ സ്ഥാപിക്കുകയും വേണം.

ചൂടിനെ പ്രതിരോധിക്കുന്നതിനായി തൊഴിലാളികള്‍ക്ക് തണുത്ത വെള്ളവും ജ്യൂസുകളും സാലഡുകളുമൊക്കെ ലഭ്യമാക്കണമെന്നും നിര്‍ദേശമുണ്ട്. പ്രാഥമിക ശുശ്രൂഷകള്‍ക്കുള്ള സംവിധാനങ്ങളും മതിയായ തണലും ഒരുക്കേണ്ടതുണ്ട്. നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്താന്‍ 18 നിരീക്ഷണ സംഘങ്ങള്‍ക്ക് രൂപം നല്‍കിയതായി അസി. അണ്ടര്‍ സെക്രട്ടറി മെഹര്‍ അല്‍ ഉബൈദ് പത്രസമ്മേളനത്തില്‍ അറിയിച്ചു. മധ്യാഹ്ന ഇടവേള സംബന്ധിച്ച് പ്രചാരണം നടത്തുന്നതിന് മന്ത്രാലയ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഫീല്‍ഡ് സന്ദര്‍ശനങ്ങള്‍ നടക്കും.

നിയമം ലംഘിക്കുന്ന കമ്പനികളില്‍നിന്ന് കനത്ത പിഴ ഈടാക്കും. വിശ്രമവേളയില്‍ ജോലി ചെയ്യാന്‍ നിര്‍ബന്ധിതരാകുന്ന തൊഴിലാളി ഒരാള്‍ക്ക് 5,000 ദിര്‍ഹം എന്ന തോതിലായിരിക്കും പിഴ. പരമാവധി പിഴ 50,000 ദിര്‍ഹമാണ്. കൂടാതെ, കമ്പനിയുടെ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവെക്കുകയും തരംതാഴ്ത്തലിന് വിധേയമാക്കുകയും ചെയ്യും. തൊഴിലാളികള്‍ കൊടുംചൂടില്‍ ജോലി ചെയ്യുന്നത് ശ്രദ്ധയില്‍പെട്ടാല്‍ 800665 എന്ന ടോള്‍ ഫ്രീ നമ്പറില്‍ വിളിക്കുകയോ മന്ത്രാലയത്തിന്റെ സ്മാര്‍ട്ട് ആപ്ലിക്കേഷന്‍ വഴി വിവരം നല്‍കുകയോ ചെയ്യാമെന്നും മെഹര്‍ അല്‍ ഉബൈദ് അറിയിച്ചു.



Keywords: Gulf-news-company-news-summer-brike-uae-midd-noon
Tags

Post a Comment

0 Comments

Top Post Ad

Below Post Ad