കാസര്‍കോട്: (www.evisionnews.in) മറവിരോഗം (ഡിമെന്‍ഷ്യ) ബാധിച്ചവര്‍ക്കുള്ള പകല്‍ പരിചരണകേന്ദ്രം ജില്ലയില്‍ ഉടന്‍ പ്രവര്‍ത്തനം തുടങ്ങും. രാവിലെ 10 മണി മുതല്‍ 4 മണിവരെ മറവിരോഗികളെ പരിചരിക്കുന്ന കേന്ദ്രമാണ് കാസര്‍കോട്ട് ആരംഭിക്കുന്നത്. പത്തുപേരെ പരിചരിക്കാന്‍ മൂന്നുപേരെവീതം നിയോഗിക്കും. ഭക്ഷണം നല്കും. അഞ്ചുപേര്‍ക്കുവീതം ശുചിമുറി തയ്യാറാക്കും. ആയ, കുക്ക്, നഴ്‌സ്, തെറാപ്പിസ്റ്റ് എന്നിവരുടെ സേവനം ഉറപ്പുവരുത്തും. രോഗികളെ കൊണ്ടുവരുന്നതിന് വാഹനസൗകര്യവും ഒരുക്കും. വാര്‍ധക്യത്തില്‍ മേധാക്ഷയം ബാധിച്ചവര്‍ക്കാണ് ആദ്യ പരിഗണന.
ഡിമെന്‍ഷ്യ രോഗികളെ പരിചരിക്കുന്നവര്‍ക്കായി ജില്ലാ സാമൂഹികനീതി ഓഫീസ് കളക്ടറുടെ ചേംബറില്‍ ആദ്യമായി നടത്തിയ യോഗത്തിലാണ് പകല്‍ പരിചരണകേന്ദ്രത്തെക്കുറിച്ച് ജില്ലാ സാമൂഹികനീതി ഓഫീസര്‍ ആര്‍.പി. പദ്മകുമാര്‍ വിശദീകരിച്ചത്. മറവിരോഗം ബാധിച്ചവരുടെ ഇരുപതോളം കൂട്ടിരിപ്പുകാരാണ് യോഗത്തില്‍ പങ്കെടുത്തത്. രോഗത്തിന്റെ ആരംഭദശയിലുള്ള നാലുപേര്‍ക്ക് അടിയന്തരചികിത്സ ലഭ്യമാക്കാന്‍ കളക്ടര്‍ നിര്‍ദേശംനല്കി. ഡിമന്‍ഷ്യാരോഗം സംശയിക്കുന്ന രണ്ടുപേര്‍ യോഗത്തില്‍ സംബന്ധിച്ചിരുന്നു.
കളക്ടര്‍ പി.എസ്.മുഹമ്മദ് സഗീര്‍, ഡെപ്യൂട്ടി ഡി.എം.ഒ.മാരായ എം.സി.വിമല്‍രാജ്, ഡോ. ഇ.മോഹനന്‍, ജില്ലാ പ്രോഗ്രാം ഓഫീസര്‍ എസ്.മേഴ്‌സി, ജില്ലാ ഇന്‍ഫര്‍മേഷന്‍ഓഫീസിലെ അസിസ്റ്റന്റ് എഡിറ്റര്‍ എം.മധുസൂദനന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Keywords: kasaragod-dementia-care-unit

Post a Comment
0 Comments