Type Here to Get Search Results !

Bottom Ad

ബേക്കല്‍ കോട്ടയില്‍ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ ഒരു കൊല്ലത്തിനകം


കാസര്‍കോട്: (www.evisionnews.in) അന്താരാഷ്ട്ര വിനോദസഞ്ചാര ഭൂപടത്തില്‍ ഇടം നേടിയ ബേക്കല്‍ കോട്ടയില്‍ ശബ്ദവും വെളിച്ചവും ഉപയോഗിച്ചുള്ള ചരിത്രപ്രദര്‍ശനത്തിന് ഒരു വര്‍ഷത്തിനകം തുടക്കമാകും. 40 ഏക്കര്‍ വിസ്താരമുള്ള കോട്ടയില്‍ ഇല്യൂമിനേഷന്‍ ഏര്‍പ്പെടുത്താനും നടപടികള്‍ തുടങ്ങി. രാത്രിയില്‍ കോട്ടയുടെ മുഖഭാഗം വര്‍ണപ്രകാശത്തിലൂടെ വിളങ്ങുന്ന സവിശേഷ ദൃശ്യവിസ്മയം ഒരുക്കാനാണ് പദ്ധതി. മൈസൂര്‍ രാജകൊട്ടാരത്തിലേതുപോലെയുള്ള ഇല്യൂമിനേഷന്‍ സംവിധാനമാണൊരുക്കുക. 

പദ്ധതികള്‍ക്കായി സംസ്ഥാന വിനോദസഞ്ചാര വകുപ്പ് നാലുകോടി രൂപ അനുവദിച്ച് ഉത്തരവായി. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലാണ് പദ്ധതി നടപ്പാക്കുക.

ലൈറ്റ് ആന്‍ഡ് സൗണ്ട് പരിപാടിയുടെ സ്‌ക്രിപ്റ്റ് തയ്യാറാക്കുന്നതിന് ചരിത്രകാരന്മാരുടെ നേതൃത്വത്തിലുള്ള വിദഗ്ധസമിതി രൂപവത്കരിക്കും. ബേക്കല്‍ കോട്ടയുടെ ചരിത്രത്തിലൂടെ അത്യുത്തരകേരളത്തിന്റെ ചരിത്രവും സംസ്‌കാരവും ആവിഷ്‌കരിക്കുന്നതാവും പ്രദര്‍ശനം. വിദഗ്ധസമിതി തയ്യാറാക്കുന്ന സ്‌ക്രിപ്റ്റിന് കേന്ദ്ര പുരാവസ്തു വകുപ്പിന്റെ അനുമതി കിട്ടിയാല്‍ പ്രദര്‍ശനസാമഗ്രി തയ്യാറാക്കാനും പ്രദര്‍ശന സംവിധാനമൊരുക്കാനും കരാറുകാരെ ഏല്പിക്കും. സംസ്ഥാന സര്‍ക്കാര്‍നിയന്ത്രണത്തിലുള്ളതോ സര്‍ക്കാര്‍ അംഗീകരിച്ചതോ ആയ സ്ഥാപനങ്ങളെയാണ് ഇതിനായി സമീപിക്കുക. ഇല്യൂമിനേഷന്‍ സംവിധാനമൊരുക്കുന്നതിനും ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ നടത്തുന്നതിനും കേന്ദ്ര പുരാവസ്തു വകുപ്പ് പ്രാഥമികാനുമതി നല്‍കിക്കഴിഞ്ഞു. ആര്‍ക്കയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ വിദഗ്ധസംഘം കോട്ട സന്ദര്‍ശിക്കാന്‍ അടുത്തുതന്നെ എത്തും.

കോട്ടയുടെ നിര്‍മിതികളെയൊന്നും ബാധിക്കാത്ത തരത്തിലുള്ള പ്രവൃത്തികളേ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോയുടെയും ഇല്യൂമിനേഷന്റെയും ഭാഗമായി നടത്തുകയുള്ളൂവെന്ന് ഡി.ടി.പി.സി. പുരാവസ്തു വകുപ്പിന് ഉറപ്പുനല്‍കിയിട്ടുണ്ട്. കോട്ടയുടെ മധ്യഭാഗത്തായി തുറസ്സായ സ്ഥലത്ത് പ്രദര്‍ശന യൂണിറ്റും കെ.എസ്.ഇ.ബി.യുടെ 250 കെ.വി. പവര്‍ യൂണിറ്റും സ്ഥാപിക്കും. പ്രദര്‍ശനം കാണുന്നതിന് തയ്യാറാക്കുന്ന ഗാലറിയില്‍ 220 പേര്‍ക്ക് ഇരിക്കാന്‍ സംവിധാനമുണ്ടാകും. രാത്രി ഏഴുമണിക്ക് ശേഷം ഒമ്പതുമണി വരെയുള്ള സമയത്ത് 45 മിനുട്ട് വീതമുള്ള രണ്ട് പ്രദര്‍ശനമാണ് വിഭാവനം ചെയ്തിരിക്കുന്നതെന്ന് ഡി.ടി.പി.സി. സെക്രട്ടറി നാഗേഷ് പറഞ്ഞു. െബംഗളൂരുവിലെ ലൈറ്റിങ് എഡ്ജ് കോര്‍പ്പറേഷനാണ് പദ്ധതിയുടെ കണ്‍സള്‍ട്ടന്റ്.

Keywords: kasaragod-bekal-fort-light-and-sound-show
Tags

Post a Comment

0 Comments

Top Post Ad

Below Post Ad