Type Here to Get Search Results !

Bottom Ad

അണ്ടര്‍ 17 ലോകകപ്പ്: കൊച്ചിയുടെ ഒരുക്കത്തില്‍ ഫിഫയ്ക്ക് പൂര്‍ണസംതൃപ്തി

കൊച്ചി:(www.evisionnews.in)ലോകകപ്പിന്റെ പന്ത് ഇനി കൊച്ചിയുടെ കോര്‍ട്ടില്‍. ഇന്ത്യയില്‍ 2017-ല്‍ നടക്കുന്ന ഫിഫ അണ്ടര്‍-17 ലോകകപ്പിനുള്ള വേദിയായി കൊച്ചി ഔദ്യോഗികയോഗ്യത സ്വന്തമാക്കി. വ്യാഴാഴ്ച കൊച്ചി ജവാഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തില്‍ സന്ദര്‍ശനം നടത്തിയ ലോകകപ്പ് ടൂര്‍ണമെന്റ് ഡയറക്ടര്‍ ഹവിയര്‍ സെപ്പിയും സംഘവും കൊച്ചിയുടെ ഒരുക്കങ്ങളില്‍ പൂര്‍ണതൃപ്തിയാണ് രേഖപ്പെടുത്തിയത്. ടീമുകളുടെ പരിശീലനത്തിനുള്ള നാല് മൈതാനങ്ങളില്‍ മൂന്നെണ്ണത്തിന്റെ ധാരണാപത്രവും സംഘം ഏറ്റുവാങ്ങി. 2016 സപ്തംബറിനകം ഒരുക്കങ്ങള്‍ പൂര്‍ത്തിയായാല്‍ വേദിസംബന്ധിച്ച ഔദ്യോഗികപ്രഖ്യാപനമുണ്ടാകും.
സ്റ്റേഡിയത്തിന്റെ പുല്‍പ്രതലം ഒഴികെയുള്ള ഭാഗത്തെ നവീകരണജോലികള്‍ 15 മാസത്തിനകം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. 2017 ജനവരിയിലാകും പുല്‍പ്രതലത്തിന്റെ ജോലി തുടങ്ങുന്നത്. പുല്‍പ്രതലത്തിന്റെ ജോലി പൂര്‍ത്തിയാക്കി ഏപ്രിലില്‍ ഫിഫയ്ക്ക് വിട്ടുകൊടുക്കണം. ടൂര്‍ണമെന്റ് തുടങ്ങുന്നതിന് ആറുമാസം മുമ്പ് മൈതാനം ഏറ്റെടുക്കുന്ന ഫിഫയുടെ നിബന്ധനകള്‍ക്കനുസരിച്ചായിരിക്കും മറ്റു ക്രമീകരണങ്ങള്‍ നടക്കുന്നത്.
ടൂര്‍ണമെന്റിന്റെ സുരക്ഷാ സജ്ജീകരണങ്ങളടക്കമുള്ള പ്രധാനകാര്യങ്ങള്‍ ജി.സി.ഡി.എ.യാണ് ഒരുക്കേണ്ടത്. വാര്‍ത്താവിനിമയസംവിധാനങ്ങള്‍ തയ്യാറാക്കലും മൈതാനം അന്താരാഷ്ട്രനിലവാരത്തില്‍ ഒരുക്കലും ആവശ്യമായ പെര്‍മിറ്റുകള്‍ സംഘടിപ്പിക്കലും ജി.സി.ഡി.എ. തന്നെയാണ് ചെയ്യേണ്ടത്. സ്റ്റേഡിയം പാട്ടത്തിനെടുത്തിരിക്കുന്ന കേരള ക്രിക്കറ്റ് അസോസിയേഷന്‍ ഇക്കാര്യത്തില്‍ എല്ലാവിധ സഹായങ്ങളും വാഗ്ദാനം ചെയ്തതോടെ മികച്ച ആത്മവിശ്വാസത്തിലാണ് കേരള ഫുട്‌ബോള്‍ അസോസിയേഷനും.
കൊല്‍ക്കത്തയില്‍നിന്നാണ് ടൂര്‍ണമെന്റ് ഡയറക്ടര്‍ ഹവിയര്‍ സെപ്പി, പ്രോജക്ട് ഡയറക്ടര്‍ ജോയ് ഭട്ടാചാര്യ, വെന്യൂ ഓപ്പറേഷന്‍സ് മേധാവി റോമ ഖന്ന എന്നിവരടങ്ങിയ സംഘം വ്യാഴാഴ്ച കൊച്ചിയിലെത്തിയത്. മികച്ചനിലവാരത്തിലുള്ള നാല് മൈതാനങ്ങളാണ് ലോകകപ്പ് ടീമുകളുടെ പരിശീലനത്തിനുവേണ്ടി കൊച്ചി ഒരുക്കുന്നത്. കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള ഫോര്‍ട്ടുകൊച്ചി വെളി ഗ്രൗണ്ടിന്റെയും പനമ്പിള്ളിനഗര്‍ സ്‌കൂള്‍ ഗ്രൗണ്ടിന്റെയും കരാര്‍പത്രം മേയര്‍ ടോണി ചമ്മിണി ഫിഫ അധികാരികള്‍ക്ക് കൈമാറി.
മഹാരാജാസ് കോളേജ് ഗ്രൗണ്ടിന്റെ ധാരണാപത്രം കോളേജ് പ്രിന്‍സിപ്പല്‍ രാജുവും ജില്ലാ കളക്ടര്‍ എം.ജി. രാജമാണിക്യവും ചേര്‍ന്ന് ഫിഫയ്ക്ക് കൈമാറി. നാലാമത്തെ വേദിയായ പനങ്ങാട്ടെ കുഫോസ് മൈതാനത്തിന്റെ കാര്യത്തില്‍ ചില സാങ്കേതിക തടസ്സങ്ങളുണ്ട്.
കൊച്ചിക്കും കൊല്‍ക്കത്തയ്ക്കും പുറമേ ഗോവ, മുംബൈ, ഡല്‍ഹി, ഗുവാഹാട്ടി എന്നിവയാണ് ടൂര്‍ണമെന്റിന് വേദിയൊരുക്കുന്ന മറ്റു സ്ഥലങ്ങള്‍.
നോഡല്‍ ഓഫീസര്‍ മുഹമ്മദ് ഹനീഷ്, ജില്ലാ കളക്ടര്‍ എം.ജി. രാജമാണിക്യം, ഡൊമിനിക് പ്രസന്റേഷന്‍ എം.എല്‍.എ. മേയര്‍ ടോണി ചമ്മിണി, ജി.സി.ഡി.എ. ചെയര്‍മാന്‍ എന്‍. വേണുഗോപാല്‍, കെ.എഫ്.എ. പ്രസിഡന്റ് കെ.എം.ഐ. മേത്തര്‍, കുഫോസ് വൈസ് ചാന്‍സലര്‍ മധുസൂദനക്കുറുപ്പ് തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു ഫിഫ സംഘത്തിന്റെ കൊച്ചി സന്ദര്‍ശനം.



keywords : kerala-kochi-under17-foodball-fifa-world-cup-tournament
Tags

Post a Comment

0 Comments

Top Post Ad

Below Post Ad