Type Here to Get Search Results !

Bottom Ad

ജില്ലയില്‍ പ്രതിദിനം സംഭരിക്കുന്നത് 53000 ലിറ്റര്‍ പാല്‍ ഉല്‍പാദനത്തില്‍ 50 ശതമാനം വര്‍ധന

കാസര്‍കോട് :(www.evisionnews.in)കഴിഞ്ഞ നാലുവര്‍ഷത്തിനകം ജില്ലയിലെ പാലുല്‍പാദനത്തില്‍ 50 ശതമാനം വര്‍ദ്ധനവ്. ക്ഷീര സഹകരണ സംഘങ്ങള്‍ വഴി സംഭരിക്കുന്ന പാലിലാണ് വര്‍ദ്ധനവ്. പാലുല്‍പാദനത്തില്‍ ഏറ്റവും പിറകിലായായിരുന്ന ജില്ല, മലപ്പുറം, പത്തനംതിട്ട ജില്ലകളെ പിന്തള്ളി സംസ്ഥാന തലത്തില്‍ 12-ാം സ്ഥാനം കരസ്ഥമാക്കി. 2011-13 ല്‍ ദിവസേന 36000 ലിറ്റര്‍ പാലാണ് ജില്ലയില്‍ ഉല്‍പാദിപ്പിച്ചിരുന്നത്. നടപ്പുവര്‍ഷം ദിവസേനയുള്ള പാലുല്‍പാദനം 53000 ലിറ്റര്‍ എത്തി. ക്ഷീര വികസന വകുപ്പ,് മൃഗസംരക്ഷണവകുപ്പ്, മില്‍മ, ത്രിതല പഞ്ചായത്ത് എന്നിവ വഴി ജില്ലയില്‍ നടപ്പിലാക്കിയ വിവിധ പദ്ധതികളാണ് പാലുല്‍പാദനം വര്‍ദ്ധിപ്പിക്കാന്‍ സഹായകമായത്. 2011 ല്‍ 131 ലക്ഷം ലിറ്റര്‍ പാല്‍ ഉത്പാദിപ്പിച്ചപ്പോള്‍ 2015 ല്‍ ഇതുവരെ 193 ലക്ഷം ലിറ്റര്‍ പാലാണ് ഉത്പാദിപ്പിച്ചത്. ക്ഷീര വകുപ്പിന്റെ സ്വപ്ന പദ്ധതിയായ കുമ്പളയിലെ റീജണല്‍ ഡയറി ലബോറട്ടറിയുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച് ഉദ്ഘാടനത്തിന് ഒരുങ്ങുകയാണ്.

നാല് വര്‍ഷംകൊണ്ട്, 10.43 കോടി രൂപയുടെ പദ്ധതികളാണ് ക്ഷീര വികസന വകുപ്പ് നടപ്പിലാക്കിയത്. ക്ഷീരകര്‍ഷകര്‍ക്ക് കാലിത്തീറ്റ സബ്‌സിഡി ഇനത്തില്‍ 1.83 കോടി രൂപയും, എം.എസ്.ഡി.പി പദ്ധതിപ്രകാരം കന്നുകാലികളെ വാങ്ങുന്നതിനും അടിസ്ഥാന സൗകര്യവികസനത്തിനും 2.75 കോടി രൂപയും വകുപ്പ് അനുവദിച്ചു. പദ്ധതിപ്രകാരം അന്യ സംസ്ഥാനങ്ങളില്‍ നിന്നും 1124 പശുക്കളെ വാങ്ങി ജില്ലയിലെ കര്‍ഷകര്‍ക്ക് ലഭ്യമാക്കി. തീറ്റപ്പുല്‍ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും പുല്‍ കൃഷിത്തോട്ടങ്ങള്‍ നിര്‍മ്മിക്കുന്നതിനും 26 ലക്ഷം രൂപയും ക്ഷീര സഹകരണ സംഘങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് 3.68 കോടി രൂപയും, പാല്‍ ഗുണനിലവാരം ഉറപ്പാക്കുന്നതിന് 17 ലക്ഷം രൂപയും, ക്ഷീര വികസന പദ്ധതികള്‍ ജനങ്ങളിലെത്തിക്കാനുള്ള ഗ്രാമീണ വിജ്ഞാന വ്യാപക പ്രവര്‍ത്തനങ്ങള്‍ക്കായി 27 ലക്ഷം രൂപയും വകുപ്പ് ജില്ലയില്‍ ചെലവഴിച്ചു. പട്ടികജാതി-പട്ടികവര്‍ഗ്ഗക്കാരുടെ ക്ഷേമത്തിനായി വകുപ്പ് ചിലവഴിച്ചത് 43 ലക്ഷം രൂപ. 

ജില്ലാ പഞ്ചായത്ത്, കഴിഞ്ഞ സാമ്പത്തിക വര്‍ഷം വനിത ഘടക പദ്ധതിയനുസരിച്ച് 40 ലക്ഷം രൂപയുടെ കാലിത്തീറ്റ ധനസഹായം അനുവദിച്ചു. നടപ്പുസാമ്പത്തിക വര്‍ഷവും ഇതിന് 50 ലക്ഷം വകയിരുത്തി. ക്ഷീരകര്‍ഷക ക്ഷേമനിധിയുടെ പ്രവര്‍ത്തനം ക്ഷീര ജാലകം എന്ന സോഫ്റ്റ് വെയറിലൂടെ മുഴുവനായും കമ്പ്യൂട്ടര്‍ വല്‍കരിച്ചു. ജില്ലയില്‍ 947 പേര്‍ക്ക് പെന്‍ഷന്‍ അനുവദിച്ചു. നിലവില്‍ 135 ക്ഷീര സഹകരണ സംഘങ്ങളാണ് ജില്ലയിലുള്ളത്. ജില്ലയിലെ എല്ലാ ക്ഷീര സംഘങ്ങളിലും അത്യാധുനിക എ.എം.സി യൂണിറ്റുകള്‍ സ്ഥാപിച്ച് കര്‍ഷകര്‍ക്ക് അര്‍ഹിക്കുന്ന പാല്‍ വില ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്നു. ജില്ലയിലെ ക്ഷീരമേഖലക്ക് പുത്തനുണര്‍വ്വേകികൊണ്ടാണ് ഈ വര്‍ഷത്തെ ലോക ക്ഷീര ദിനത്തെ (ജൂണ്‍ ഒന്ന്) വരവേല്‍ക്കാന്‍ ക്ഷീരവികസന വകുപ്പ് ഒരുങ്ങുന്നത്. 

keywords: kasaragod-milk-produce-53000-litter-50%-increase

Post a Comment

0 Comments

Top Post Ad

Below Post Ad