Type Here to Get Search Results !

Bottom Ad

ഉത്തരേന്ത്യയില്‍ ഉഷ്ണക്കാറ്റ്; മരണസംഖ്യ 2000 കവിഞ്ഞു

evisionnews
ന്യൂഡല്‍ഹി (www.evisionnews.in): ശക്തമായ ചൂടില്‍ നിര്‍ജ്ജലീകരണം ബാധിച്ചും സൂര്യാതപമേറ്റും മരിച്ചവരുടെ എണ്ണം 2000കവിഞ്ഞു. നിരവധി പേരാണു കഴിഞ്ഞ ദിവസവും വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയെത്തിയത്. ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ഉഷ്ണക്കാറ്റ് വീശിയടിക്കുകയാണ്. അടുത്തയാഴ്ച വരെ ഈ സ്ഥിതി തുടരുമെന്നു കാലാവസ്ഥ നിരീക്ഷകര്‍. ആശുപത്രികളില്‍ തിരക്ക് വര്‍ധിച്ചതോടെ അവധികള്‍ റദ്ദാക്കി ജോലിക്ക് ഹാജരാകാന്‍ ഡോക്റ്റര്‍മാര്‍ക്കും ആശുപത്രി ജീവനക്കാര്‍ക്കും വിവിധ സര്‍ക്കാരുകള്‍ നിര്‍ദേശം നല്‍കി.

ഇതിനിടെ ചില സംസ്ഥാനങ്ങളില്‍ പെയ്ത അപ്രതീക്ഷിത മഴ ചൂടിന് അല്‍പ്പം ശമനം നല്‍കി. കനത്ത ചൂടില്‍ ഏറ്റവുമധികം മരണം റിപ്പോര്‍ട്ട് ചെയ്തത് ആന്ധ്രയിലും തെലങ്കാനയിലുമാണ്. 1774 പേര്‍. ഇന്നലെ മാത്രം നൂറോളം പേരാണു മരിച്ചത്. കനത്ത വെയിലില്‍ പുറം ജോലി ചെയ്തവരാണു മരിച്ചതെന്ന് അധികൃതര്‍. പകല്‍ സമയത്ത് ജോലി ചെയ്യുന്നതിനു സര്‍ക്കാര്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും പലരും ഇതുവകവയ്ക്കുന്നില്ലെന്ന് അധികൃതര്‍. 

ഇതാണു മരണസംഖ്യ ഉയരാന്‍ കാരണം. ഇത്തരം ജോലിയില്‍ ഏര്‍പ്പെടുത്തുന്നവര്‍ ധാരാളം ജലം കുടിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. അടിയന്തരഘട്ടങ്ങളില്‍ ഒഴിച്ച് ആരും പുറത്തിറങ്ങരുതെന്നും നിര്‍ദേശത്തില്‍ പറയുന്നു. 43 ഡിഗ്രി സെല്‍ഷ്യസാണ് കഴിഞ്ഞ ദിവസം ഇവിടെ രേഖപ്പെടുത്തിയ താപനില.

കനത്ത ചൂടേറ്റു പത്തു ദിവസത്തിനുള്ളില്‍ 87 പേരാണു ഒഡീശയില്‍ മരിച്ചത്. ഇവിടെ താപനില 44 ഡിഗ്രിക്കു മുകളിലാണ്. ഡല്‍ഹിയില്‍ 42 ഡിഗ്രിയും ഹരിയാന, പഞ്ചാബ്, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ബിഹാര്‍ എന്നിവിടങ്ങളില്‍ 44 ഡിഗ്രിയും താപനില രേഖപ്പെടുത്തി. ചൂടു വര്‍ധിച്ചതോടെ വനങ്ങളില്‍ കാട്ടുതീ പടരുന്നതായി വനംവകുപ്പ് ഉദ്യോഗസ്ഥര്‍. ഇതുകൂടാതെ വന്‍ തോതില്‍ കാട്ടുമൃഗങ്ങളും ചത്തൊടുങ്ങുന്നുവെന്ന് ഇവര്‍ അറിയിച്ചു. മിക്ക നദികളും വറ്റിവരണ്ടതാണു മൃഗങ്ങള്‍ ചാകാന്‍ കാരണം.

തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷം രാജ്യത്ത് കൃത്യസമയത്ത് എത്തുമെങ്കിലും ജൂണ്‍ 20 ഓടെ മാത്രമേ ഉത്തരേന്ത്യയില്‍ ലഭിച്ചു തുടങ്ങുകയുള്ളൂവെന്നു കാലാവസ്ഥ നിരീക്ഷകര്‍. അതിനാല്‍ ഇത്രയും ദിവസം കൂടി ചൂട് തുടരാനാണു സാധ്യത. പാക്കിസ്ഥാനില്‍ നിന്നുള്ള ഉഷ്ണക്കാറ്റാണു ഉത്തരേന്ത്യയില്‍ അപ്രതീക്ഷിതമായി താപനില ഉയര്‍ത്താന്‍ കാരണമായത്.

ഇതിനിടെ തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷം ശ്രീലങ്കന്‍, മാലിദ്വീപ് തീരത്ത് എത്തിയതായും 48 മണിക്കൂറിനുള്ളില്‍ കേരളാ തീരത്ത് എത്തുമെന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതേസമയം, ശരാശരിയേക്കാള്‍ കുറഞ്ഞ മഴയാകും ലഭിക്കുക. ഏഴു ശതമാനത്തോളം കുറവാണ് ഇക്കൊല്ലം പ്രതീക്ഷിക്കുന്നതെന്നും ഇവര്‍ അറിയിച്ചു. 


Keywords: Up-newdelhi-news-summer-hot-wind-news-death-rate-increased-kuravu

Post a Comment

0 Comments

Top Post Ad

Below Post Ad