മെല്‍ബണ്‍ (www.evisionnews.in): രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ പ്രഖ്യാപിച്ച ലോക ഇലവനില്‍ ഇന്ത്യക്കാര്‍ക്ക് സമ്പൂര്‍ണ നിരാശ. ലോകകപ്പില്‍ സെമി വരെയെത്തിയ ഇന്ത്യന്‍ ടീമിന്റേത് മികച്ച പ്രകടനമായിരുന്നെങ്കിലും ഒരു ഇന്ത്യന്‍ താരത്തിന് പോലും ഐസിസിയുടെ ലോക ഇലവനില്‍ സ്ഥാനം നേടാനായില്ല. ന്യൂസീലന്‍ഡ് നായകന്‍ ബ്രണ്ടന്‍ മക്കല്ലം നയിക്കുന്ന ടീമില്‍ ഏറ്റവും കൂടുതലുള്ളത് കിവീസ് താരങ്ങള്‍ തന്നെ. ലോകകപ്പ് ചാംപ്യന്‍മാരായ ഓസ്‌ട്രേലിയന്‍ താരങ്ങള്‍ പോലും അതിനു പിന്നിലേ വരൂ.
ഐസിസിയുടെ ലോക ഇലവനില്‍ ലോകകപ്പിലെ രണ്ടാം സ്ഥാനക്കാരായ ന്യൂസീലന്‍ഡില്‍ നിന്ന് അഞ്ചു താരങ്ങളും ചാംപ്യന്‍മാരായ ഓസ്‌ട്രേലിയയില്‍ നിന്ന് മൂന്നു താരങ്ങളും ഇടം നേടി. നായകന്‍ മക്കല്ലത്തിന് പുറമെ, കോറി ആന്‍ഡേഴ്‌സന്‍, ട്രെന്റ് ബോള്‍ട്ട്, മാര്‍ട്ടിന്‍ ഗുപ്റ്റില്‍, ഡാനിയല്‍ വെട്ടോറി എന്നിവരാണ് ലോക ഇലവനില്‍ സ്ഥാനം നേടിയ കിവീസ് താരങ്ങള്‍. ഓസ്‌ട്രേലിയന്‍ ടീമില്‍ നിന്ന് ഗെന്‍ മാക്‌സ്വെല്‍, സ്റ്റീവന്‍ സ്മിത്ത്, ലോകകപ്പിന്റെ താരം മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവരും ലോക ഇലവനില്‍ സ്ഥാനം കണ്ടെത്തി.
ഇവര്‍ക്കു പുറമെ, എ.ബി. ഡിവില്ലിയേഴ്‌സ്, മോണി മോര്‍ക്കല്‍ എന്നീ ദക്ഷിണാഫ്രിക്കന്‍ താരങ്ങളും, തുടര്‍ച്ചയായി നാലു സെഞ്ചുറികള്‍ നേടി ചരിത്രം സൃഷ്ടിച്ച ശ്രീലങ്കയുടെ കുമാര്‍ സംഗക്കാരയും ലോക ഇലവനിലുണ്ട്. ലോകകപ്പോടെ രാജ്യാന്തര ക്രിക്കറ്റ് കരിയര്‍ അവസാനിപ്പിച്ച സിംബാബ്വെ താരം ബ്രണ്ടന്‍ ടെയ്‌ലറാണ് ടീമിലെ പന്ത്രണ്ടാമന്‍.
ഐസിസി ജനറല്‍ മാനേജര്‍ ജിയോഫ് അലാര്‍ഡൈസിന്റെ നേതൃത്വത്തിലുള്ള പാനലാണ് ലോക ഇലവനെ തിരഞ്ഞെടുത്തത്.
Keywords: sports-indian-star-tailor-wicket-worldcup

Post a Comment
0 Comments