Type Here to Get Search Results !

Bottom Ad

സിംബാവെ-യു.എ.ഇ ലോകകപ്പ് മത്സരത്തില്‍ തിളങ്ങി മലയാളി; 28ന് ഇന്ത്യക്കെതിരെ പാഡ് കെട്ടും

നെല്‍സണ്‍: (www.evisionnews.in)  കേരളത്തിനുവേണ്ടി അണ്ടര്‍ 19 ക്രിക്കറ്റ് കളിക്കുമ്പോള്‍ ശ്രീശാന്തിനൊപ്പം ഒരു മുറി പങ്കിട്ടിട്ടുണ്ട് കൃഷ്ണചന്ദ്രന്‍ എന്ന കൊലങ്കോട്ടുകാരന്‍. ശ്രീശാന്ത് അവിടെ നിന്ന് വളര്‍ന്ന് ഇന്ത്യയ്ക്കുവേണ്ടി ലോകകപ്പ് കളിച്ചു. കൃഷ്ണചന്ദ്രന്‍ ക്രിക്കറ്റ് ഉപേക്ഷിച്ച് നിത്യവൃത്തി തേടി ദുബായിലേയ്ക്ക് പറക്കുകയും ചെയ്തു.
വര്‍ഷങ്ങള്‍ക്കു ശേഷം ശ്രീശാന്ത് ക്രിക്കറ്റില്‍ നിന്ന് ബഹിഷ്‌കൃതനായി വീട്ടിലിരുന്ന് ലോകകപ്പ് കാണുമ്പോള്‍ കൃഷ്ണചന്ദ്രന്‍ ലോകകപ്പില്‍ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. ഈ ലോകകപ്പിലെ ഏക മലയാളി സാന്നിധ്യമാണ് പാലക്കാട്ടുകാരനായ ഈ ഇരുപത്തിയൊന്‍പതുകാരന്‍.
അരങ്ങേറ്റം ഒട്ടും മോശമാക്കിയില്ല കൃഷ്ണചന്ദ്രന്‍. 63 പന്തില്‍നിന്ന് 34 റണ്‍സ്. മൂന്ന് ബൗണ്ടറി അടങ്ങുന്നതായിരുന്നു ഇന്നിങ്‌സ്. മുന്‍ നായകന്‍ ഖുറാം ഖാനൊപ്പം 86 മിനിറ്റ് ക്രീസില്‍ നിന്ന കൃഷ്ണചന്ദ്രന്റെ ചെറുത്തുനില്‍പ്പിലാണ് വലിയ തകര്‍ച്ചയില്‍ നിന്ന് യു. എ.ഇ. കരകയറിയത്. ഖുറാമിനൊപ്പം 82 റണ്‍സിന്റെ കൂട്ടുകെട്ടാണ് കൃഷ്ണചന്ദ്രന്‍ പടുത്തുയര്‍ത്തിയത്. യു.എ.ഇയുടെ ലോകകപ്പിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ കൂട്ടുകെട്ടാണിത്.
സുനില്‍ വാല്‍സനും ശ്രീശാന്തിനും ശേഷം ലോകകപ്പ് കളിക്കുന്ന മലയാളിയും ഈ ലോകകപ്പിലെ ഏക മലയാളിതാരവുമാണ് കിച്ചു എന്ന കൃഷ്ണചന്ദ്രന്‍.
സന്നാഹമത്സരങ്ങളില്‍ കരുത്തരായ ഓസ്‌ട്രേലിയക്കെതിരെ മൂന്നുവിക്കറ്റ് സ്വന്തമാക്കിയ കൃഷ്ണചന്ദ്രന്‍ അഫ്ഗാനിസ്ഥാനെതിരെ 49 റണ്‍സും രണ്ട് വിക്കറ്റും നേടിയതിനൊപ്പം രണ്ട് റണ്ണൗട്ടുകള്‍ക്കും കാരണമായി. 
പാലക്കാട് കൊല്ലങ്കോട് താസില്‍ദാര്‍പാടം 'കൃഷ്ണകൃപ'യില്‍ രവീന്ദ്രനാഥന്റെയും ശോഭയുടെയും മകനാണ്.
ചെന്നൈയിലെ സ്‌കൂള്‍ പഠനകാലത്താണ് ക്രിക്കറ്റിനെ ഗൗരവമായി കാണുന്നത്. ബാംഗ്ലൂര്‍ സര്‍വകലാശാലയ്ക്കുവേണ്ടിയും വിസ്സിട്രോഫിയിലും കളിച്ചു. 2005ല്‍ ഇന്ത്യന്‍ സര്‍വകലാശാലാടീമില്‍ എത്തി. ഓസ്‌ട്രേലിയയില്‍ സൗത്ത് വെയില്‍സ് യൂണിവേഴ്‌സിറ്റിക്കെതിരെയും കളിച്ചു.
പാലക്കാട് ഗ്യാലക്‌സി ക്രിക്കറ്റ് ക്ലബ്ബ് അംഗമായിരുന്ന കൃഷ്ണചന്ദ്രന്‍ കേരളത്തിനുവേണ്ടി അണ്ടര്‍ 19, അണ്ടര്‍ 22, അണ്ടര്‍ 25, ട്വന്റി20, ലിസ്റ്റ് 'എ' 50 ഓവര്‍ മാച്ച് എന്നിവയൊക്കെ കളിച്ചിട്ടുണ്ട്. ഇന്ത്യന്‍താരങ്ങളായിരുന്ന ശ്രീശാന്തിനും ടിനുയോഹന്നാനുമൊപ്പം കളിച്ച പരിചയവും കൃഷ്ണചന്ദ്രന് കരുത്താകുന്നു. 2010ല്‍ ജോലിതേടി ദുബായിലെത്തിയതോടെയാണ് കൃഷ്ണചന്ദ്രന്റെ സമയം തെളിഞ്ഞത്. ഫ്‌ലൈ എമിറേറ്റ്‌സില്‍ സീനിയര്‍ കാര്‍ഗോ കസ്റ്റമര്‍ സര്‍വീസ് ഏജന്റാണ്. യു.എ.ഇ. ടീം വൈസ് ക്യാപ്റ്റനുമായിരുന്നു.
28ന് പെര്‍ത്തില്‍ ഇന്ത്യയുമായുള്ള മത്സരം ഏറെ പ്രാധാന്യത്തോടെയാണ് കൃഷ്ണചന്ദ്രന്‍ കാണുന്നത്. ഇന്ത്യന്‍ ടീമിന്റെ ശക്തിയില്‍ സംശയമൊന്നുമില്ല. എങ്കിലും മികച്ച കളി കളിക്കുമെന്ന് ഈ സച്ചിന്‍തെണ്ടുല്‍ക്കറുടെ ആരാധകന്‍ പറഞ്ഞു. കൃഷ്ണചന്ദ്രന്റെ അനുജന്‍ സേതുരാജും യു.എ.ഇ.യിലാണ്. അവിടെ ആര്‍.എ.കെ. ബാങ്ക് ടീമിനുവേണ്ടി കളിക്കുന്നു.

evisionnews


Keywords: Zimbawe, U.A.E world cup, Krishna Chandran, Palakkad, Shree Shanth

Tags

Post a Comment

0 Comments

Top Post Ad

Below Post Ad