കാസര്‍കോട് (www.evisionnews.in); കുട്ടികളുടെ ബൗദ്ധിക-മാനസിക വികസനം ലക്ഷ്യമാക്കി ഹോമിയോപ്പതി വകുപ്പ് നടപ്പിലാക്കിയ സദ്ഗമയ പദ്ധതി സേവനം ഇനി ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഹോമിയോ ആശുപത്രികളിലും ലഭിക്കും. ജില്ലയിലെ സര്‍ക്കാര്‍ ഹോമിയോ ഡിസ്‌പെന്‍സറികളിലും താലൂക്ക് ഹോമിയോ ആശുപത്രികളായ നീലേശ്വരം, കളനാട്, കാഞ്ഞങ്ങാട് ജില്ലാ ഹോമിയോ അശുപത്രി എന്നിവിടങ്ങളിലും സദ്ഗമയ പദ്ധതിയുടെ സേവനം എല്ലാ ശനിയാഴ്ചകളിലും ഉച്ചയ്ക്ക് 12 മണി മുതല്‍ മൂന്ന് വരെ ലഭിക്കും. പദ്ധതിയുടെ നടത്തിപ്പിന് വേണ്ടി രണ്ടര ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. പദ്ധതിയുടെ ഭാഗമായി വിദഗ്ധ പരിശീലനം ലഭിച്ച ഹോമിയോപ്പതി ഡോക്ടര്‍മാര്‍, സൈക്കോളജിസ്റ്റ് എന്നിവരുടെ സേവനവും കുട്ടികള്‍ക്ക് ലഭിക്കും.
കുട്ടികളുടെ ബൗദ്ധിക പിന്നോക്കാവസ്ഥ, പഠനവൈകല്യങ്ങള്‍, ശ്രദ്ധക്കുറവ്, അക്രമവാസന, ലഹരി വസ്തുക്കളുടെ ഉപയോഗം, ആത്മഹത്യാപ്രവണത, അമിതക്ഷോഭം, പല തരത്തിലുളള മാനസിക വൈകല്യങ്ങള്‍ തുടങ്ങിയവ ശരിയായ കൗണ്‍സിലിംഗിലൂടെയും മരുന്നിലൂടെയും മാറ്റിയെടുക്കുന്നതിനുള്ള പദ്ധതിയാണ് സദ്ഗമയ. കുട്ടികളുടെ ആരോഗ്യ സംരക്ഷണവും സമഗ്ര വ്യക്തിത്വ വികസനവുമാണ് പദ്ധതി ലക്ഷ്യമിടുന്നത്.
പദ്ധതിയുടെ ഭാഗമായി കുട്ടികളിലെ മാനസിക പിരിമുറുക്കം കുറയ്ക്കുന്നതിനും പരീക്ഷയെ ഭയാശങ്കകളില്ലാതെ നേരിടുന്നതിനുമുളള ബോധവല്‍ക്കരണ ക്ലാസ്സുകളും ജില്ലയിലെ വിവിധ സര്‍ക്കാര്‍ സ്‌കൂളുകളില്‍ സംഘടിപ്പിച്ചിട്ടുണ്ട്. 2003 ല്‍ കോട്ടയത്തെ പെരിങ്ങളം സെന്റ് അഗസ്റ്റിന്‍ സ്‌കൂളിലാണ് സദ്ഗമയ പദ്ധതി ആദ്യമായി നടപ്പിലാക്കിയത്.
ഓരോ സര്‍ക്കാര്‍ ഹോമിയോ സ്ഥാപനങ്ങളുടെയും പരിധിയിലുളള സ്‌കൂളുകളിലും സദ്ഗമയ പദ്ധതിയെക്കുറിച്ചുളള ക്ലാസ്സ്, സെമിനാര്‍ സംഘടിപ്പിക്കുമെന്നും ജില്ലാ കണ്‍വീനര്‍ ഡോ. പി രതീഷ് അറിയിച്ചു. ക്ലാസ്സ്, സെമിനാര്‍ നടത്താന്‍ താത്പര്യമുളള സ്‌കൂളുകള്‍ തൊട്ടടുത്ത സര്‍ക്കാര്‍ ഹോമിയോ സ്ഥാപനങ്ങളുമായോ, ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസുമായോ ബന്ധപ്പെടണം.
Keywords: Kasaragod-news-sadgamaya-govt-hospital-homeopathi-class-sent-agestin-doctors
.jpg)
Post a Comment
0 Comments