Type Here to Get Search Results !

Bottom Ad

മോദിയുടെ 'വിവാദക്കുപ്പായ'ത്തിന് ലേലവാഗ്ദാനം 1.21 കോടി

സൂറത്ത്: (www.evisionnews.in)  പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 'വിവാദക്കുപ്പായം' സ്വന്തമാക്കാന്‍ കോടീശ്വരന്‍മാര്‍ വരവായി. 
ഗുജറാത്തിലെ സൂറത്തില്‍ ലേലത്തിന് വെച്ച സ്യൂട്ടിന് ആദ്യദിവസമായ ബുധനാഴ്ച പറഞ്ഞ മോഹവില 1.21 കോടി രൂപ!. സൂറത്തിലെ വ്യാപാരി രാജേഷ് ജുനേജയാണ് കോടി നല്‍കി കോട്ട് സ്വന്തമാക്കാന്‍ രംഗത്തുള്ളത്. ലേലം വെള്ളിയാഴ്ച വരെയുണ്ട്. അതിനാല്‍ തുക ഇതിലും കൂടാം.
യു.എസ്. പ്രസിഡന്റ് ബരാക് ഒബാമയുടെ ഇന്ത്യാ സന്ദര്‍ശനവേളയില്‍ മോദി ധരിച്ച സ്യൂട്ടാണ് വന്‍വിവാദത്തിനിടയാക്കിയത്. മോദിയുടെ പേരുതുന്നിയ സ്യൂട്ടിന് പത്തുലക്ഷമാണ് വിലയെന്നും അദ്ദേഹത്തിന് പുറംമോടിയില്‍ മാത്രമാണ് കമ്പമെന്നും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി ആരോപിച്ചു. കോട്ട് ആരോപണങ്ങള്‍ക്കിടയാക്കിയത് ബി.ജെ.പിക്ക് വലിയ തലവേദനയായി. തുടര്‍ന്നാണ് ലേലത്തില്‍ വെക്കാന്‍ തീരുമാനിച്ചതെന്നാണ് പാര്‍ട്ടിവൃത്തങ്ങള്‍ നല്‍കുന്ന സൂചന.
ഗംഗ ശുദ്ധീകരണത്തിന് പണംസമാഹരിക്കാനെന്ന പേരിലാണ് ലേലം നടക്കുന്നത്. അഹമ്മദാബാദിലെ 'ജെയ്ഡ് ബ്ലു' വസ്ത്രനിര്‍മാണ കമ്പനിയാണ് സ്യൂട്ട് ഡിസൈന്‍ ചെയ്തത്. പ്രധാനമന്ത്രിയായശേഷം നാട്ടില്‍ നിന്നും വിദേശത്തുനിന്നും മോദിയ്ക്ക് ലഭിച്ച നാനൂറ്റമ്പതോളം സമ്മാനങ്ങളും ഇതിനൊപ്പം േലലത്തിനുണ്ട്. സൂറത്തിലെ സിറ്റിലൈറ്റ് റോഡിലെ സയന്‍സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ലേലത്തിന്റെ ചുമതല പ്രധാനമന്ത്രിയുടെ ഓഫീസിനാണ്. പങ്കജ് മഹേശ്വരി (11 ലക്ഷം രൂപ), രാജു അഗര്‍വാള്‍ (51 ലക്ഷം രൂപ) എന്നിവരാണ് മോദിയുടെ കുപ്പായം സ്വന്തമാക്കാന്‍ ആദ്യമെത്തിയത്. എന്നാല്‍, സുരേഷ് അഗര്‍വാള്‍ എന്ന വ്യവസായി ഒരു കോടി പറഞ്ഞതോടെ കുപ്പായത്തിന്റെ മൂല്യം കുത്തനെ ഉയര്‍ന്നു. വിദേശ ഇന്ത്യക്കാരന്‍ വിരേല്‍ ചൗകി 1.11 കോടി രൂപ വാഗ്ദാനം ചെയ്തു. ജുനേജ ഇതിനെയും കടത്തിവെട്ടി.
ലേലത്തിലൂടെ കിട്ടുന്ന തുകമുഴുവന്‍ ഗംഗ ശുദ്ധീകരണനിധിയിലേക്ക് നല്‍കും. നിധി വിപുലപ്പെടുത്താന്‍ ഇത്തരം ലേലങ്ങള്‍ രാജ്യത്തിന്റെ മറ്റുഭാഗങ്ങളിലും നടത്തും. ഗുജറാത്തില്‍ നടക്കുന്ന ലേലത്തില്‍ മുഖ്യമന്ത്രി ആനന്ദി ബെന്‍ പട്ടേലിന് ലഭിച്ച സമ്മാനങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

evisionnews


Keywords: Modi, Dress, offer, 1.1 crore, his name, ten lakh
Tags

Post a Comment

0 Comments

Top Post Ad

Below Post Ad