Type Here to Get Search Results !

Bottom Ad

ഡോക്ടറുടെ മരണം വൈറലാക്കുന്നവരോട്

കെ.പി.എസ് വിദ്യാനഗര്‍

evisionnews


ഒരു മരണം നല്‍കിയ ഷോക്കില്‍ നിന്നും നാം ഇനിയും മോചിതമായിട്ടില്ല. മാതൃകാപരമായിരുന്നു ആ ജീവിതം. തിരിച്ചറിയാന്‍ വൈകിയെങ്കിലും ഒരു സമൂഹം മുഴുവനും ആ വിടവില്‍ ദു:ഖിക്കുന്ന കാഴ്ചയാണ് നവ മാധ്യമങ്ങളില്‍ നാം കണ്ടത്. പതിനായിരങ്ങള്‍ ഒരാത്മാവിനെ കുറിച്ചെഴുതി, കണ്ണീര്‍ വാര്‍ത്തു,ആ സല്‍കര്‍മ്മങ്ങളെ വാഴ്ത്തി,പ്രചോദനമാകട്ടെ എന്നാശംസിച്ചു. പാവങ്ങളുടെ അത്താണിയായിരുന്ന ആ ഡോക്ടറോട് കാണിക്കുന്ന സ്‌നേഹം, ആ നഷ്ടത്തില്‍ പ്രകടിപ്പിക്കുന്ന ദു:ഖം ഒരുപാട് പാഠങ്ങള്‍ നമുക്ക് പറഞ്ഞു തരുന്നു.ഒപ്പം ആശങ്കയും.
ഇന്ന് പൊഴിച്ച കണ്ണീരിനേക്കാള്‍ മൂല്യമുണ്ടാകുമായിരുന്നു അവസാന ഘട്ടങ്ങളില്‍ അദ്ദേഹം അനുഭവിച്ച മാനസിക പീഢനങ്ങളുടെ സമയത്ത് നമ്മുടെ ഓരോ സ്‌നേഹ വാക്കുകള്‍ക്കും മരണത്തിന്റെ രണ്ട് ദിവസം മുമ്പ് എനിക്കെന്തെങ്കിലും സംഭവിച്ചാല്‍ അധികാരികളായിരിക്കും ഉത്തരവാദികള്‍ എന്ന് പോസ്റ്റ് ചെയ്യുമ്പോള്‍ അത് കണ്ടുനിന്നവര്‍ ഇന്നത് ഷെയര്‍ ചെയ്യുന്ന കാഴ്ച വേദനാജനകമാണ്.
അതിനേക്കാള്‍ സങ്കടകരമായി തോന്നുന്നത് ഡോക്ടര്‍ ഷാനവാസിന്റെ മരണത്തില്‍ അനുശോചന കുറിപ്പുകളുടെ പ്രഹരമായിരുന്ന സമയത്ത് അദ്ദേഹത്തെകുറിച്ച് ഒന്നുമറിയാത്തവര്‍ പോലും വൈറലുകളില്‍ പങ്കാളികളാവാനായി എന്തൊക്കയോ വന്നു പറഞ്ഞു എന്നതാണ്. സമൂഹം ചര്‍ച്ച ചെയ്യുന്ന വിഷയത്തില്‍ ഞാനും പങ്കാളിയായി എന്ന് ധ്വനിപ്പിക്കുന്നവര്‍.
അങ്ങിനെ തന്റെ സമൂഹ പ്രതിബദ്ധത കാത്തുസൂക്ഷിക്കുന്നു എന്ന് കരുതി ആത്മ സായൂജ്യമടിയുന്നവര്‍. വേദനാജനകമായ ഈ പ്രവണത സമൂഹ്യ മാധ്യമങ്ങളില്‍ കൂടിവരികയാണിപ്പോള്‍. മറ്റു ചിലര്‍ ഡോക്ടറുടെ ഫോട്ടോയാക്കി മാറ്റി.ഇന്നും ആ മുഖമുള്ള ചില ഐഡിയകള്‍ മറ്റു പോസ്റ്റുകള്‍ക്കു കീഴെ തമാശ കമന്റുകളും മറ്റും പോസ്റ്റു ചെയ്യുമ്പോള്‍ ഡോക്ടറെ അറിയാവുന്നവരുടെ മനസ്സില്‍ സങ്കടവും അലോസരവും ഉണ്ടാക്കുന്നു.
എന്തായിരുന്നു ആ ജീവിതമെന്ന് പഠിക്കാനും അത് ഉള്‍കൊണ്ട് നമ്മുടെ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാനും ശ്രമിക്കുന്നവര്‍ വിരളമാണ്.മാധ്യമങ്ങള്‍ സ്വാധീനവലയങ്ങളില്‍ പെടുന്നുവെന്നും തിരക്കഥകള്‍ രചിക്കുന്നുവെന്നും അഭിപ്രായമുള്ളപ്പോള്‍ തന്നെ നവമാദ്യമങ്ങള്‍ പറയുന്നതെല്ലാം സത്യമാണെന്ന നിര്‍ബന്ധ ബുദ്ധിയും ചിലര്‍ക്കുണ്ട്. അത് കൊണ്ടാവണം ചില വൈറലുകളെ മനപ്പൂര്‍വ്വം സൃഷ്ടിക്കപെടുന്നതും.എം.ബി.ബി.എസ് ബിരുദം ധനാകര്‍ഷണ യോഗ്യതയാണെന്ന ധാരണയുള്ള മറ്റു ചില ഡോക്ടര്‍മാരില്‍ നിന്നും തികച്ചും വെത്യസ്തനായിരുന്നു ഷാനവാസ് ഡോക്ടര്‍.തന്റെ മുഴുവന്‍ വരുമാനവും പാവങ്ങളായ രോഗികള്‍ക്കും ആദിവാസികള്‍ക്കുമായി ചിലവിട്ടിരുന്ന ഡോക്ടര്‍ക്ക് ജീവകാരുണ്യ പ്രവര്‍ത്തനം ഭ്രാന്തമായ ഒരു ലഹരിയായിരുന്നു.ആദിവാസികള്‍ ഉള്‍പെടുന്ന സമൂഹത്തില്‍ കഷ്ടതയും അവശതയും അനുഭവിക്കുന്നവര്‍ക്ക് മരുന്നും ഭക്ഷണവും വസ്ത്രങ്ങളും നല്‍കിയിരുന്നു അദ്ദേഹം.
ഇടയ്ക്ക് തനിക്ക് സഹായമാകാറുള്ള സുഹൃത്തുക്കളുമായി ചേര്‍ന്ന് ആത്മ എന്ന സംഘടനയ്ക്കും രൂപം നല്‍കിയിരുന്നു. രോഗികള്‍ക്ക് സൗജന്യമായി മരുന്ന് വിതരണം നടത്തിയിരുന്നത് മരുന്ന് കമ്പനികളുടെ അനിഷ്ടത്തിന് പാത്രമായിരുന്നു.മാത്രമല്ല ആരോഗ്യ വകുപ്പിലെ കൊള്ളരുതായ്മകളേയും മരുന്ന് കമ്പനി-അനധികൃത അവിശുദ്ധ കൂട്ട്‌കെട്ടുകളെയും അദ്ദേഹം തുറന്ന് കാട്ടി. മുഖം നോക്കാതെയുള്ള ഡോക്ടറുടെ ഇടപെടലുകള്‍ ചിലരുടെ വിദ്വേഷം സമ്പാദിച്ചു.
മദ്യപിച്ച് രോഗികളെ പരിശോധിച്ചു എന്ന് പറഞ്ഞ് ബഹളവും സ്ഥലം മാറ്റവും ഉണ്ടായി.അത് മാധ്യമങ്ങള്‍ വാര്‍ത്തയുമാക്കി.പിന്നീട് നിരപരാധയായണെന്ന് തെളിെഞ്ഞങ്കിലും ഇത് അദ്ദേഹത്തെ മാനസികമായി വല്ലാതെ വേദനിപ്പിച്ചു.അതിനു കാരണക്കാരായ ഉദ്ദ്യോഗസ്ഥരെ കുറിച്ച് ഫേസ്ബുക്കില്‍ എഴുതി.പല സത്യങ്ങളും തുറന്നുപറയുമെന്നും എഴുതി.ഇതില്‍ വിരളി പൂണ്ട അധികാരികള്‍ അദ്ദേഹത്തെ അകാരണമായി സ്ഥലം മാറ്റി ദ്രോഹിച്ചു.
ഇതിനുപിന്നില്‍ കോണ്‍ഗ്രസിലെ ഒരു മന്ത്രിക്കും പങ്കുണ്ടതായി ഡോക്ടര്‍ പറഞ്ഞിരുന്നു.,അതൊന്നും ഇന്നീ പറയുന്ന അനുഭാവ പ്രകടനങ്ങളൊന്നും സോഷ്യല്‍ മീഡിയയില്‍ കണ്ടിരുന്നുല്ല.അന്നതുണ്ടായുരുന്നെങ്കില്‍ ഇത്രയും കടുത്ത മാനസികസമ്മര്‍ദ്ദം അദ്ദേഹത്തിനുണ്ടാവുമായിരുന്നില്ല. ഇപ്പോള്‍ അദ്ദേഹത്തിന്റെ വ്യക്തിപരമായ ബലഹീനതകള്‍ സമൂഹമാധ്യമങ്ങളിലൂടെ ചിലര്‍ ചര്‍ച്ച ചെയ്യുന്നത് കാണുമ്പോള്‍ അത്തരക്കാരോട് സഹതാപം തോന്നുന്നു. ആതുര സേവന രംഗത്തായിരുന്നു അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നത്.
ആ മേഖലയില്‍ സമ്പൂര്‍ണ്ണ വിജയവും മാതൃകാപരവുമായിരുന്നു മനുഷ്യസ്‌നേഹിയായിരുന്ന ആ ഡോക്ടര്‍.ജീവിച്ചിരിക്കുമ്പോള്‍ തിരിഞ്ഞുനോക്കാത്തവര്‍ ഇപ്പോള്‍ കിട്ടാതെപോയ നീതിയെകുറിച്ച് ആവലാതിപെടുന്നു.ഇനി വേണ്ടത് വൈറലുകളല്ല ആ മാതൃകകളാണ്.ആ ജീവിതം സ്വജീവിതത്തില്‍ പകര്‍ത്തിയാവട്ടെ അദ്ദേഹത്തോടുള്ള നമ്മുടെ സ്‌നേഹപ്രകടനം.



Keywords: Doctor, viral, Dr. Shanavas, Adivasi, drug, free, congress, evisionnews.in,

Tags

Post a Comment

0 Comments

Top Post Ad

Below Post Ad