കാസര്‍കോട്:(www.evisionnews.in) കേരളത്തില്‍ 27 വര്‍ഷത്തിനുശേഷമെത്തിയ ദേശീയഗെയിംസിലേക്കുളള ദീപശിഖ നാളെ 9.30ന് കാസര്‍കോട്ടു നിന്നാരംഭിക്കും. കാസര്‍കോട് കോളേജ് ഗ്രൗണ്ടില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വര്‍ണ്ണാഭമായ ചടങ്ങില്‍ വെച്ച് ഒളിമ്പ്യന്‍ പിടി ഉഷയ്ക്ക് കൈമാറും. തുടര്‍ന്ന് അത്‌ലറ്റുകള്‍ ഏറ്റുവാങ്ങുന്ന ദീപശിഖയ്ക്ക് പഞ്ചായത്ത് -നഗരസഭകേന്ദ്രങ്ങളില്‍ ഊഷ്മള വരവേല്‍പ്പ് നല്‍കും. അയ്യായിരത്തിലധികം പേര്‍ പങ്കെടുക്കുന്ന ദീപശിഖാ റിലേ കൈമാറ്റചടങ്ങുകളും സ്വീകരണങ്ങളും കാസര്‍കോടിന്റെ ചരിത്രത്തിലെ അവിസ്മരണീയ സംഭവമാക്കിമാറ്റാന്‍ നാടൊരുങ്ങിക്കഴിഞ്ഞു.
സപ്ത ഭാഷ സംഗമഭൂമിയായ കാസര്‍കോടിന്റെ കലാ- സാംസ്‌ക്കാരിക വൈവിധ്യങ്ങള്‍ കൂടി ഉള്‍ക്കൊളളുന്ന ഗംഭീര ചടങ്ങായിരിക്കും കാസര്‍കോട് കോളേജ് ഗ്രൗണ്ടില്‍ ഒരുക്കുക. ശിങ്കാരി മേളങ്ങളും ബാന്റ് വാദ്യങ്ങളും നിശ്ചല-ചലന ദൃശ്യങ്ങളും ബലൂണ്‍ പറത്തലുമെല്ലാം ചടങ്ങിന് മാറ്റു കൂട്ടും. സമീപത്തെ കോളേജ് -സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍, എന്‍.എസ്.എസ് ,സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റ്, എന്‍.സി.സി, നെഹ്‌റു യൂത്ത് ക്ലബ്ബ്, മറ്റ് ക്ലബ്ബുകള്‍, സാംസ്‌ക്കാരിക സംഘടനാ പ്രവര്‍ത്തകര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍, നേതാക്കള്‍ തുടങ്ങി എല്ലാ മേഖലയിലുംപെട്ടവര്‍ ദീപശിഖാറിലേ കൈമാറ്റചടങ്ങില്‍ സംബന്ധിക്കും.
ബലൂണ്‍ പറത്തലും മധുരപലഹാരവിതരണവും ഇതിന്റെ ഭാഗമായുണ്ടാകും. ജില്ലയില്‍ ചെര്‍ക്കള, ചട്ടഞ്ചാല്‍, പെരിയബസാര്‍, കാഞ്ഞങ്ങാട് , നീലേശ്വരം, ചെറുവത്തൂര്‍, കാലിക്കടവ് എന്നിവിടങ്ങളിലാണ് ദീപശിഖാറിലേയ്ക്ക് സ്വീകരണം നല്‍കുന്നത്. സമീപ പ്രദേശങ്ങളിലെ സ്‌കൂള്‍- കോളേജ് കുട്ടികളും ബഹുജനങ്ങളും സ്വീകരണത്തില്‍ സംബന്ധിക്കും. ഇവിടങ്ങളിലെത്തുന്ന റിലേയെ ബന്ധപ്പെട്ട പഞ്ചായത്ത് നഗരസഭ അധ്യക്ഷന്‍മാര്‍ ഏറ്റുവാങ്ങി അത്‌ലറ്റുകള്‍ക്ക് കൈമാറും. പി കരുണാകരന്‍ എം.പി, ജില്ലയിലെ എംഎല്‍എ മാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്, കളക്ടര്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയനേതാക്കള്‍, ദേശീയ അന്തര്‍ദേശീയ കായിക താരങ്ങള്‍ എന്നിവരും ദീപശിഖാ കൈമാറ്റ ചടങ്ങില്‍ സംബന്ധിക്കും.
keywords : national-games-kasaragod-history-

Post a Comment
0 Comments