Type Here to Get Search Results !

Bottom Ad

ഉപതെരെഞ്ഞെടുപ്പ് യുഡിഎഫിന് ഉജ്ജ്വല വിജയം


കാഞ്ഞങ്ങാട്: (www.evisionnews.in)  അജാനൂര്‍ ഗ്രാമപഞ്ചായത്തില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന മഡിയന്‍, ചിത്താരി വാര്‍ഡുകളില്‍ യു ഡി എഫിന് തകര്‍പ്പന്‍ വിജയം. മഡിയന്‍ വാര്‍ഡില്‍ യു ഡി എഫിലെ എം എം അബ്ദുള്‍ റഹിമാന്‍ 424 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ സീറ്റ് നിലനിര്‍ത്തി. അബ്ദുള്‍ റഹിമാന്‍ 847 വോട്ട് നേടിയപ്പോള്‍ പ്രധാന എതിരാളി സി പി എമ്മിലെ പി രാമകൃഷ്ണന് 423 വോട്ട് ലഭിച്ചു. ബി ജെ പി യെ പ്രതിനിധീകരിച്ച് മത്സരിച്ച ടി വി അനിത 220 വോട്ട് നേടി ഈ വാര്‍ഡില്‍ നില മെച്ചപ്പെടുത്തി.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ യു ഡി എഫിലെ യു വി ഹസൈനാര്‍ 326 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്  ജയിച്ചത്. അദ്ദേഹത്തിന്റെ ആകസ്മിക നിര്യാണത്തെ തുടര്‍ന്നാണ് മഡിയന്‍ വാര്‍ഡില്‍ ഉപതിരഞ്ഞെടുപ്പ് നടത്തേണ്ടി വന്നത്. സി പി എമ്മില്‍ വോട്ട് ചോര്‍ച്ചയുണ്ടായെന്നാണ് ഫലം സൂചിപ്പിക്കുന്നത്. ബി ജെ പി ക്ക് ഈ വാര്‍ഡില്‍ നല്ല നിലവാരം പുലര്‍ത്താനും കഴിഞ്ഞു.
മഡിയന്‍ കൂലോം പാട്ടുത്സവത്തിന്റെ പീഠം എഴുന്നള്ളത്തിനിടയില്‍ പീഠ വാഹകനായിരുന്ന പൂരക്കളി പണിക്കറും കെ എസ് യു ജില്ലാ പ്രസിഡണ്ടുമായ ബി പി പ്രദീപ് കുമാറിനെ അടോട്ട് വെച്ച് അക്രമിച്ച  സംഭവം തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചു എന്നാണ് യു ഡി എഫ് കേന്ദ്രങ്ങള്‍ സൂചിപ്പിച്ചു. അതോടൊപ്പം ഗ്രാമപഞ്ചായത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ ഈ വാര്‍ഡിലെ വിജയത്തിന് നിദാനമായെന്നും യു ഡി എഫ് കേന്ദ്രങ്ങള്‍ അവകാശപ്പെട്ടു.
ഉപതിരഞ്ഞെടുപ്പ്  നടന്ന ചിത്താരി വാര്‍ഡില്‍ യു ഡി എഫ് നേടിയത് തകര്‍പ്പന്‍ വിയജമാണ്. എല്‍ ഡി എഫിന് രണ്ടക്ക നമ്പറിലും ബി ജെ പി യെ ഒറ്റ അക്ക നമ്പറിലും ഒതുക്കി 714 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് യു ഡി എഫിലെ ബി രാമകൃഷ്ണന്‍ വിജയിച്ചത്.
രാമകൃഷ്ണന്‍ 768 വോട്ട് നേടി. എതിര്‍ സ്ഥാനാര്‍ത്ഥി സി പി എമ്മിലെ എം  വിജയന് 54 വോട്ട് മാത്രമേ നേടാനായുള്ളൂ. ബി ജെ പി യിലെ കെ വി പവിത്രന്‍ നേടിയ വോട്ട് 3 മാത്രം. സംവരണ സീറ്റായ ചിത്താരിയിലെ ഗ്രാമപഞ്ചായത്ത് അംഗമായിരുന്ന വി ബാലന്‍ സര്‍ക്കാര്‍ ജോലി ലഭിച്ചതിനെ തുടര്‍ന്ന് മെമ്പര്‍ സ്ഥാനം രാജിവെച്ചതുമൂലമാണ് ചിത്താരി വാര്‍ഡില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. അജാനൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ഇന്ന് രാവിലെ 8 മണിക്ക് ആരംഭിച്ച വോട്ടെണ്ണല്‍ ഒരു മണിക്കൂറിനകം പൂര്‍ത്തിയായി. അബ്ദുള്‍ റഹിമാന്റെയും രാമകൃഷ്ണന്റെയും വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് യു ഡി എഫ് പ്രവര്‍ത്തകര്‍ ചിത്താരിയില്‍ നിന്നും മിയനിലേക്ക് പ്രകടനം നടത്തി.
അജാനൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് പി പി നസീമ ടീച്ചര്‍, യുഡിഎഫ് നേതാക്കളായ ബശീര്‍ വെള്ളിക്കോത്ത്, പി വി സുരേഷ്, വണ്‍ഫോര്‍ അബ്ദുള്‍ റഹ്മാന്‍, സി മുഹമ്മദ് കുഞ്ഞി, സി വി തമ്പാന്‍, എന്‍ വി അരവിന്ദാക്ഷന്‍ നായര്‍, ടി എ മൊയ്തു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.


evisionnews


Keywords: Bye election, victory for U.D.F, Manikkoth Madiyan, Muslim league candidate, Chithari,, Muslim league, Rama Krishnan, L.D.F, CP.M

Post a Comment

0 Comments

Top Post Ad

Below Post Ad