തിരുവനന്തപുരം: (www.evisionnews.in) കേരള കോണ്‍ഗ്രസ്(ബി) ചെയര്‍മാന്‍ ബാലകൃഷ്ണപിള്ളക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം. ‘പിള്ള തുള്ളിയാല്‍ മുട്ടോളം’ എന്ന തലക്കെട്ടോടെയെഴുതിയിരിക്കുന്ന മുഖപ്രസംഗത്തിലാണ് ബാലകൃഷ്ണപിള്ളയെ രൂക്ഷമായി വിമര്‍ശിക്കുന്നത്. അഴിമതിക്കെതിരെ പ്രസംഗിക്കുന്ന പിള്ള സ്വന്തം ഭൂതകാലം മറക്കരുതെന്ന് ലേഖനത്തില്‍ ഓര്‍മ്മപ്പെടുത്തുന്നു. ആത്മനാശ പ്രവര്‍ത്തനങ്ങളാണ് പിള്ള ചെയ്തുകൊണ്ടിരിക്കുന്നത്. ബാലകൃഷ്ണപിള്ളയുടെ അഴിമതി വിരുദ്ധ നിലപാട് കായംകുളം കൊച്ചുണ്ണിയുടെ സത്യപ്രബോധനം ആണെന്നും മുഖപ്രസംഗത്തില്‍ കളിയാക്കുന്നു.
കേരള കോണ്‍ഗ്രസുകളുടെ പിളര്‍പ്പുകളില്‍ പിള്ളയുടെ പങ്ക് ചിലപ്പോള്‍ ചെറുതും മറ്റു ചിലപ്പോള്‍ വലുതുമായിരുന്നു. അഴിമതിവരുദ്ധത പ്രസംഗിക്കുന്നതിന് മുന്‍പ് പിള്ള ഇടമലയാര്‍ കേസിന്റെയും ഗ്രാഫൈറ്റ്് കേസിന്റെയും പാപക്കറ കഴുകി ശുദ്ധി വരുത്തണം. മുഖ്യമന്ത്രിസ്ഥാനത്ത് ഉമ്മന്‍ചാണ്ടിയായിരുന്നില്ലെങ്കില്‍ ബാലകൃഷ്ണപിള്ള ഇന്ന് രാഷ്ട്രീയ തിരസ്‌കാരത്തിന്റെ വൃദ്ധസദനത്തില്‍ അവഗണിക്കപ്പെട്ടു കഴിയുന്ന രാഷ്ട്രീയ ഭിക്ഷാം ദേഹിയായി മാറുമായിരുന്നുവെന്ന് പറയുന്ന മുഖപ്രസംഗത്തില്‍ പിള്ളയുടെ മന്ത്രിസ്ഥാനം തെറുപ്പിച്ച കരുണാകരന്‍ ശൈലിയേ ഇത്തരക്കാരോട് പാടുള്ളൂ എന്നും വ്യക്തമാക്കുന്നു.
യുഡിഎഫില്‍ തന്റെ ഗജകേസരി യോഗം കഴിഞ്ഞുവെന്ന് വിശ്വസിക്കുന്ന ബാലകൃഷ്ണപിള്ള പുതിയ മേച്ചില്‍ പുറങ്ങള്‍ തേടി പോവുകയാണെങ്കില്‍ പോകട്ടെയെന്നും മുഖപ്രസംഗത്തില്‍ പറഞ്ഞുവെക്കുന്നു. പരിഹാസ്യതയാണ് പിള്ളയുടെ അഴിമതി വിരുദ്ധ നിലപാടുകള്‍ക്കുള്ളത്. പിള്ള തുള്ളിയാല്‍ മുട്ടോളം; പിന്നെ ചട്ടിയില്‍ എന്ന് പറഞ്ഞാണ് മുഖപ്രസംഗം അവസാനിപ്പിക്കുന്നത്.
Keywords: Pilla Thulliyal muttolam, Bala Krishna pilla, Congress mukhapathram

Post a Comment
0 Comments