ചണ്ഡീഗഢ് : (www.evisionnews.in) ഹരിയാനയിലെ റോത്തക്കില്‍ ബസ് യാത്രയ്ക്കിടെ ഉപദ്രവിച്ച യുവാക്കളെ അടിച്ചുവീഴ്ത്തിയ സഹോദരിമാരെ സംസ്ഥാനസര്‍ക്കാര്‍ റിപ്പബ്ലൂക് ദിനത്തില്‍ ആദരിക്കും. കോളേജ് വിദ്യാര്‍ഥിനികളായ ആരതികുമാര്‍, അനിയത്തി പൂജ എന്നിവര്‍ക്ക് പ്രത്യേക പാരിതോഷികം നല്‍കാനും മുഖ്യമന്ത്രി എം.എല്‍ ഖട്ടര്‍ നിര്‍ദേശംനല്‍കി. സോനിപതില്‍ കഴിഞ്ഞദിവസം തിരക്കേറിയ ബസ്സിലാണ് മൂന്ന് യുവാക്കള്‍ ചേര്‍ന്ന് ഇവരെ ശല്യപ്പെടുത്തിയത്. സഹിക്കാന്‍ വയ്യാത്ത ഘട്ടത്തിലെത്തിയപ്പോഴാണ് പ്രതികരിച്ചതെന്ന് പെണ്‍കുട്ടികള്‍ പറഞ്ഞു.
യാത്ര തുടങ്ങിയപ്പോള്‍ മൂത്ത പെണ്‍കുട്ടിയെ യുവാക്കള്‍ തലോടിയതോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. ഇത് ചോദ്യംചെയ്ത വിദ്യാര്‍ഥിനിയെ യുവാക്കളിലൊരാള്‍ കൈയേറ്റംചെയ്തു. ഉച്ചത്തില്‍ ഭീഷണിപ്പെടുത്തുകയുമുണ്ടായി. അതോടെ ഇളയ കുട്ടി സീറ്റില്‍നിന്ന് എഴുന്നേറ്റ് ബെല്‍റ്റൂരി യുവാക്കളിലൊരാളെ അടിച്ചുവീഴ്ത്തി.
പൊതിരെ തല്ലുകിട്ടിയതോടെ അക്രമികള്‍ ബസില്‍നിന്നും ചാടിരക്ഷപ്പെട്ടു. സഹയാത്രികര്‍ പ്രതികരിച്ചിരുന്നെങ്കില്‍ തങ്ങള്‍ക്ക് ഇത്തരമൊരു പ്രവൃത്തി ചെയ്യേണ്ടിവരികയില്ലായിരുന്നുവെന്നും വിദ്യാര്‍ഥിനികള്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇതേ ബസ്സില്‍ സഞ്ചരിച്ചിരുന്ന ഗര്‍ഭിണിയായ മറ്റൊരു യുവതി സംഭവം മൊബൈല്‍ഫോണ്‍ ക്യാമറയില്‍ പകര്‍ത്തി. ഇത് സാമൂഹികമാധ്യമങ്ങളില്‍ എത്തിയതോടെയാണ് വന്‍ചര്‍ച്ചയായത്.
അടിയന്തരഅന്വേഷണം നടത്താന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. വിദ്യാര്‍ഥിനികളെ ഉപദ്രവിച്ച മൂന്നുപേരെയും പോലീസ് അറസ്റ്റുചെയ്തിട്ടുണ്ട്. കരസേനാ റിക്രൂട്ട്‌മെന്റ് ക്യാമ്പില്‍ പങ്കെടുക്കാന്‍ പോവുകയായിരുന്നു യുവാക്കളെന്ന് പോലീസ് അറിയിച്ചു. ഇത്തരക്കാരെ സൈന്യത്തിലെടുക്കില്ലെന്ന് സൈനികവൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്.
പീഡനശ്രമം അറിഞ്ഞിട്ടും ബസ് പോലീസ് സ്റ്റേഷനിലേക്ക് വിടാതിരുന്ന ഡ്രൈവര്‍ക്കെതിരെയും പ്രതികരിക്കാതിരുന്ന കണ്ടക്ടര്‍ക്കെതിരെയും നിയമനടപടിയെടുക്കുമെന്ന് പോലീസ് പറഞ്ഞു.
Keywords: Trouble, torture, Hariyana, conductor, Honor, republic day, police station

Post a Comment
0 Comments