കൊല്‍ക്കത്ത: (www.evisionnews.in) സഹസ്രകോടികളുടെ ശാരദാ ചിട്ടിതട്ടിപ്പ് കേസില്‍ പശ്ചിമ ബംഗാള്‍ ഗതാഗത-കായികമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെ ഉന്നതനേതാവുമായ മദന്‍ മിത്രയെ സി.ബി.ഐ. അറസ്റ്റ് ചെയ്തു.
സംസ്ഥാനസര്‍ക്കാറിനും ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ്സിനും കനത്ത പ്രഹരമായി ഇത്. മുഖ്യമന്ത്രി മമതയുടെ ഏറ്റവുമടുത്ത വിശ്വസ്തനും തൃണമൂല്‍കോണ്‍ഗ്രസ്സിന്റെ സ്ഥാപകനേതാവുമാണ് മദന്‍മിത്ര. വെള്ളിയാഴ്ച കൊല്‍ക്കത്ത സാള്‍ട്ട്‌ലേക്ക് സി.ജി.ഒ. സമുച്ചയത്തിലുള്ള സി.ബി.ഐ. കാര്യാലയത്തില്‍ ചോദ്യംചെയ്യലിനായി വിളിച്ചുവരുത്തിയ അദ്ദേഹത്തെ വൈകിട്ട് നാലോടെയാണ് അറസ്റ്റ് ചെയ്തത്.
സാക്ഷിയെന്ന നിലയിലാണ് മിത്രയെ വിളിച്ചുവരുത്തിയത്. ശാരദ സി.ഇ.ഒ. സുദീപ്‌തോ സെന്നുമായുള്ള ചില ഇടപാടുകളില്‍ തൃപ്തികരമായ വിശദീകരണം നല്‍കാനാകാഞ്ഞതിനാലാണ് അറസ്റ്റുചെയ്തതെന്നാണ് സൂചന.
ചിട്ടിതട്ടിപ്പ് കേസില്‍ അറസ്റ്റിലാകുന്ന ആദ്യമന്ത്രിയാണ് മദന്‍മിത്ര. തൃണമൂലിന്റെ രാജ്യസഭാംഗങ്ങളായ കുനാല്‍ ഘോഷിനെയും ശ്രിഞ്‌ജോയ് ബോസിനെയും പാര്‍ട്ടി ഉപാധ്യക്ഷന്‍ രജത് മജുംദാറെയും നേരത്തേ അറസ്റ്റുചെയ്തിരുന്നു.
ശാരദ ഗ്രൂപ്പിന്റെ ഒട്ടേറെ പരിപാടികളില്‍ അതിഥിയായിരുന്ന മിത്ര ആയിരങ്ങള്‍ക്ക് തൊഴില്‍ നല്‍കിയ വ്യക്തിയെന്നുപറഞ്ഞ് സുദീപ്‌തോ സെന്നിനെ പുകഴ്ത്തിയിരുന്നു. മിത്ര പലവട്ടം തന്നില്‍ നിന്ന് പണംപറ്റിയിട്ടുണ്ടെന്ന് സെന്‍ സി.ബി.ഐ.യ്ക്ക് മൊഴിനല്‍കിയിട്ടുണ്ട്. ശാരദ ഗ്രൂപ്പ് അനുവദിച്ച കാര്‍ ഏറെ കാലം അദ്ദേഹം ഉപയോഗിച്ചു. കാറിന്റെ ഇന്ധനച്ചെലവും ഡ്രൈവറും കമ്പനിയുടെ വകയായിരുന്നു. ഒരു ക്ഷേത്രത്തിലേക്ക് സംഭാവനയായി മദന്‍മിത്ര വന്‍തുകയാണ് കമ്പനിയില്‍ നിന്ന് ഈടാക്കിയത്.
മന്ത്രിയെ പലതവണ ശാരദ ഗ്രൂപ്പിന്റെ മിഡ്‌ലാന്‍ഡ് പാര്‍ക്ക് ഓഫീസില്‍ കണ്ടതായി കമ്പനിയുടെ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ദേബ്ജാനി മുഖര്‍ജിയും മൊഴിനല്‍കി. മിത്രയുടെ വിശ്വസ്തനായിരുന്ന ബാപി കരിമിന്റെ മൊഴിയും സി.ബി.ഐ. രേഖപ്പെടുത്തിയിരുന്നു. മിഡ്‌ലാന്‍ഡ് പാര്‍ക്കിലെ ഓഫീസില്‍ മന്ത്രിക്കൊപ്പം പലതവണ പോയിട്ടുണ്ടെന്ന് ഇദ്ദേഹവും മൊഴിനല്‍കി.
ശാരദാ കേസില്‍ സി.ബി.ഐ. ചോദ്യംചെയ്യാന്‍ വിളിപ്പിക്കുമെന്നുറപ്പായപ്പോള്‍ മുതല്‍ മിത്ര പരിഭ്രാന്തിയിലായിരുന്നു. നവംബര്‍ 15-ന് ഹാജരാകണമെന്നാവശ്യപ്പെട്ട് സി.ബി.ഐ. മന്ത്രിയ്ക്ക് ഇ മെയില്‍ അയച്ചു. എന്നാല്‍, രണ്ടുതവണ സ്വകാര്യ ആസ്പത്രിയിലും പിന്നെ സര്‍ക്കാറിന്റെ വിദഗ്ധചികിത്സാ ആസ്പത്രിയിലും പ്രവേശിച്ചു. എന്നാല്‍, 'ആരോഗ്യം' മെച്ചപ്പെട്ട് ആസ്പത്രി വിടുംവരെ സി.ബി.ഐ. കാത്തിരുന്നു.
വെള്ളിയാഴ്ച സി.ബി.ഐ. ഓഫീസില്‍ ഹാജരായ മിത്രയെ അഞ്ചുമണിക്കൂറോളം ചോദ്യംചെയ്തു. അറസ്റ്റിലായ എം.പി.യും മുഖ്യപ്രതികളിലൊരാളുമായ കുനാല്‍ ഘോഷ് നേരത്തേ മിത്ര ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കെതിരെ പ്രതികരിച്ചിരുന്നു. മുഖ്യമന്ത്രി മമതയടക്കം ശാരദാ കമ്പനിയുടെ പണം പറ്റിയ എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇടതുമുന്നണിയും ബി.ജെ.പി.യും മമതയുടെ അറസ്റ്റ് ആവശ്യപ്പെട്ട് രംഗത്തുവന്നിരുന്നു.
അധികാരമേറ്റ ശേഷം മമത സര്‍ക്കാര്‍ നേരിടുന്ന ഏറ്റവും കടുത്ത വെല്ലുവിളിയാണ് ശാരദാ ചിട്ടിതട്ടിപ്പ്. അന്വേഷണം മുഖ്യമന്ത്രിയിലേക്കുതന്നെ നീളുമോ എന്നാണ് പശ്ചിമബംഗാള്‍ രാഷ്ട്രീയം ഇപ്പോള്‍ ഉറ്റുനോക്കുന്നത്.
Keywords: Sharadha Chitti scalm Bengal Minister arrested by C.B.I, Chief Minister Mamatha Banarji

Post a Comment
0 Comments