Type Here to Get Search Results !

Bottom Ad

സെമിയില്‍ തിളങ്ങി കൊച്ചി

evisionnews


കൊച്ചി: (www.evisionnews.in) ആര്‍ത്തുവിളിച്ച അറുപതിനായിരത്തോളം കാണികളെയും കൊച്ചിയുടെ സ്വന്തം സച്ചിന്‍ തെണ്ടുല്‍ക്കറെയും കേരള ബ്ലാസ്റ്റേഴ്‌സ് നിരാശരാക്കിയില്ല. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ സെമിഫൈനലിന്റെ ആദ്യപാദത്തില്‍ തകര്‍പ്പന്‍ കളിയോടെ കരുത്തരായ ചെന്നൈയിന്‍ എഫ്.സി.യെ എതിരില്ലാത്ത മൂന്ന് ഗോളിന് കീഴടക്കി ബ്ലാസ്റ്റേഴ്‌സ് ഫൈനലിലേക്ക് ആദ്യചുവടുവെച്ചു. ഡിസംബര്‍ 16 ന് ചെന്നൈയില്‍ നടക്കുന്ന രണ്ടാം പാദ സെമിയില്‍ മൂന്ന് ഗോള്‍ വ്യത്യാസത്തിലുള്ള തോല്‍വി ഒഴിവാക്കാനായാല്‍ കേരള ടീമിന് ഫൈനല്‍ കളിക്കാം. ചെന്നൈയ്ക്ക് സാധ്യത നിലനിര്‍ത്താന്‍ സ്വന്തം ഗ്രൗണ്ടില്‍ ചുരുങ്ങിയത് മൂന്ന് ഗോളിനെങ്കിലും ജയിക്കണം. ഇഷ്ഫഖ് അഹമ്മദ് (27) ഇയാന്‍ഹ്യൂം (29), സുശാന്ത് മാത്യു (90) എന്നിവരാണ് സ്‌കോര്‍ ചെയ്തത്. ഇഷ്ഫഖ് അഹമ്മദാണ് കളിയിലെ താരം.
ടൂര്‍ണമെന്റില്‍ ഇതുവരെ കാണാത്ത രീതിയില്‍ മാറിപ്പോയ ബ്ലാസ്റ്റേഴ്‌സിനെയാണ് കൊച്ചിയിലെ അവസാനമത്സരത്തില്‍ കണ്ടത്. പ്രതിരോധവും മധ്യനിരയും മുന്നേറ്റവും തോളോടുതോള്‍ ചേര്‍ന്ന് കളിച്ചതോടെ സമ്പൂര്‍ണ ആധിപത്യം ബ്ലാസ്റ്റേഴ്‌സിനായി. അതേസമയം നിറഞ്ഞ സ്റ്റേഡിയം കണ്ടതോടെ മനം മടുത്ത രീതിയിലാണ് ചെന്നൈ പന്ത് തട്ടിയത്. പരിക്ക് മാറി തിരിച്ചെത്തിയ എലാനോക്ക് ഫോമിലേക്ക് ഉയരാനായില്ല. അമിത പ്രതിരോധത്തിലൂന്നിയുള്ള ശൈലിയും അവര്‍ക്ക് ദോഷം ചെയ്തു. മൂന്ന് ഗോള്‍ വ്യത്യാസത്തില്‍ സ്വന്തം ഗ്രൗണ്ടില്‍ ജയിക്കാന്‍ കഴിഞ്ഞാല്‍ ചെന്നൈയ്ക്ക് ഫൈനലിലെത്താം. രണ്ട് ഗോള്‍ വ്യത്യാസത്തിലാണ് ജയിക്കുന്നതെങ്കില്‍ എക്‌സ്ട്രാടൈമും ഷൂട്ടൗട്ടും കളിക്കേണ്ടിവരും.
ബ്ലാസ്റ്റേഴ്‌സ് 4-4-2 ശൈലിയിലാണ് കളിച്ചത്. മുന്നേറ്റത്തില്‍ സൂപ്പര്‍താരങ്ങളായ മൈക്കല്‍ ചോപ്രയും ഇയാന്‍ ഹ്യൂമും ഒരുമിച്ചു. മധ്യനിരയില്‍ വിദേശതാരങ്ങളായ സ്റ്റീഫന്‍ പിയേഴ്‌സനും വിക്ടര്‍ ഹെരേര ഫോര്‍സിഡയ്ക്കുമൊപ്പം മെഹ്താബ് ഹുസൈനും ഇഷ്ഫഖ് അഹമ്മദും കളിച്ചു. പ്രതിരോധത്തില്‍ കോളിന്‍ ഫാല്‍വി, നിര്‍മല്‍ ഛേത്രി, മാക് അലെസ്റ്റര്‍, ഗുര്‍വീന്ദര്‍ എന്നിവര്‍ കളിച്ചു. പരിക്കുള്ള ഡേവിഡ് ജെയിംസ്, സിഡ്രിക് ഹെങ്ബര്‍ട്ട്, സന്ദേശ് ജിങ്ഗാന്‍ എന്നിവര്‍ ആദ്യ ഇലവനില്‍ ഇടം പിടിച്ചില്ല.
ചെന്നൈയിന്‍ പ്രതിരോധത്തിന് മുന്‍തൂക്കമുളള 5-3-2 ഫോര്‍മേഷനിലേക്ക് മടങ്ങിപ്പോയി. മുന്നേറ്റത്തില്‍ ബല്‍വന്ത് സിങ്-ജെജെ ലാല്‍പെഖുല സഖ്യത്തിന് തൊട്ടുപിന്നിലായി മാര്‍ക്കീ താരം എലാനോയെ ഇറക്കി. പ്രതിരോധത്തിന്റെ ചുമതലകൂടിയുള്ള മധ്യനിരക്കാരായി ജെംബ ജെംബയും ഡെന്‍സന്‍ദേവദാസും കളിച്ചു. പ്രതിരോധത്തില്‍ അലസാന്‍ഡ്രോ നെസ്റ്റ, മൈക്കല്‍ സില്‍വസ്റ്ററും ബര്‍ണാഡ് മെന്‍ഡിയും മുഖ്യചുമതലക്കാരായി. വിങ് ബാക്കുകളായി ഹര്‍മന്‍ജ്യോത് കബ്രയും ധനചന്ദ്രസിങ്ങും ഇറങ്ങി.
ആദ്യപകുതിയില്‍ കളം നിറഞ്ഞ് കളിച്ചത് ബ്ലാസ്റ്റേഴായിരുന്നു. മുന്നേറ്റത്തില്‍ ചോപ്ര-ഹ്യൂം സഖ്യം താളം കണ്ടെത്തിതോടെ പേരുകേട്ട ചെന്നൈ പ്രതിരോധത്തിന് പിടിപ്പതു പണിയായി. മധ്യനിരയില്‍ ഫോര്‍സിഡ-പിയേഴ്‌സന്‍- ഇഷ്ഫഖ് ത്രയം കഠിനാധ്വാനം നടത്തിയതോടെ ബ്ലാസ്റ്റേഴ്‌സ് മുന്നേറ്റത്തിന് സുലഭമായി പന്തുലഭിച്ചു. അതേ സമയം ചെന്നയ്ക്ക് രണ്ട് നല്ല അവസരങ്ങള്‍ മാത്രമാണ് ആദ്യപകുതിയില്‍ ലഭിച്ചത്. അത് ജെജെയും മെന്‍ഡിയും പാഴാക്കി.
26-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സിന്റെ മാക് അലെസ്റ്റര്‍ ഹെഡര്‍ വഴി ചെന്നൈ വലയില്‍ പന്തെത്തിച്ചെങ്കിലും റഫറി ഓഫ്‌സൈഡ് വിളിച്ചു. ഗോളെന്ന് കരുതി ഇരിപ്പിടത്തില്‍ നിന്ന് ആഘോഷത്തോടെ എഴുന്നേറ്റ കാണികള്‍ ഇരിക്കും മുമ്പേ ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യഗോള്‍ വന്നു. 27-ാം മിനിറ്റില്‍ മധ്യനിരയില്‍ നിന്ന് ഫോര്‍സിഡ കയറ്റിക്കൊണ്ടുവന്ന പന്ത് ബോക്‌സിന്റെ വലതു ഭാഗത്തേക്ക് നല്‍കുമ്പോള്‍ ഇഷ്ഫഖ് അഹമ്മദ് കൃത്യം ഹാജരുണ്ടായിരുന്നു. ഇഷ്ഫഖ് പന്ത് പോസ്റ്റിന്റെ ഇടതുമൂലയിലേക്ക് പ്ലേസ് ചെയ്തു (1-0). ആദ്യഗോളിന്റ ആരവമടങ്ങുന്നതിന് മുമ്പേ ബ്ലാസ്റ്റേഴ്‌സ് രണ്ടാം ഗോളും നേടി. മൈക്കല്‍ ചോപ്രയുടെ ക്രോസില്‍ നിന്ന് ഇഷ്ഫഖ് പന്ത് മറിച്ചു നല്‍കുമ്പോള്‍ ഇയാന്‍ഹ്യൂം ബോക്‌സില്‍ സര്‍വസ്വതന്ത്രനായിരുന്നു. ഹ്യൂമിന്റെ തകര്‍പ്പന്‍ ഷോട്ട് ചെന്നൈ ഗോളി ബ്രസീലിയാനോയ്ക്ക് യാതൊരവസരവും നല്‍കാതെ വലയിലെത്തി (2-0). 45-ാം മിനിറ്റില്‍ സില്‍വസ്റ്ററിന്റെ ഷോട്ട് സന്ദീപ് നന്ദി കുത്തിപ്പുറത്താക്കിയതോടെ ഇടവേളയായി.
രണ്ടാം പകുതിയില്‍ ബ്ലാസ്റ്റേഴ്‌സ് ആധിപത്യം തുടര്‍ന്നതോടെ ചെന്നൈ എലാനോയെ പിന്‍വലിച്ച് ബ്രൂണോ പെലിസാറിയെ ഇറക്കി. എന്നിട്ടും ചെന്നൈ ക്ലച്ച് പിടിച്ചില്ല. ബ്ലാസ്റ്റേഴ്‌സ് മൈക്കള്‍ ചോപ്രയ്ക്ക് പകരം ആന്‍ഡ്രു ബാരിസിച്ചിനെ ഇറക്കി. അമിത ആക്രമണം ഉപേക്ഷിച്ച പ്രതിരോധത്തിന്റെ പാതയിലേക്ക് കേരള ടീമും വന്നതോടെ മുന്നേറ്റങ്ങള്‍ കുറഞ്ഞു. 78-ാം മിനിറ്റില്‍ പ്രത്യാക്രമണത്തില്‍ ബ്ലാസ്റ്റേഴ്‌സിന് സുവര്‍ണാവസരം വന്നതാണ്. പിയേഴ്‌സന്റെ ഷോട്ട് ഗോളി തട്ടിതെറിപ്പിച്ചത് ബാരിസിച്ച് പോസ്റ്റിലേക്ക് ഹെഡ് ചെയ്‌തെങ്കിലും ഗോളി അദ്ഭുതകരമായി രക്ഷപ്പെടുത്തി. കളിയുടെ അവസാനഘട്ടത്തില്‍ മലയാളി താരം സുശാന്ത് മാത്യുവിനെയും പെന്‍ ഓര്‍ജിയെയും ബ്ലാസ്റ്റേഴ്‌സ് കളത്തിലിറക്കി. ഇഞ്ചുറി ടൈമില്‍ സുശാന്ത് മാത്യുവിന്റെ ലോങ്‌റേഞ്ചര്‍ ചെന്നൈ വലകുലുക്കിയതോടെ കാണികള്‍ക്ക് ഇരട്ടിമധുരമായി (3-0).


keyowrds : semi-final-kochi-blusters-win








Tags

Post a Comment

0 Comments

Top Post Ad

Below Post Ad