Type Here to Get Search Results !

Bottom Ad

കളി പഠിപ്പിക്കാന്‍ കേരള ബ്ലാസ്റ്റേഴ്‌സ് സ്‌കൂളുകളിലേക്ക്‌


കൊച്ചി:  (www.evisionnews.in)  ഇന്ത്യന്‍ സൂപ്പര്‍ലീഗ് ഉയര്‍ത്തിവിട്ട ആവേശം അവസാനിക്കുംമുമ്പ് കേരള ബ്ലാസ്റ്റേഴ്‌സ് ഫുട്‌ബോള്‍ കളി പഠിപ്പിക്കാന്‍ സ്‌കൂളുകളിലേക്ക്. സൂപ്പര്‍ ലീഗിന്റെ ഗ്രാസ്‌റൂട്ട് ഫുട്‌ബോള്‍ പദ്ധതി സ്‌കൂളുകള്‍വഴി നടത്താനാണ് ബ്ലാസ്റ്റേഴ്‌സ് ആലോചിക്കുന്നത്. അന്തിമ തീരുമാനമായിട്ടില്ലെങ്കിലും സ്‌കൂളുകള്‍ കേന്ദ്രീകരിച്ചുളള ഫുട്‌ബോള്‍ പരിശീലന പദ്ധതിക്കാണ് അധികൃതര്‍ മുന്‍തൂക്കം നല്‍കുന്നത്. 
ഇന്ത്യന്‍ സൂപ്പര്‍ലീഗിലെ ക്ലബ്ബുകള്‍ ഓരോ സീസണിലും രണ്ടുകോടി രൂപ താഴെത്തട്ടില്‍ ഫുട്‌ബോള്‍ വളര്‍ത്തുന്നതിന് ഉപയോഗിക്കണം. മൂന്നുവര്‍ഷത്തിനുള്ളില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള അക്കാദമി സ്ഥാപിക്കുകയും വേണം. ഫുട്‌ബോളിന്റെ വളര്‍ച്ചകൂടി ലക്ഷ്യമിട്ടാണ് ഇത്തരം ചട്ടങ്ങള്‍ അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ ഉള്‍പ്പെടുത്തിയത്. സൂപ്പര്‍ ലീഗ് മത്സരങ്ങള്‍ക്കുശേഷം ഗ്രാസ്‌റൂട്ട് പദ്ധതി ആരംഭിക്കാനാണ് ക്ലബ്ബുകള്‍ തീരുമാനിച്ചത്. കേരള ബ്ലാസ്റ്റേഴ്‌സ് കൊച്ചിയില്‍വെച്ച് അവരുടെ ഗ്രാസ് റൂട്ട് പദ്ധതി ഉദ്ഘാടനം ചെയ്തിരുന്നു.
വിഷന്‍ ഇന്ത്യ മാതൃകയില്‍ സ്‌കൂളുകളെ പരിശീലന സെന്ററുകളാക്കുന്ന രീതിക്കാണ് അവസാനഘട്ട ചര്‍ച്ചയില്‍ മുന്‍തൂക്കം ലഭിച്ചത്. ഗ്രാസ് റൂട്ട് പദ്ധതിയുടെ ചുമതലയുള്ള പരിശീലകര്‍ ഈ രീതിയിലാണ് അവരുടെ നിര്‍ദേശം സമര്‍പ്പിച്ചിരിക്കുന്നത്. തുടക്കത്തില്‍ കുറച്ച് ജില്ലകളില്‍ പദ്ധതി നടപ്പാക്കുകയും തുടര്‍ന്ന് കേരളം മൊത്തം വ്യാപിപ്പിക്കലുമാണ് ലക്ഷ്യം. പ്രാദേശികമായ അക്കാദമിയും ഇതോടൊപ്പം സ്ഥാപിച്ചേക്കും. മികച്ച പ്രകടനം കാഴ്ചവെക്കുന്ന കുട്ടികള്‍ക്ക് മുഖ്യഅക്കാദമിയിലേക്ക് പ്രവേശനം നല്‍കാനും കഴിയും.
തിരഞ്ഞെടുക്കപ്പെടുന്ന സ്‌കൂളുകളില്‍ സ്ഥാപിക്കുന്ന പരിശീലന സെന്ററുകളില്‍ മറ്റ് സ്‌കൂളുകളില്‍നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന കുട്ടികളെയും ഉള്‍പ്പെടുത്താനാകും. ബ്ലാസ്റ്റേഴ്‌സിന്റെ ഗ്രാസ്‌റൂട്ട് പദ്ധതിയുടെ ചുമതലയുള്ള പരിശീലകര്‍ സെന്ററുകളിലെ പരിശീലകര്‍ക്ക് പരിശീലനം നല്‍കും. ഫുട്‌ബോള്‍ പഠനത്തിനായി പ്രത്യേക സിലബസ് തയ്യാറാക്കും.
കൃത്യമായ സിലബസും മികച്ച പരിശീലകരുടെയും അഭാവമായിരുന്നു വിഷന്‍ ഇന്ത്യ പദ്ധതി പരാജയപ്പെടാന്‍ കാരണം. ഇതിന്റെ പോരായ്മകള്‍ മറികടന്നാകും ബ്ലാസ്റ്റേഴ്‌സ് പദ്ധതി നടപ്പാക്കുന്നത്. കേരള ഫുട്‌ബോള്‍ അസോസിയേഷനുമായി സഹകരിച്ചാണ് താഴെത്തട്ടിലെ ഫുട്‌ബോള്‍ വികസനം കേരള ടീം നടപ്പാക്കാനൊരുങ്ങുന്നത്. പരിശീലകരായ സി.എം. ദീപക്, പുരുഷോത്തമന്‍, മില്‍ട്ടന്‍ ആന്റണി എന്നിവരാണ് ബ്ലാസ്റ്റേഴ്‌സിന്റെ ഗ്രാസ്‌റൂട്ട് പദ്ധതിയുടെ ചുമതലക്കാര്‍.


Keywords: Kerala blasters, going to select players from school, Kochi

Post a Comment

0 Comments

Top Post Ad

Below Post Ad