കാസര്‍കോട് (www.evisionnews.in): മത ചിഹ്നങ്ങള്‍ ദുരുപയോഗം ചെയ്ത് സ്വര്‍ണ്ണവും വസ്തു ആധാരങ്ങളും തട്ടിയെടുത്ത് കോടികള്‍ സമ്പാദിച്ച കൊണ്ടോട്ടി തുറയ്ക്കല്‍ സ്വദേശി ജലാലുദ്ദീന്‍ (30) കാസര്‍കോട് ടൗണ്‍ പോലീസ് സ്റ്റേഷനിലെ ലോക്കപ്പില്‍ നിന്ന് രക്ഷപ്പെട്ട സംഭവത്തില്‍ തത്സമയം ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടി.
ജലാലുദ്ദീനെ പാര്‍പ്പിച്ച ലോക്കപ്പിന് സമീപം നിരീക്ഷണത്തിനായി നിയോഗിക്കപ്പെട്ട പോലീസുകാര്‍ ഉള്‍പ്പെടെയുള്ളവരുടെ അനാസ്ഥയാണ് ജലാലുദ്ദീന്‍ രക്ഷപ്പെടാന്‍ കാരണമായതെന്ന് വ്യക്തമായിട്ടുണ്ട്. ഇത് സംബന്ധിച്ച വിശദമായ അന്വേഷണ റിപ്പോര്‍ട്ട് കാസര്‍കോട് ടൗണ്‍ സി.ഐ പി.കെ സുധാകരന്‍, ഡിവൈഎസ്പി ടി.പി രഞ്ജിത്തിന് സമര്‍പ്പിക്കും.
വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ജലാലുദ്ദീന്‍ കാസര്‍കോട് പോലീസ് സ്റ്റേഷന്‍ ലോക്കപ്പില്‍ നിന്നും ചാടി രക്ഷപ്പെട്ടത്. കാസര്‍കോട്ടെ ജ്വല്ലറി ഉടമയുടെ പരാതിയില്‍ ഡിവൈഎസ്പി ടി.പി രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കസ്റ്റഡിയിലെടുത്ത ജലാലുദ്ദീനെ മലപ്പുറം പോലീസിന് കൈമാറുന്നതിന് വേണ്ടിയാണ് ലോക്കപ്പില്‍ പാര്‍പ്പിച്ചിരുന്നത്. പാറാവ് ഇല്ലാത്ത സ്റ്റേഷനില്‍ ജലാലുദ്ദീനെ ജി.ഡി ചാര്‍ജിന്റെ ചുമതല വഹിക്കുന്ന സീനിയര്‍ സിവില്‍ പോലീസ് ഓഫീസറുടെ ഇരിപ്പിടത്തിന് സമീപം ബെഞ്ചില്‍ ഇരുത്തിയതായിരുന്നു. മൂന്നു പോലീസുകാരെ മൂന്നു മണിക്കൂര്‍ ഇടവിട്ടാണ് നിരീക്ഷണത്തിന് നിയോഗിച്ചിരുന്നത്. ഇവരില്‍ ഒരാളെ തള്ളിവീഴ്ത്തിയാണ് ജലാലുദ്ദീന്‍ രക്ഷപ്പെട്ടത്. സ്റ്റേഷനില്‍ ഉണ്ടായിരുന്ന മറ്റു പോലീസുകാര്‍ പിറകെ ഓടിയെങ്കിലും ഇയാളെ പിടികൂടാന്‍ കഴിഞ്ഞില്ല.
Keywords: kasaragod-police-investigation-policestation-town-islamic-banking

Post a Comment
0 Comments