Type Here to Get Search Results !

Bottom Ad

സര്‍ക്കാരിന്റെ ആദ്യ കുപ്പിവെള്ളം ‘ഹില്ലി അക്വാ’ ഉടന്‍ പുറത്തിറങ്ങും


തിരുവനന്തപുരം:  (www.evisionnews.in) സംസ്ഥാന ജലവിഭവ വകുപ്പിന്റെ കീഴിലുള്ള ആദ്യ പൊതുമേഖല കുപ്പിവെള്ള ഫാക്ടറിയായ 'ഹില്ലി അക്വാ' ജനുവരി അവസാനത്തോടെ വിപണിയിലെത്തും. ഐ.എസ്.ഐയുടെയും ഭക്ഷ്യസുരക്ഷ വിഭാഗത്തിന്റെയും അംഗീകാരം ലഭിച്ചതോടെ ഫാക്ടറി പ്രവര്‍ത്തനം ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് അധികൃതര്‍. കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡവലപ്‌മെന്റ്് കോര്‍പറേഷനാണ് മലങ്കര ഡാമിനോടു ചേര്‍ന്ന് പ്ലാന്റ് സ്ഥാപിച്ചിരിക്കുന്നത്. 6.8 കോടി രൂപയാണ് യൂണിറ്റിന്റെ ചെലവ്. കമ്പനിക്കാവശ്യമായ ലേബലുകള്‍ പ്രിന്റ് ചെയ്ത് ലഭിക്കാനുള്ള നടപടിയാണ് അവശേഷിക്കുന്നത്. അതുകൂടി പൂര്‍ത്തിയായാല്‍ ഉദ്ഘാടന തീയതി തീരുമാനിക്കും.
ഫാക്ടറിയുടെ ട്രയല്‍ റണ്‍ മൂന്നുമാസം മുമ്പ് വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു. പ്‌ളാന്റ് നിര്‍മിച്ച ഗുജറാത്ത് കമ്പനിയില്‍നിന്നുള്ള സാങ്കേതികവിദഗ്ധരടങ്ങുന്ന സംഘത്തിന്റെ മേല്‍നോട്ടത്തിലായിരുന്നു ട്രയല്‍ റണ്‍. ഇവിടെ ഉല്‍പാദിപ്പിക്കുന്ന കുപ്പിവെള്ളം ഒരു ലിറ്റര്‍ ബോട്ടിലിന് 15 രൂപ എന്ന നിരക്കില്‍ വിപണിയിലത്തെിക്കാനാണ് പദ്ധതി. ഒരു ലീറ്റര്‍ കുപ്പികളിലാണ് ആദ്യം വെള്ളം പുറത്തിറക്കുക. സ്വകാര്യ കമ്പനികള്‍ വിതരണം നടത്തുന്ന കുപ്പിവെള്ളത്തിന് 20 രൂപയാണ് വില ഈടാക്കുന്നത്.
മലങ്കര അണക്കെട്ടില്‍നിന്ന് പൈപ്പ് വഴി പ്‌ളാന്റിലത്തെുന്ന വെള്ളം മൂന്ന് ഘട്ടങ്ങളിലായി ശുദ്ധീകരിച്ച് പ്രധാന ടാങ്കിലെത്തിക്കും. മണിക്കൂറില്‍ 8000 ലിറ്റര്‍ വെള്ളം ശുദ്ധീകരിച്ച് ശേഖരിക്കാനുള്ള സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.
കമ്പനിയിലേക്ക് ജീവനക്കാരുടെ നിയമനവും പൂര്‍ത്തിയായി. ഒരു ഷിഫ്റ്റില്‍ 10 ജീവനക്കാരായിരിക്കും ജോലി ചെയ്യുക. മണിക്കൂറില്‍ 9000 ലിറ്റര്‍ വെള്ളം ശുദ്ധീകരിച്ച് ഉല്‍പാദിപ്പിക്കാന്‍ കഴിയുമെന്നതാണു മലങ്കരയിലെ പ്ലാന്റിന്റെ പ്രത്യേകത. ഒരു ദിവസം ഒരു ഷിഫ്റ്റിലായി 72000 ലീറ്റര്‍ വെള്ളം ശുദ്ധീകരിച്ച് ഉല്‍പാദിപ്പിക്കാനാണു തീരുമാനം. മലങ്കരയിലെ കുപ്പിവെള്ളം വിപണിയില്‍ ജയിച്ചാല്‍ കൂടുതല്‍ സ്ഥലങ്ങളില്‍ കുപ്പിവെള്ള ഫാക്ടറി തുടങ്ങാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.
തുടക്കത്തില്‍ മധ്യ കേരളത്തില്‍ മാത്രമാണു വെള്ളം വിതരണം ചെയ്യാന്‍ ഉദേശിക്കുന്നത്. വിജയകരമെന്നു കണ്ടാല്‍ സംസ്ഥാനത്തുടനീളം വ്യാപിപ്പിക്കും. മന്ത്രി പി.ജെ. ജോസഫ് ചെയര്‍മാനായുള്ള കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡവലപ്‌മെന്റ് കോര്‍പ്പറേഷനില്‍ ജലവിഭവ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി, ധനകാര്യ-ടൂറിസം വകുപ്പു സെക്രട്ടറിമാര്‍, ജലവിഭവ വകുപ്പ് എംഡി, ഇറിഗേഷന്‍ ഉദ്യോഗസ്ഥര്‍ എന്നിവരാണു ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍. ശുദ്ധീകരണ പ്ലാന്റിനു മാത്രം 4.99 കോടി ചെലവു വന്നു. മൂവാറ്റുപുഴ വാലി ഇറിഗേഷന്‍ പ്രോജക്ടിന്റെ നിയന്ത്രണത്തിലുള്ള മലങ്കരയിലെ ഒരേക്കര്‍ സ്ഥലത്താണു കുപ്പിവെള്ള ഉല്‍പാദന യൂണിറ്റ് സ്ഥാപിച്ചിരിക്കുന്നത്.
കേരളത്തില്‍ ഒരു വര്‍ഷം 100 കോടിയിലധികം രൂപയുടെ കുപ്പിവെള്ളക്കച്ചവടം നടക്കുന്നുണ്ടെന്നാണു കണക്ക്. ഒരുമാസം ശരാശരി രണ്ടു ലക്ഷത്തോളം കെയ്‌സ് കുപ്പിവെള്ളം കേരളത്തില്‍ വിറ്റുപോകുന്നുണ്ട്. കുറഞ്ഞ നിരക്കില്‍ കുപ്പിവെള്ളം ലഭ്യമാക്കുന്നതോടൊപ്പം വെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പു വരുത്തി, ശുദ്ധമായ കുപ്പി വെള്ളം വിപണിയിലെത്തിക്കുകയാണു സര്‍ക്കാര്‍ ലക്ഷ്യം.

Keywords: Sarkar, water bottle, hilli Aqau, february, Rs.15
Tags

Post a Comment

0 Comments

Top Post Ad

Below Post Ad