കാസര്‍കോട് (www.evisionnews.in) : പോലീസിനും എക്‌സൈസിനും വനപാലകര്‍ക്കും പെട്ടെന്ന് എത്തിപ്പെടാന്‍ പറ്റാത്ത ജില്ലയിലെ വനമേഖലകളില്‍ മാവോയിസ്റ്റ് ആയുധ പരിശീലന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി പോലീസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. ഇതേ കുറിച്ച് പോലീസ് കൂടുതല്‍ അന്വേഷണം നടത്തി വരികയാണ്.
രാജപുരം, ചിറ്റാരിക്കാല്‍ വെള്ളരിക്കുണ്ട്, ബേഡകം, ആദൂര്‍ പോലീസ് സ്റ്റേഷന്‍ പരിധികളിലെ വനപ്രദേശങ്ങള്‍ മാവോയിസ്റ്റുകളുടെ താവളങ്ങളാണെന്ന് നേരത്തെ തന്നെ സൂചന ലഭിച്ചിരുന്നു. ചെങ്കുത്തായ കുന്നുകളും താഴ്‌വരകളും കരിമ്പാറ കൂട്ടങ്ങളുമുള്ള അങ്ങേയറ്റം ദുര്‍ഘടമായ വനഭൂമികളില്‍ അത്യന്താധുനികമായ യന്ത്രതോക്കുകളും മറ്റു ആയുധങ്ങളും ഉപയോഗിച്ചുകൊണ്ടുള്ള പരിശീലനങ്ങളാണ് നടന്നു വരുന്നത്.
മാവോയിസ്റ്റ് ദേശീയ നേതാക്കള്‍ വരെ കാസര്‍കോട് ജില്ലയിലെ രഹസ്യ ക്യാമ്പുകളില്‍ നടത്തുന്ന ക്ലാസുകള്‍ കൈകാര്യം ചെയ്യുന്നുണ്ടത്രെ. കാസര്‍കോട്, കാഞ്ഞങ്ങാട് ഡിവൈഎസ്പി മാരുടെ മേല്‍നോട്ടത്തില്‍ രണ്ട് സ്‌ക്വാഡുകളായി തിരിച്ചാണ് ജില്ലയിലെ മാവോയിസ്റ്റ് കേന്ദ്രങ്ങള്‍ കണ്ടെത്തുന്നതിന് അന്വേഷണം നടത്തുന്നത്. ഈ സ്‌ക്വാഡുകളില്‍ സിഐമാരും സിവില്‍ പോലീസ് ഓഫീസര്‍മാരും ഉള്‍പെടുന്നുണ്ട്. വയനാട്ടില്‍ മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടിയ തണ്ടര്‍ബോള്‍ട്ട് സേനയുടെ മാതൃകയില്‍ കാസര്‍കോട് ജില്ലയിലും പ്രത്യേക സ്‌ക്വാഡുകള്‍ രംഗത്തിറങ്ങും. ഇതിനു പുറമെ അമേരിക്കന്‍ നിര്‍മിത പോളാരിസ് വാഹനം കാസര്‍കോട് ജില്ലയില്‍ എത്തിക്കുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. വനപ്രദേശങ്ങളില്‍ മാവോയിസ്റ്റുകളുടെ താവളത്തിലേക്കെത്താന്‍ ദുര്‍ഘടമായ വഴികള്‍ തടസമാകുമ്പോള്‍ അത്തരം വഴികളിലൂടെ പോകാന്‍ വേണ്ടിയാണ് പോളാരിസ് വാഹനം ഉപയോഗിക്കുന്നത്.
സമൂഹത്തില്‍ ഏറെ ചൂഷണം ചെയ്യപ്പെടുന്ന ആദിവാസി വിഭാഗത്തില്‍ ചില യുവാക്കളെയും മാവോയിസ്റ്റ് ചിന്താഗതി പുലര്‍ത്തുന്ന മറ്റു വിഭാഗങ്ങളെയും ഉള്‍പ്പെടുത്തിയുള്ള രഹസ്യമായ പരിശീലന ക്യാമ്പുകളാണ് നടന്നു വരുന്നതെന്നാണ് വിവരം. ഇതിനു പുറമെ മാവോയിസ്റ്റ് ആശയങ്ങളടങ്ങിയ ലഘുലേഖകള്‍ പ്രചരിപ്പിക്കുകയും ബോധവത്ക്കരണ ക്ലാസുകള്‍ നടത്തുകയും ചെയ്യുന്നതായും വിവരം ലഭിച്ചു.
Keywords: Kasaragod-squad-mavoistbheeshani-thanderbolt-civilpolice-exsise-wild-district

Post a Comment
0 Comments