Type Here to Get Search Results !

Bottom Ad

പയറുകള്‍ ചാക്കില്‍ കെട്ടി ഉപേക്ഷിച്ച സംഭവം: ദുരൂഹത തുടരുന്നു


മുള്ളേരിയ: (www.evisionnews.in)  ദേലംപാടി പഞ്ചായത്ത് ഓഫിസിന്റെ പിറകുവശത്തെ കുറ്റിക്കാട്ടില്‍ വന്‍പയര്‍ വിത്തുകളും പച്ചിലവള വിത്തുകളും ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത തുടരുന്നു. പഞ്ചായത്ത്, കൃഷിഭവന്‍, അങ്കനവാടി തുടങ്ങിയ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന അഡൂരിലെ കെട്ടിടത്തിനു പിറകില്‍ കഴിഞ്ഞ 22നു രാവിലെയാണു 50 കിലോ വീതമുള്ള ആറുചാക്ക് വന്‍പയറും രണ്ടുചാക്ക് പച്ചിലവള വിത്തുകളും ചാക്കില്‍ കെട്ടി തള്ളിയ നിലയില്‍ കണ്ടെത്തിയത്. 
സംഭവം ചര്‍ച്ചയായതോടെ രണ്ടുചാക്ക് പയറൊഴികെ ബാക്കിയുള്ളവ ആരോ എടുത്തുമാറ്റുകയും ചെയ്തു. 22നു രാവിലെ കുറ്റിക്കാട്ടില്‍ ചാക്കുകെട്ടുകള്‍ കണ്ടു നാട്ടുകാര്‍ തുറന്നു നോക്കിയപ്പോഴാണു വന്‍പയറും പച്ചിലവള വിത്തുകളുമാണെന്നു കണ്ടെത്തിയത്. സര്‍ക്കാര്‍ സാധനങ്ങള്‍ കുറ്റിക്കാട്ടില്‍ തള്ളിയതു വിവാദമായതിനെ തുടര്‍ന്ന് അന്നു ജില്ലയിലുണ്ടായിരുന്ന കൃഷിമന്ത്രി കെ.പി. മോഹനന്‍ അന്വേഷണത്തിനു നിര്‍ദേശിക്കുകയും പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ കെ. ചന്ദ്രന്റെ നേതൃത്വത്തിലുള്ള ഉന്നതസംഘം വൈകിട്ടോടെ സ്ഥലത്തെത്തി പരിശോധന നടത്തുകയും ചെയ്തു. 
ഇവരെത്തിയപ്പോള്‍ രണ്ടുചാക്കു പയര്‍ മാത്രമാണു സ്ഥലത്തു കണ്ടെത്തിയത്. രാവിലെ 11വരെയുണ്ടായിരുന്ന ചാക്കുകെട്ടുകള്‍ വൈകിട്ട് നാലു ആകുമ്പോഴേക്കു മാറ്റിയതാര് എന്ന് അധികൃതര്‍ അന്വേഷിച്ചതുമില്ല. ബാക്കിയുണ്ടായിരുന്ന പയര്‍ ചാക്കുകള്‍ പരിശോധിച്ച് ഇവ തങ്ങളുടേതല്ലെന്ന നിലപാടാണു കൃഷിവകുപ്പ് അധികൃതര്‍ സ്വീകരിച്ചത്. അങ്കനവാടികള്‍ക്കു 
നല്‍കാന്‍ സാമൂഹികക്ഷേമ വകുപ്പ് അനുവദിച്ച പയറാകാമെന്ന സംശയം ഇവര്‍ പ്രകടിപ്പിക്കുകയും ചെയ്തു. എന്നാല്‍ അങ്കനവാടികള്‍ക്കു നല്‍കുന്നതു ചെറുപയറാണെന്നും വന്‍പയര്‍ ലഭിക്കാറില്ലെന്നും ഇക്കാര്യത്തില്‍ തങ്ങള്‍ക്ക് ഉത്തരവാദിത്തമില്ലെന്നും സാമൂഹികക്ഷേമ വകുപ്പ് ഐസിഡിഎസ് സൂപ്പര്‍വൈസര്‍ തറപ്പിച്ചു പറയുന്നു. ഇതുതന്നെയാണു പഞ്ചായത്തിന്റെയും നിലപാട്. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്നു കോണ്‍ഗ്രസ് ദേലംപാടി മണ്ഡലം കമ്മിറ്റിയും ആവശ്യപ്പെട്ടു.

evisionnews


Keywords: Payar, throw, Delampady Panchayath office, distribution, chak

Post a Comment

0 Comments

Top Post Ad

Below Post Ad