സിഡ്‌നി: (www.evisionnews.in) ക്രിക്കറ്റ് ബോള്‍ തലയില്‍ക്കൊണ്ട് ഗുരുതരമായ പരിക്കേറ്റ് ചികിത്സയില്‍ക്കഴിഞ്ഞ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ഫില്‍ ഹ്യൂസ് (25) അന്തരിച്ചു. മൂന്ന് ദിവസമായി ഹ്യൂസ് അബോധാവസ്ഥയില്‍ ആയിരുന്നു.
സിഡ്‌നിയി ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന ഷെഫീല്‍ഡ് ഷീല്‍ഡ് മത്സരത്തിനിടെയാണ് ഹ്യൂസിന് പരിക്കേറ്റത്. ഉടന്‍തന്നെ ഹെലിക്കോപ്റ്ററില്‍ ആസ്പത്രിയിലെത്തിച്ച അദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
അതിവേഗം സഞ്ചരിക്കുന്ന കാറുകള്‍ കൂട്ടിയിടിക്കുമ്പോള്‍ സംഭവിക്കുതിന് സമാനമായ പരിക്കാണ് ഹ്യൂസിന്റേതെന്ന് ഓസ്‌ട്രേലിയയിലെ പ്രമുഖ സ്‌പോര്‍ട്‌സ് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. ഇത്തരത്തില്‍ പരിക്കേല്‍ക്കുന്നവര്‍ ദിവസങ്ങളോളം ബോധരഹിതര്‍ ആയിരിക്കും. എന്നാല്‍ പരിക്ക് സുഖപ്പെടുത്തി ഹ്യൂസിനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ കഴിയുമെന്ന പ്രതീക്ഷയില്‍ ആയിരുന്നു ഡോക്ടര്‍മാര്‍.
അപകടം കണ്ടുനിന്ന കളിക്കാരുടെ മാനസികാവസ്ഥ ശരിയാക്കിയെടുക്കാന്‍ പ്രത്യേക കൗണ്‍സലിങ് നടത്തുമെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ അറിയിച്ചിട്ടുണ്ട്. ഹ്യൂസിന് പരിക്കേല്‍ക്കാനിടയാക്കിയ പന്തെറിഞ്ഞ ബൗളര്‍ സീന്‍ അബോട്ടിനും കൗണ്‍സലിങ് നടത്തും. ഹ്യൂസ് പരിക്കേറ്റ് വീണപ്പോള്‍ ആദ്യം ഓടിയെത്തിയതും താങ്ങിയെടുത്തതും അബോട്ട് ആയിരുന്നു.
2009 ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ആയിരുന്നു ഹ്യൂസിന്റെ ടെസ്റ്റ് അരങ്ങേറ്റം. ഒരു ടെസ്റ്റില്‍ രണ്ട് ഇന്നിങ്‌സുകളിലും സെഞ്ച്വറി നേടുന്ന പ്രായംകുറഞ്ഞ ബാറ്റ്‌സ്മാനാണ്. തന്റെ രണ്ടാമത്തെ ടെസ്റ്റിലാണ് ഈ അപൂര്‍വനേട്ടം കൈവരിച്ചത്. ഓസ്‌ട്രേലിയയ്ക്കുവേണ്ടി ഹ്യൂസ് 26 ടെസ്റ്റുകളും 25 ഏകദിന മത്സരങ്ങളും കളിച്ചിട്ടുണ്ട്. ഏകദിന ടീമിലെ അംഗമായിരുന്നു.
Keywords: Phil Hues, Australia, bouncer, dead, helicopter, Oneday, India, Abott

Post a Comment
0 Comments