Type Here to Get Search Results !

Bottom Ad

തറക്കല്ലിന് ഒരുവര്‍ഷം; നാട്ടുകാര്‍ പ്രതീകാത്മക മെഡിക്കല്‍ കോളേജ് ഉദ്ഘാടനംചെയ്തു

evisionnews


ബദിയടുക്ക (www.evisionnews.in): കാസര്‍കോട് മെഡിക്കല്‍ കോളേജിന് തറക്കല്ലിട്ട് ഇന്നേക്ക് ഒരുവര്‍ഷം പൂര്‍ത്തിയായുമ്പോഴും നിര്‍മാണ പ്രവര്‍ത്തനം വാഗ്ദാനത്തില്‍മാത്രം ഒതുങ്ങി. ഇതോടെ നാട്ടുകാരുടെ സമരസമിതി പ്രതീകാത്മക മെഡിക്കല്‍ കോളേജ് സ്ഥാപിച്ച് ഉദ്ഘാടനം നടത്തി പ്രതിഷേധസമരം ശക്തമാക്കി. 
2013 നവംബര്‍ 30നാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഏറെ പ്രതീക്ഷനല്‍കി കാസര്‍കോട് മെഡിക്കല്‍കോളജിന് തറക്കല്ലിട്ടത്. എന്നാല്‍ ഇടയ്ക്കിടെ നല്‍കുന്ന മോഹനവാഗ്ദാനങ്ങള്‍മാത്രമാണ് ബാക്കിയുള്ളത്. അവസാനം ജനുവരിക്കുമുമ്പായി മെഡിക്കല്‍കോളജിന്റെ നിര്‍മാണപ്രവര്‍ത്തനം ആരംഭിക്കുമെന്ന് മുഖ്യമന്ത്രിയും ബന്ധപ്പെട്ട മന്ത്രിമാരും ഉറപ്പുനല്‍കിട്ടുണ്ട്. എന്നാല്‍ വാഗ്ദാനമല്ല, പ്രവര്‍ത്തിയാണ് വേണ്ടതെന്നാണ് നാട്ടുകാരുടെ നേതൃത്വത്തിലുള്ള ആക്ഷന്‍കമ്മിറ്റിയുടെ ആവശ്യം. അതിനാല്‍ നിര്‍മാണപ്രവൃത്തി ആരംഭിക്കുംവരെ സമരം ശക്തമാക്കാനാണ് തീരുമാനം. 
ആതുരശുശ്രൂഷ രംഗത്ത് കാസര്‍കോടിനുള്ള പിന്നോക്കാവസ്ഥ പരിഗണിച്ചും എന്‍ഡോസള്‍ഫാന്‍ ദുരന്തബാധിതരോടുള്ള കടമ കണക്കിലെടുത്തുമാണ് ഇവിടെ മെഡിക്കല്‍കോളജ് എന്ന ആവശ്യം കാലാകാലമായി കാസര്‍കോട് ജനങ്ങള്‍ക്കിടയില്‍ ഉയര്‍ന്നുവന്നത്. അതിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞവര്‍ഷം മെഡിക്കല്‍കോളജ് പ്രഖ്യാപിക്കുകയും ചെയ്തത്. എന്നാല്‍ ഇതുവരെയും നിര്‍മാണമാരംഭിച്ചില്ല. 
അതേസമയം കാസര്‍കോടിനോടൊപ്പം അനുവദിച്ച സംസ്ഥാനത്തെ മറ്റുമെഡിക്കല്‍കോളജുകളെല്ലാം ഇതിനകം നിര്‍മാണം പൂര്‍ത്തിയാക്കി പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു. ഇത്തരമൊരുസാഹചര്യത്തിലാണ് നാട്ടുകാര്‍ സമരം കൂടുതല്‍ ശക്തമാക്കിവരുന്നത്. എന്‍ഡോസള്‍ഫാന്‍ ഇരകളായ അജിത് ഷാജി, മൊയ്തീന്‍ സിനാന്‍, നാരായണന്‍ പള്ളത്തടുക്ക, അശോകന്‍, ഉവൈസ് എന്നീ അഞ്ച് പേര്‍ ചേര്‍ന്ന് പ്രതീകാത്മക മെഡിക്കല്‍ കോളേജ് കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സമര സമിതി ചെയര്‍മാന്‍ മാഹിന്‍ കേളോട്ട് അധ്യക്ഷത വഹിച്ചു സമിതി കണ്‍വീനര്‍ എസ്.എന്‍.മയ്യ സ്വാഗതം പറഞ്ഞു. വിവിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ രവീന്ദ്രന്‍ (കോണ്‍ഗ്രസ്), ജഗന്നാഥന്‍ (സിപിഎം) അമ്മണ്ണായ (സി.പി.ഐ), മഞ്ചുനാഥ (ബി.ജെ.പി), അന്‍വര്‍ ഓസോണ്‍ (യൂത്ത് ലീഗ്), എം.എച്ച് ജനാര്‍ദ്ദന്‍ (സോഷ്യലിസ്റ്റ് ജനത), അബ്ദുല്‍ ഖാദര്‍ (സോളിഡാരിറ്റി), ജീവന്‍ തോമസ് (കേരള കോണ്‍ഗ്രസ് മാണി), അബ്ദുല്ല (വെല്‍ഫയര്‍ പാര്‍ട്ടി) തുടങ്ങിയവര്‍ സംസാരിച്ചു.
ഡിസംബര്‍ 3ാം തിയ്യതി സമരപ്പന്തലില്‍ അമ്മമാരുടെ കൂട്ടായ്മ സി.ആര്‍ നീലകണ്ഠന്‍ ഉദ്ഘാടനം ചെയ്യും.
ഡിസംബര്‍ നാലിന് സമരസമിതിയംഗങ്ങള്‍ സെക്രേട്ടറിയറ്റിന് മുന്നില്‍ ധര്‍ണ നടത്തും.






Keywords: Kasaragod Medical college, dummy building, Secretariat, Samarasamithi members,  

Post a Comment

0 Comments

Top Post Ad

Below Post Ad