Type Here to Get Search Results !

Bottom Ad

കടത്തിന് മുന്നില്‍ ജയിക്കാനാവുന്നില്ല; ജപ്തിയുടെ വക്കില്‍ മുന്‍ എംഎല്‍എയും കുടുംബവും

കാഞ്ഞങ്ങാട്: (www.evisionnews.in)  വില്‍ക്കാന്‍ ഈ ജനനേതാവിന്റെ കയ്യില്‍ ഇനിയൊന്നുമില്ല, മിച്ചമുള്ളതു സംശുദ്ധ രാഷ്ട്രീയജീവിതം നല്‍കിയ സല്‍പ്പേര് മാത്രം. ഒരു പതിറ്റാണ്ട് നിയമസഭാംഗമായിരിക്കെ, അശരണജീവിതങ്ങള്‍ക്കു വഴികാട്ടിയ സിപിഐ നേതാവ് എം. നാരായണനും കുടുംബവും ഇന്നു മുച്ചൂടും കടംകയറി വീടുവിട്ട് ഇറങ്ങാന്‍ ഒരുങ്ങുകയാണ്. വായ്പ ഉടന്‍ തിരിച്ചടച്ചില്ലെങ്കില്‍ മടിക്കൈ ബങ്കളത്തെ ഇവരുടെ വീട് ജപ്തി ചെയ്യുമെന്ന മുന്നറിയിപ്പു നല്‍കി കേരള ഗ്രാമീണ്‍ ബാങ്ക് അധികൃതര്‍ ഇന്നലെ നോട്ടീസ് പതിച്ചു. 
രാഷ്ട്രീയക്കാരനാണോ എങ്കില്‍, ആഡംബരം കൂട്ടിനുണ്ടാകുമെന്നു കരുതുന്നവര്‍ അറിയാതെ പോയതാണ് നാരായണന്റെ ജീവിതം. 2001ല്‍ എംഎല്‍എ പദവി ഒഴിയുമ്പോള്‍ നാരായണന്റെ നീക്കിയിരിപ്പു രണ്ടുലക്ഷത്തോളം രൂപയുടെ കടബാധ്യത മാത്രം. കടം വീട്ടാന്‍ സ്വന്തം പേരില്‍ ഉണ്ടായിരുന്ന 25 സെന്റ് സ്ഥലവും വീടും വിറ്റു. ഭാര്യയുടെ പേരിലുള്ള സ്ഥലത്തു പിന്നീടു കെട്ടിയ വീട്ടിലാണ് ഇപ്പോള്‍ ജപ്തിയുടെ നോട്ടീസ് പതിഞ്ഞത്. 
വീടുവയ്ക്കാന്‍ നേരത്തെ എടുത്ത വായ്പകള്‍ അടച്ചുതീര്‍ത്തു. 2004ലാണ് ഗ്രാമീണ്‍ ബാങ്കിന്റെ നീലേശ്വരം ബ്രാഞ്ചില്‍ നിന്ന് ഒന്നരലക്ഷം രൂപ നാരായണന്‍ വായ്പയെടുത്തത്. 2009 വരെ കൃത്യമായി തിരിച്ചടവു തുടര്‍ന്നു. 2009ല്‍ മകന്‍ ഷിംജിത്തിന്റെയും മകള്‍ ഷീനയുടെയും കല്യാണം നടത്തിയതോടെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി. വീടിന്റെ നിര്‍മാണജോലികള്‍ പൂര്‍ത്തിയാക്കാനും കഴിഞ്ഞില്ല. 
പലതവണ ബാങ്കില്‍ നിന്ന് അറിയിപ്പ് കിട്ടിയെങ്കിലും തിരിച്ചടയ്ക്കാന്‍ നാരായണനു വഴിയുണ്ടായില്ല. ആരോടും കടവും ചോദിച്ചില്ല. അവധികള്‍ പലതുകഴിഞ്ഞ് ഒടുവില്‍, പലിശ അടക്കം 1,85,216 രൂപ ഉടന്‍ തിരിച്ചടയ്ക്കണമെന്നാണ് ഇപ്പോഴത്തെ നിര്‍ദേശം. ഈ തുക എങ്ങനെ കണ്ടെത്തണമെന്ന കാര്യത്തില്‍ നാരായണനു നിശ്ചയമില്ല. 
മുന്‍ എംഎല്‍എമാര്‍ക്കു ലഭിക്കുന്ന പെന്‍ഷന്‍ തുകയും ഭാര്യ സുലോചനയുടെ ശമ്പളവുമാണ് ആകെ വരുമാനം. വീടു നിര്‍മാണത്തിനുള്‍പ്പെടെ ചെലവായ മറ്റു കടങ്ങള്‍ ഇപ്പോഴും ബാക്കി നില്‍ക്കുമ്പോഴും ഇളയ മകള്‍ ഷീബയുടെ കല്യാണം എങ്ങനെ നടത്തുമെന്ന ആലോചനയിലാണു നാരായണന്‍. 
1991ലും 1996ലും ഹൊസ്ദുര്‍ഗില്‍ നിന്നുള്ള എംഎല്‍എയായിരുന്നു എം. നാരായണന്‍. എളേരിത്തട്ട് സ്വദേശിയായ നാരായണന്‍ സിപിഐയുടെ കാസര്‍കോട് ജില്ലാ കൗണ്‍സില്‍ അംഗമാണ്. 1991ല്‍ 6678 വോട്ടിനു വിജയിച്ച നാരായണന്‍ 96ലെ രണ്ടാമങ്കത്തില്‍ 11809 വോട്ടിന് ജയിച്ചുകയറിയിരുന്നു. ജീവിതത്തില്‍ ഇനി എന്നു ജയിച്ചുകയറുമെന്നു മാത്രം നാരായണന് അറിയില്ല.


evisionnews

Keywords: Debit, credit, Japthi, M.L.A Karunakaran, C.P.I

Post a Comment

0 Comments

Top Post Ad

Below Post Ad