Type Here to Get Search Results !

Bottom Ad

ദേശീയദിനാഘോഷത്തിന് അണിഞ്ഞൊരുങ്ങി ദുബായ്‌, ആവേശം അതിരുകടന്നാല്‍ കടുത്ത നടപടി

evisionnews

ദുബായ്: (www.evisionnews.in)  നവംബര്‍ 28, 29, ഡിസംബര്‍ രണ്ട് തിയ്യതികളില്‍ ദുബായില്‍ ദേശീയ ദിനാഘോഷങ്ങള്‍ അരങ്ങേറും. 28-ന് വെള്ളിയാഴ്ച രാത്രി ബുര്‍ജുല്‍ അറബ് ഹോട്ടല്‍ പരിസരത്തായി നടക്കുന്ന വെടിക്കെട്ടോടെ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കും. തുടര്‍ന്ന് ശനിയാഴ്ച ആയിരം വാഹനങ്ങള്‍ അണിനിരക്കുന്ന വാഹനപരേഡും ദേശീയ ദിനമായ ചൊവ്വാഴ്ച സൈനിക പരേഡ് അടക്കമുള്ള പ്രധാന ആഘോഷ പരിപാടികളും അരങ്ങേറും.

ദുബായ് ട്രാഫിക് ഡയറക്ടര്‍ കേണല്‍ സെയ്ഫ് മുഹൈര്‍ അല്‍ മസ്‌റൂഇ ആണ് ആഘോഷങ്ങള്‍ സംബന്ധിച്ച വിവങ്ങള്‍ വിശദീകരിച്ചത്. പരേഡ് മൈതാനില്‍ നിന്ന് തുടങ്ങി ജുമൈറ വഴി ഡൗണ്‍ ടൗണിലെ ബോലേവാര്‍ഡ് അവന്യൂവില്‍ എത്തും. ആഢംബര കാറുകളും ക്ലാസിക് കാറുകളും അണിനിരക്കും. പ്രധാന വാഹന പരേഡിന് പുറമെ, പ്രത്യേക അനുമതിയോടെ നടക്കുന്ന നിരവധി പരേഡുകള്‍ക്ക് നഗരം സാക്ഷ്യം വഹിക്കും. രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ക്ക് മാത്രമേ, ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ സാധിക്കൂ. പരേഡുകള്‍ക്കിടെ നിയമം ലംഘിക്കുന്ന വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടി കൈക്കൊള്ളുമെന്നും അദ്ദേഹം അറിയിച്ചു.
ദേശീയദിനത്തില്‍ നടക്കുന്ന പ്രധാന ആഘോഷങ്ങളില്‍ മുഴുവന്‍ ഗവണ്‍മെന്റ് ഡിപ്പാര്‍ട്‌മെന്‍റുകളും പങ്കാളികളാകും. പൊതുജനങ്ങള്‍ക്ക് ആഘോഷങ്ങള്‍ കാണുന്നതിന് വിവിധ ഭാഗങ്ങളിലായി കൂറ്റന്‍ സ്‌ക്രീനുകള്‍ സ്ഥാപിക്കും. റൗണ്ടെബൗട്ടുകളിലും പ്രധാന ചത്വരങ്ങളിലുമായി സ്‌ക്രീനുകളില്‍ തത്സമയം കാഴ്ചകള്‍ കാണാനാകും.
വാഹന പരേഡുകള്‍ നടക്കുന്ന റോഡുകളില്‍ പോലീസ് നിയന്ത്രണം ഏര്‍പ്പെടുത്തും. പരേഡ് വേളയില്‍ വാഹനങ്ങളെ വഴിതിരിച്ചുവിടും. ആഘോഷവേളയിലെ ക്രമസമാധാനം ഉറപ്പുവരുത്തുന്നതിന് പ്രത്യേക നിരീക്ഷക സംഘങ്ങളെ നിയോഗിക്കും. ട്രാഫിക് പോലീസിന് കീഴിലെ 80 പട്രോളിങ് സംഘങ്ങള്‍ നഗരത്തില്‍ റോന്തുചുറ്റും. വാഹനങ്ങളുടെ നിയമലംഘനം നിരീക്ഷിക്കുന്നതിനായി 20 മൊബൈല്‍ റഡാറുകള്‍ അധികം സ്ഥാപിക്കും. മുഹമ്മദ് ബിന്‍ സായിദ് റോഡിലും ഹത്ത റോഡിലുമായി രാവും പകലും നിരീക്ഷണം നടത്തുന്ന 20 പട്രോളിങ് സംഘങ്ങള്‍ സ്ഥാനം പിടിക്കും.

ദേശീയ ദിനാഘോഷങ്ങള്‍ക്കിടെയുള്ള വാഹനങ്ങളുടെ ഓട്ടപ്പാച്ചിലിന് കനത്തവില നല്‍കേണ്ടിവരുമെന്ന് ട്രാഫിക് വിഭാഗം മുന്നറിയിപ്പ് നല്‍കുന്നു. അശ്രദ്ധമായും അധികവേഗത്തിലും വാഹനമോടിക്കല്‍, ഗ്ലാസുകള്‍ക്ക് കൂടിയതോതില്‍ ടിന്റ് നല്‍കല്‍, ഡ്രൈവറുടെ കാഴ്ചയെ ബാധിക്കുന്ന വിധത്തിലുള്ള അലങ്കാരങ്ങള്‍, ഉച്ചത്തിലുള്ള സംഗീതം, ഹോണ്‍ അടിക്കല്‍, തലയും കൈകാലുകളും പുറത്തേക്കിടല്‍ തുടങ്ങിയവ നിരോധിച്ചിട്ടുണ്ട്.
അതിവേഗത്തില്‍ വാഹനമോടിക്കുകയും ക്രമസമാധാനപ്രശ്‌നങ്ങളുണ്ടാക്കുകയും ചെയ്യുന്ന വാഹനങ്ങള്‍ക്ക് 2000 ദിര്‍ഹമാണ് പിഴ. കൂടാതെ, 12 ബ്ലാക്ക് പോയന്റുകള്‍ ചുമത്തുകയും വാഹനം ഒരുമാസത്തേക്ക് പിടിച്ചുവെക്കുകയും ചെയ്യും. വാഹനത്തിന് പുറത്തേക്ക് എത്തിനോക്കുന്നവര്‍ക്ക് 1000 ദിര്‍ഹമാണ് പിഴ. ഒരുമാസത്തേക്ക് വാഹനം പിടിച്ചുവെക്കലും 12 ബ്ലാക്ക് പോയന്റുകളും ഇവര്‍ക്ക് ലഭിക്കും. അമിതമായി ഹോണ്‍ അടിക്കുകയോ ഉച്ചത്തില്‍ സംഗീതം കേള്‍പ്പിക്കുകയോ ചെയ്യുന്നവര്‍ക്ക് 500 ദിര്‍ഹം പിഴയും ആറ് ബ്ലാക്ക് പോയന്റുകളും ചുമത്തും. കൂടാതെ വാഹനം പിടിച്ചുവെക്കുകയും ചെയ്യും. ലൈസന്‍സില്ലാതെ ഓടുന്ന ബൈക്കുകള്‍ അപ്പോള്‍ത്തന്നെ കസ്റ്റഡിയിലെടുക്കും.

Keywords: Dubai, National day celebration, Government, department, Muhammad bin Sayid road, Mobile radar
Tags

Post a Comment

0 Comments

Top Post Ad

Below Post Ad