സ്വാദിഖ് ഹുദവി ആലംപാടി
കാസര്‍കോട് ജില്ലയുടെ നിംനോന്നതികളുടെ ചരിത്രത്തില്‍ എന്നും കൂടെ നടന്ന ആലംപാടി പ്രദേശത്തിന്റെ സ്വന്തം 'ദര്‍സ് ഉസ്താദ് ' ഓര്‍മ്മയായിട്ട് ഇരുപത്തഞ്ചാണ്ട് പിന്നിടുകയാണ്. ഏകദേശം എഴുപത്തഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് മലപ്പുറം ജില്ലയിലെ മങ്കട വടക്കാങ്ങരയില്‍ നിന്ന് അക്ഷരവെളിച്ചവുമായി ആലംപാടിയില്‍ എത്തിയ ഉസ്താദ് ചുരുങ്ങിയ കാലഘട്ടം കൊണ്ട് ഒരു നാടിന്റെ എല്ലമായി മാറുകയായിരുന്നു. വിജ്ഞാന സേവനങ്ങളിലൂടെ ഒരു നാടിന്റെ പുരോഗതിക്കായി മെഴുക് തിരി പോലെ സ്വയം ഉരുകിത്തീര്‍ന്ന ആ വലിയ മനുഷ്യനെ നമുക്ക് ഒരു തലമുറയുടെ ഗുരുവര്യരെന്ന് വിശേഷിപ്പിക്കാം. 45 വര്‍ഷങ്ങള്‍ ഒരു പ്രദേശത്തിന്റെ ജീവനാഡിയായി പ്രവര്‍ത്തിച്ച ഉസ്താദ് നാടിന്റെയും നാട്ടുകാരുടെയും ഓര്‍മ്മകളില്‍ വസന്തം തീര്‍ത്ത് ആലംപാടി ഖിളര്‍ ജുമാ മസ്ജിദിന്റെ ഓരത്ത് അന്ത്യവിശ്രമം കൊള്ളുകയാണിന്ന്.
കേരളക്കരയിലെ പല പ്രദേശങ്ങളെയും പോലെ മതഭൗതിക വിദ്യാഭ്യാസ രംഗത്ത് ഏറെ പിന്നിലായിരുന്നു അന്ന് ഈ പ്രദേശം. അജ്ഞത മുറ്റി നില്‍ക്കുന്ന നാടുകളിലേക്ക് അറിവിന്റെ വെള്ളിവെളിച്ചവുമായി കടന്നു ചെല്ലണമെന്ന പ്രവാചക സന്ദേശം മനസ്സാവഹിച്ച് നാടും വീടും ത്യജിച്ച് മറുനാടുകളിലേക്ക് കുടിയേറിപ്പാര്‍ത്ത ഒരു കൂട്ടം നിസ്വാര്‍ത്ഥ പണ്ഡിതന്മാരിലൊരാളായിരുന്നു നമ്മുടെ സ്മര്യപുരുഷനും. സ്വജീവിതം മറന്ന് നാടിന്റെ മുക്കുമൂലകളില്‍ ചെന്ന് വിജ്ഞാനത്തിന്റെ നേട്ടങ്ങള്‍ സരളമായി പറഞ്ഞുകൊടുത്ത് തദ്ദേശീയരായ ജനങ്ങളെ ബോധവല്‍കരിക്കുകയും അറിവിന്റെ പാതയിലേക്ക് വഴി നടത്തുകയും ചെയ്തു.
അന്ന് നാടിന്റെ വിളക്കുമാടമായി നിലനിന്നിരുന്ന നൂറുല്‍ ഇസ്ലാം മദ്രസയിലെ പ്രധാനാധ്യാപകനയാണ് ഉസ്താദ് ആദ്യം ഇവിടെ എത്തുന്നത്. എന്നാല്‍ തന്റെ അശ്രാന്ത പരിശ്രമവും നാട്ടിലെ ചില നല്ലവരായ പൗരപ്രമാണിമാരുടെ സര്‍വ്വാത്മനായുള്ള പിന്തുണയും ലഭിച്ചതോടെ നാട്ടുകാരായ കുട്ടികളെ ചേര്‍ത്ത് ആലംപാടി ഖിളര്‍ ജുമാ മസ്ജിദില്‍ ഒരു പള്ളി ദര്‍സ് സ്ഥാപിച്ചു. അതോടെ പി.വി മൊയ്തീന്‍ കുട്ടി മുസ്ല്യാരെന്ന പണ്ഡിതന്‍ 'ദര്‍സ് ഉസ്താദ്' എന്ന അപരനാമത്തില്‍ അറിയപ്പെടാന്‍ തുടങ്ങി.
ആറ് വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ആലംപാടിയിലെ സേവനം നിര്‍ത്തി പയ്യന്നൂര്‍ പെരുമ്പയില്‍ രണ്ട് വര്‍ഷം ഖത്വീബായി ചോലി ചെയ്ത ഉസ്താദ് നാട്ടുകാരുടെ നിരന്തര അഭ്യര്‍ത്ഥന മാനിച്ച് വീണ്ടും ആലംപാടിയിലേക്ക് തന്നെ തിരിച്ച് വന്നു. തുടര്‍ന്നുണ്ടായ നാല്‍പത്തഞ്ചോളം വര്‍ഷങ്ങളില്‍ നാട്ടില്‍ ഒരുവനായി വൈജ്ഞാനിക-സാംസ്‌കാരിക രംഗങ്ങളിലെ നിത്യജോതിസ്സായി, ഒരോ ചലനങ്ങളുടെയും ചാലകശക്തിയായി ഉസ്താദ് നിലകൊണ്ടു. ആ നടത്തവും ഇരുത്തവും പ്രഭാഷണങ്ങളും നാട്ടുകാരുടെ മനോമുകരങ്ങളില്‍ ഇന്നും ഓര്‍മ്മയുടെ തീജ്വാല തീര്‍ത്ത് കത്തി നില്‍ക്കുന്നു. ആ അമൃതസ്മരണകളില്‍ നിന്ന് ഊര്‍ജമുള്‍കൊണ്ട് ഒരു തലമുറയെ ഇന്നും നമുക്ക് കാണാനാകും.
ഇന്ന് കാണുന്ന ആലംപാടിയുടെ നിര്‍മ്മാണത്തില്‍ ഉസ്താദ് വഹിച്ച പങ്ക് നിസ്തുലമാണ്. തന്റെ നിരന്തര പ്രഭാഷണങ്ങളിലൂടെ ഉയര്‍ന്നുവന്ന പള്ളിദര്‍സ്, ഒരു കാലത്ത് ജില്ലയില്‍ തന്നെ ഉന്നതനിലവാരം പുലര്‍ത്തിയിരുന്ന ആലംപാടി നൂറുല്‍ ഇസ്ലാം മദ്രസ, കേരളത്തതിലെ തന്നെ പ്രമുഖ യതീംഖാനകളിലൊന്നായിരുന്ന നൂറുല്‍ ഇസ്ലാം യതീംഖാന- നാടിന്റെ പുരോഗതിയുടെ ഗതിനിര്‍ണ്ണയിച്ച ഓരോ സ്ഥാപനങ്ങള്‍ക്ക് പിന്നിലും ഉസ്താദിന്റെ ചിന്തയും ആത്മാര്‍ത്ഥതയും കഠിനാധ്വാനത്തിന്റെ വിയര്‍പ്പുതുള്ളികളുമുണ്ട്. പ്രദേശവാസികളില്‍ ദീനിചൈതന്യം കെട്ടണയാതെ നിലനിന്നുപോരുന്നതിന്റെ എല്ലാ ക്രെഡിറ്റും ഉസ്താദിന് അവകാശപ്പെട്ടതാണ്.
ഭൗതികലക്ഷ്യങ്ങളോ വ്യക്തിതാല്‍പര്യങ്ങളോ അല്ല ഉസ്താദിനെ മുന്നോട്ട് നയിച്ചത്. ആത്മാര്‍ത്ഥതയും ദൈവിക ചിന്തയുമായിരുന്നു ഉസ്താദിന്റെ കൈമുതല്‍. താന്‍ ഏറ്റെടുത്ത ഉത്തരവാദിത്തം വളരെ ഭംഗിയോടും ചിട്ടയോടെയും പൂര്‍ത്തീകരിക്കാന്‍ എന്നും ശ്രമിച്ചിരുന്ന ഉസ്താദ് ഏവര്‍ക്കും മാതൃകയായിരുന്നു. നാടും നാട്ടുകാരും ഉസ്താദിന് സ്വന്തം വീടും മക്കളുമായിരുന്നു. നാടിന്റെ മത-ഭൗദിക വളര്‍ച്ചയില്‍ നിരന്തരം അഭിമാനം കൊണ്ട ഉസ്താദ് വിശ്രമത്തിന് സമയം കണ്ടെത്തിയിരുന്നില്ല. അണമുറിയാത്ത കഠിനാധ്വാനവുമായി ഓടി നടന്ന ഉസ്താദ് ഇത് പോലൊരു മുഹറമിലായിരുന്നു ഒരു നാടിനെ അനാഥമാക്കി യാത്രയായത്. 25ഓളം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഹിജ്‌റ വര്‍ഷം 1411ലായിരുന്നു അത്.
നാടിന്റെ അഭിമാനമായി തലയുയര്‍ത്തി നില്‍ക്കുന്ന ഓരോ സ്ഥാപനങ്ങളിലും ഉസ്താദിന്റെ കയ്യൊപ്പ് കാണുന്ന നാട്ടുകാര്‍ക്ക് ഉസ്താദിനെ വിസ്മരിച്ചുകൊണ്ടുള്ള ജീവിതം അസാധ്യമാണ്. ഓരോ വര്‍ഷവും മുഹറം മാസത്തിലെ ഒരു വെള്ളിയാഴ്ച നടത്തപ്പെടുന്ന ഉസ്താദിന്റെ പേരിലുള്ള മൗലിദ് സദസ്സ് നാട്ടുകാരുടെ മുറിയാത്ത സ്മരണകളുടെ പ്രതീകമായി ഇന്നും നിലനില്‍ക്കുന്നു ഏത് തിരക്കുകള്‍ക്കിടയിലും ഉസ്താദിന്റെ പേരില്‍ നടക്കുന്ന പ്രസ്തുത പരിപാടിയില്‍ സംബന്ധിക്കാന്‍ എല്ലാവരും സമയം കണ്ടെത്തുന്നു. സദസ്സിലേക്കുള്ള ശീരണി കൊടുത്തയച്ച് നാട്ടിലെ സ്ത്രീകളും ആ ഓര്‍മ പുതുക്കുന്നു. പുതുതലമുറയും നാടിന്റെ ഈ ദീപ്ത സ്മരണയില്‍ ഇഴകിച്ചേരുന്നത് സന്തോഷദായകമായ കാഴ്ചയാണ്. അല്ലാഹു ഉസ്താദിനോടൊപ്പം നമ്മെയും സ്വര്‍ഗം കൊണ്ട് അനുഗ്രഹിക്കട്ടെ.............
Keywords: Memmorizing, Alampadi Dars Usthad, Swadiq Alampady, Article, Muharram, Malappuram district committee, Mangada, vadakkangara
Keywords: Memmorizing, Alampadi Dars Usthad, Swadiq Alampady, Article, Muharram, Malappuram district committee, Mangada, vadakkangara
Post a Comment
0 Comments