അടുത്ത മാസം നടക്കുന്ന പാര്‍ട്ടി ജില്ലാ സമ്മേളനത്തോടെ കെ.പി സതീഷ് ചന്ദ്രന്‍ ജില്ലാ സെക്രട്ടറി സ്ഥാനം ഒഴിയുമെന്ന് ഇതിനകം ഉറപ്പായിക്കഴിഞ്ഞു. രണ്ട് തവണ ജില്ലാ സെക്രട്ടറിയായ സതീഷ് ചന്ദ്രനെ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ മത്സരിപ്പിക്കാനാണ് പാര്‍ട്ടി നേതൃത്വം ആലോചിക്കുന്നത്. ഇതിന് മുമ്പ് സതീഷ് ചന്ദ്രന്‍ ഇതേ മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയും വന്‍ഭൂരിപക്ഷത്തില്‍ വിജയിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ജില്ലാ സമ്മേളനത്തില്‍ കെ.പി സതീഷ് ചന്ദ്രനെതിരെ മത്സരിച്ച പി. രാഘവന്‍ വോട്ടെടുപ്പില്‍ പരാജയപ്പെടുകയാണുണ്ടായത്. അതിന് പ്രധാനമായും കാരണമായത് കെ.പി സതീഷ് ചന്ദ്രന്റെ നല്ല പ്രതിഛായയും ജനകീയതയുമായിരുന്നു.
എന്നാല്‍ എം.എല്‍.എ എന്ന നിലയില്‍ കക്ഷി രാഷ്ട്രീയത്തിന് അതീതമായി ജനസമ്മിതി നേടിയെടുത്തിരുന്ന സതീഷ് ചന്ദ്രന്‍ പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറിയായതോടെ അദ്ദേഹത്തിന്റെ പ്രതിഛായക്ക് ദോഷം ചെയ്യുന്ന സമീപനങ്ങളും നിലപാടുകളുമാണ് കൈകൊണ്ടതെന്നാണ് പാര്‍ട്ടിക്കകത്ത് വിമര്‍ശനമുയര്‍ന്നത്. സതീഷ് ചന്ദ്രന്‍ സെക്രട്ടറിയായതിന് ശേഷം ജില്ലയിലെ പാര്‍ട്ടി ഗ്രാമങ്ങളില്‍ വിഭാഗീയത ശക്തമായെന്നും അത് പരിഹരിക്കാനുള്ള നേതൃശേഷി സതീഷ് ചന്ദ്രന് ഇനിയും ഉണ്ടായിട്ടില്ലെന്നും പാര്‍ട്ടിയിലെ ഒരു വിഭാഗം കുറ്റപ്പെടുത്തുന്നു. സതീഷ് ചന്ദ്രന്‍ ഒരിക്കല്‍ കൂടി പാര്‍ട്ടി സെക്രട്ടറിയാകുന്നതിനോട് പൊതുവെ ആര്‍ക്കും താല്‍പ്പര്യമില്ലാത്ത ഇന്നത്തെ സാഹചര്യത്തില്‍ രാഘവന്‍ തനിക്ക് അനുകൂലമായ അന്തരീക്ഷമാണ് മുന്നില്‍ കാണുന്നത്.
അതേ സമയം പാര്‍ട്ടിയുടെ ഉരുക്കു കോട്ടയിലൊന്നായ ബേഡകത്ത് വിഭാഗീയ പ്രശ്‌നങ്ങള്‍ ആളിക്കത്തിക്കുകയും പാര്‍ട്ടിയുടെ അടിത്തറ അവിടെ ഉളകിക്കൊണ്ടിരിക്കുകയും ബി.ജെ.പിയും കോണ്‍ഗ്രസും അടക്കമുള്ള രാഷ്ട്രീയ പ്രതിയോഗികള്‍ സ്വാധീനമുറപ്പിക്കുകയും ചെയ്തതിന്റെ മുഖ്യകാരണക്കാരന്‍ പി. രാഘവനാണെന്നാണ് അദ്ദേഹത്തെ എതിര്‍ക്കുന്നവര്‍ ചൂണ്ടിക്കാണിക്കുന്നത്. ബേഡകത്ത് പാര്‍ട്ടിയില്‍ പൊട്ടിത്തെറിയുണ്ടാക്കിയ സി. ബാലന്റെ ഏരിയാ സെക്രട്ടറി സ്ഥാനത്തിന് പിന്നിലും പി. രാഘവനായിരുന്നു.
പിണറായി പക്ഷത്തെ കാസര്‍കോട് ജില്ലയിലെ പ്രമുഖന്‍ ഇന്നും പി. രാഘവന്‍ തന്നെയാണ്. രാഘവന്‍ പിണറായിയുടെ ആശീര്‍വാദത്തോടെ ജില്ലാ സെക്രട്ടറിയായാല്‍ തന്റെ വിശ്വസ്തനായ സി. ബാലനെ ബേഡകം ഏരിയാ സെക്രട്ടറി സ്ഥാനത്തേക്ക് തിരികെ കൊണ്ട് വരണമെന്ന സംസാരം പാര്‍ട്ടിക്കകത്ത് സജീവമാണ്. രാഘവനെ സെക്രട്ടറിയാക്കാന്‍ ശ്രമം നടക്കുകയാണെന്ന വിവരമറിഞ്ഞതോടെ ബേഡകത്തെ സമാന്തര വിഭാഗം ഏത് വിധേനയും ഇതിന് തടയിടാന്‍ അരയും തലയും മുറുക്കി രംഗത്തിറങ്ങിക്കഴിഞ്ഞു.
Keywords: Kasaragod, Local, News, Cpim, Shatheesh Chandran, Bedakam, Election.

Post a Comment
0 Comments