Type Here to Get Search Results !

Bottom Ad

ഓണക്കാലം ഒരു ഓര്‍മക്കാലം

പ്രജിന പി ഇരിട്ടി

വര്‍ഷങ്ങള്‍ക്കു ശേഷം മടങ്ങി വരുമ്പോള്‍ ഈ വഴിയിറമ്പുകള്‍ക്ക് ഞാന്‍ അപരിചിതനായിരിക്കുമെന്നാണ് കരുതിയത്. എന്നാല്‍ തെങ്ങോലത്തുമ്പകള്‍ക്കിടയിലൂടെ പഴയ അതേ ആകാശം കണ്ണിറുക്കി കാണിച്ചു. ഇന്നും പലതും ഓര്‍ത്തു വെയ്ക്കുന്നു എന്ന ഭാവത്തില്‍.
ആകാശത്തിനു മാത്രമേ മാറ്റം വരാത്തതായി കണ്ടുള്ളൂ. പൂക്കള്‍ നിറഞ്ഞു നിന്ന താമര പൊയ്ക നിറയെ കടലാസു പൂക്കളാണ്. തുമ്പ പൂത്തു നിന്ന തൊടി നിറയെ കോണ്‍ക്രീറ്റ് കെട്ടിടങ്ങളും പഴയ വീടും. തൊടിയും പുഴകളും മനസ്സിന്റെ ഏതോ കോണില്‍ മാത്രമേ ഉള്ളൂ. ഓര്‍മത്താളുകള്‍ മറിച്ചു നോക്കുമ്പോള്‍ മാത്രം പല വര്‍ണ്ണങ്ങളായി ഓടിയെത്തുകയാണവ.
നഗരത്തിലെ തിരക്കു പിടിച്ച ജീവിതത്തിനിടയില്‍ നഷ്ടമാകുന്നതിന്റെ പട്ടികയില്‍ എന്നോ ചേര്‍ക്കപ്പെട്ടതായി മാറിയതാണ് ഓണവും. 
12 വര്‍ഷങ്ങള്‍ക്കു ശേഷം ഈ തിരിച്ച് വരവിനു പാത പാകിയത് മകളുടെ നിര്‍ബന്ധവും മുത്തശ്ശിയുടെ ആഗ്രഹങ്ങളുമായിരുന്നു. ബന്ധങ്ങളുടെ വേരോടുന്നത് ഗ്രാമത്തിലെ മണ്ണിലാണെന്ന് എന്നും പറഞ്ഞുകൊണ്ടിരുന്ന മുത്തശ്ശിയോട് നന്ദി പറയണമെന്ന് തോന്നി. എന്നോ അന്യാധീനപ്പെട്ടു പോയ മണ്ണിലെ പാഴ്‌ചെടികള്‍ പന്തലിച്ചു നിന്ന പറമ്പിലേയ്ക്കു യാത്ര തിരിച്ചതും ആ വേരുകള്‍ തേടിയായിരുന്നു. 
ബസ്സിറങ്ങിയതു മുതല്‍ കണ്ണുകളെ വരവേറ്റത് അപരിചിതത്വം തുളുമ്പുന്ന കുറേ ദുഖങ്ങളാണ്. ആര്‍ക്ക് മുന്നിലും തന്റെ വ്യക്തിത്വം വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്തതു കൊണ്ട് മൗനം പാലിച്ചു. 
ഒടുവില്‍ വീതം വയ്പിനു ശേഷം ആര്‍ക്കും വേണ്ടാതെ അവശേഷിച്ച ഈ അസ്ഥിത്തറയ്ക്കുമുന്നില്‍ നില്‍ക്കുമ്പോള്‍ മുത്തശ്ശിയോട് പറയാന്‍ നന്ദിയുടെ വാക്കുകള്‍ മാത്രമേയുള്ളൂ. പൂക്കളവും തുമ്പി തുള്ളലും തിരുവാതിരയും കൈകൊട്ടിക്കളിയും ഓണസദ്യയും എന്നെ പരിചയപ്പെടുത്തിയതിന്, എന്റെ തലമുറയ്ക്കു കൈമാറാന്‍ ഓണക്കാലത്തെക്കുറിച്ച് ഒരുപാട് ഓര്‍മകള്‍ തന്നതിനും.


Keywords: Onam, memory, returning again, article, thanks, grand mother
Tags

Post a Comment

0 Comments

Top Post Ad

Below Post Ad