നടുവേദന ഇന്ന് പലരുടേയും ദുഖമാണ്. മനസ്സില്‍ ആവേശത്തിന്റെ കൊടുമുടിയുളളവര്‍ക്ക് ചെയ്യാന്‍ പലതുണ്ടെങ്കിലും നടുവേദന മൂലം ഒന്നും പ്രവര്‍ത്തിക്കാന്‍ കഴിയാതെ പോകുന്നു. നടുവേദനയുടെ കാരണവും പ്രതിവിധിയും പങ്കുവെക്കുകയാണ് ഇന്നത്തെ ആരോഗ്യത്തിലൂടെ ഡോ.പ്രസാദ് മേനോന്‍
പ്രായമാകുമ്പോള്‍ കൂട്ട് വരുന്ന ഒരു സാധാരണ രോഗമായാണ് നാം നടുവേദനയെ കണ്ടിരുന്നത്. എന്നാല്‍ ഇന്ന് ചെറുപ്രായത്തില്‍ തന്നെ നടുവേദനയെന്ന് പറഞ്ഞ് കരയുന്ന കുട്ടികളെ വരെ നമുക്ക് കാണേണ്ടി വരുന്നു. ഭക്ഷണരീതികളിലും നമ്മുടെ നിത്യജോലികളുടെ രീതികളിലും മാറ്റം വന്നപ്പോള്‍ അത് ശരീരഘടനയേയും അതിന്റെ പ്രവര്‍ത്തനത്തേയും കൂടിയാണ് വെല്ലുവിളിക്കുന്നത്. നടുവേദനയെക്കുറിച്ച് രണ്ടു തരം ദുഖവുമായാണ് രോഗികള്‍ എന്നെ കാണാന്‍ വരാറുളളത്. ഒരുകൂട്ടര്‍ നടുവേദന മറ്റേതെങ്കിലും രോഗത്തിന്റെ കാരണമാണോയെന്ന് ഭയക്കുന്നു. മറ്റു ചിലര്‍ വേദനയുടെ കാഠിന്യം സഹിക്കാനാവാതെ വരുന്നവരാണ്. രണ്ടു തരത്തില്‍ വരുന്നവരേയും കാര്യമായി പരിഗണിക്കപ്പെടേണ്ടതുണ്ട്.
കാരണം ചില നടുവേദനകള്‍ കാന്‍സര്‍, ടി.ബി പോലുളള രോഗങ്ങളുടെ തുടര്‍ച്ചയോ, ഇത്തരം രോഗങ്ങള്‍ നട്ടെല്ലില്‍ പിടിപ്പെട്ടതോ ആകാം. ചികിത്സ കൊണ്ട് മാത്രമെ ഇതിനെ തിരിച്ചറിയാനാവുകയുളളു. നടുവേദനയെന്ന് പറഞ്ഞ് പലരും നട്ടെല്ലിലെ വേദനയെ അവഗണിക്കുമ്പോള്‍ തിരിച്ചറിയാനാകാതെ പോകുന്നത് ഇത്തരം രോഗങ്ങളെ കൂടിയാകാം.
രണ്ടാം ഘട്ടത്തിലുളളവരുടെ വേദന മെക്കാനിക്കല്‍ നടുവേദനയാണ്. ഇരിക്കുന്ന രീതികളില്‍ വരുന്ന വ്യത്യാസം, കഠിന ഭാരം താങ്ങേണ്ടി വരുന്ന ജോലികള്‍, നിരന്തര യാത്രകള്‍, ഇവയൊക്കെ മെക്കാനിക്കല്‍ നടുവേദനകള്‍ക്കുളള കാരണങ്ങളാവാം. സ്ത്രീകളുടെ കാര്യത്തില്‍ പ്രസവത്തിന് ശേഷം നടുവേദന ഉണ്ടാവാനുളള സാധ്യതയും കൂടുതലാണ്. എല്ലുകളില്‍ വരുന്ന ബലക്ഷയമാണ് ഇത്തരം നടുവേദനകളുടെ അടിസ്ഥാനകാരണം.
ഇന്ന് വിദ്യാര്‍ത്ഥികളിലും നടുവേദന കൂടുതലായി കാണപ്പെടാറുണ്ട്. ബാഗില്‍ ബുക്കുകള്‍ കുത്തിനിറച്ച് പോകേണ്ടി വരുന്ന വിദ്യാര്‍ത്ഥികളുടെ നിത്യേനയുളള ഈ സാഹചര്യം നടുവേദന കൂട്ടാനിടയാക്കുന്നു. കൂടാതെ വ്യായാമം നടത്താതെ തന്നെ നേരിട്ട് കളിക്കളത്തിലേക്കിറങ്ങുന്ന അത്‌ലറ്റുകളിലും പെട്ടെന്ന് നടുവേദന വരാനുളള സാധ്യത കൂടുതലാണ്.
നടുവേദനക്ക് മൂന്ന് തരത്തിലുളള മരുന്നാണ് നമ്മുടെ മുന്നിലുളളത്. ആദ്യത്തെ രണ്ടും സ്വയം നിയന്ത്രണത്തിലുളളതും മൂന്നാമത്തേത് ഡോക്ട്ടറുടെ നിയന്ത്രണത്തിലുമുളളതാണ്. 1- ജീവിത ശൈലികളിലുളള നിയന്ത്രണം. അഥവാ നിവര്‍ന്നിരിക്കാന്‍ ശ്രദ്ധിക്കുക, യാത്രചെയ്യുമ്പോള്‍ സീറ്റുകളുടെ കാര്യം ശ്രദ്ധിക്കുക, അമിതഭാരം ചുമക്കുന്നത് കുറക്കുക തുടങ്ങി ഓരോ പ്രവൃത്തി ചെയ്യുമ്പോഴും ശരീരത്തിന്റെ കാര്യത്തില്‍ സ്വയം ബോധം ഉണ്ടാക്കിയെടുക്കുക.
2- ശരിയായ വ്യായാമങ്ങള്‍ ജീവിതത്തിലുടനീളം ശീലിക്കുക . ആവശ്യമാണെങ്കില്‍ ഒരു നല്ല പരിശീലകന്റെ സഹായവും തേടുക. യോഗ ചെയ്യുന്നത് പതിവാക്കുക. 3- ദീര്‍ഘകാലത്തേക്ക് രോഗത്തെ നീട്ടി വെക്കാതെ വേണ്ട ചികിത്സ തേടുകയും അനുയോജ്യമായ ചികിത്സയിലൂടെ വേദനയുടെ കാരണം കണ്ടെത്തുകയും ചെയ്യുക.
Keywords: Dr. Prasad, back born pain, exercise, life style, students, computer, drugs, affraid

Post a Comment
0 Comments