Type Here to Get Search Results !

Bottom Ad

ലൈലത്തുല്‍ ഖദ്‌ര്‍, കാത്തിരിപ്പിന്റെ അനുഭൂതിയുമായൊരു രാത്രി

                       മന്‍സൂര്‍ ഹുദവി മുള്ളേരിയ
റമളാനാഗമനം വിശുദ്ധിയുടെ പ്രതീകമാണ്‌. നന്മയും നേരും നിലാവും വെളിച്ചവും റമളാന്റെ ഓരോ നിമിഷങ്ങളിലും കൂട്ടുകൂടാനെത്തുന്നു. കാമക്രോഡ മോഹ ബന്ധിതമായ ഹൃദയ താഴ്‌വരകളില്‍ ഭക്തിയുടെയും പ്രകാശത്തിന്റെയും നറുമണം വിതറി ഈ വിരുന്നുകാരനും ദിവസങ്ങള്‍ക്കകം പിരിയുകയാണ്‌. അല്ലെങ്കിലും അതിഥികളെന്നും അങ്ങനെത്തന്നെയാണല്ലോ! ആതിഥ്യമര്യാദയുടെ അവസരങ്ങള്‍ കഴിഞ്ഞാലുടന്‍ ധൃതിപ്പെട്ടവര്‍ വീടുവിട്ടിറങ്ങും. (www.evisionnews.in)
പുണ്യറമളാനും വിടപറയുന്നതിന്റെ സൂചനകള്‍ നല്‍കിക്കഴിഞ്ഞു. അനുഗ്രഹ വര്‍ഷത്തിന്റെ ആദ്യപത്തും പാപമോചനത്തിന്റെ പത്തു ദിനങ്ങളും കടന്നുപോയി. നരകമോചന തേടി ഊണും ഉറക്കവുമൊഴിക്കുന്ന ദിനരാത്രങ്ങളാണ്‌ ഇനിയുള്ളത്‌.
ഇനിയുളള ദിവസങ്ങളില്‍ കാത്തിരപ്പിന്റെ സുഖം വിശ്വാസി അനുഭവിച്ചറിയുകയാണ്‌. പരസഹസ്രം പുണ്യങ്ങള്‍ ഒന്നിച്ചെഴുന്നള്ളിക്കുന്ന ലൈലത്തുല്‍ ഖദ്‌റാണ്‌ അവനെ മാടിവിളിക്കുന്നത്‌. ആയിരം മാസങ്ങള്‍ ചെയ്‌ത ആരാധനകളുടെ പ്രതിഫലം അവനെ വല്ലാതെ മോഹിപ്പിക്കുന്നു.
അവസാനത്തെ പത്ത്‌ വിശ്വാസിക്ക്‌ പ്രതീക്ഷയോടെ കാത്തിരിക്കാനുള്ളതാണ്‌. പരശതം മാലാഖമാര്‍ അനുഗ്രഹ വര്‍ഷവുമായി ഭൂമിയില്‍ വന്നിറങ്ങുന്ന ആ രാത്രി അനുഭവിച്ചറിയാനും സ്വയം മറന്ന്‌ അതില്‍ ലയിച്ച്‌ ചേരാനും അവന്റെ ഹൃദയം വെമ്പല്‍ കൊള്ളുന്നു. അതിനായി റമളാന്‍ ഇരുപതിനു ശേഷമുള്ള ഓരോ ഒറ്റപ്പെട്ട രാത്രികളേയും ആരാധനയുടെ വെളിച്ചത്തില്‍ അവന്‍ പകലുകളാക്കി മാറ്റുന്നു.
ഇരുപത്തിയേഴാം രാവും ലൈലത്തുല്‍ ഖദ്‌റും ഹൃദയത്തില്‍ കാത്തിരിപ്പിന്റെ കുളിര്‍ കോരിയിടുന്നു. നിമിഷാര്‍ധങ്ങളില്‍ കോടികള്‍ മാറിമറിയുന്ന ഉത്തരാധുനിക യുഗത്തില്‍ കാത്തിരിപ്പുകള്‍ക്ക്‌ മുഷിപ്പിന്റെ താളവും മനം മടുപ്പിക്കലിന്റെ ഈണവുമുണ്ടെങ്കിലും ദൈവപ്രീതിക്കായുള്ള ഈ വിശുദ്ധമായ കാത്തിരിപ്പ്‌ ഒരു സുഖാനുഭവമാണ്‌.
നന്മകള്‍ വസന്തമായി വിരിയുന്ന ഈ രാവ്‌ ഏതാണെന്ന്‌ ഒരുവേള പ്രവാചകര്‍(സ) ക്ക്‌ പടച്ചതമ്പുരാന്‍ അറിയിച്ചുകൊടുത്തെങ്കിലും അത്‌ മറച്ചുവെച്ചത്‌ ഭക്തിസാന്ദ്രമായ സുഖം മനുഷ്യര്‍ക്ക്‌ അനുഭവിച്ചറിയാനായിരിക്കണം.
മുന്‍കാല സമുദായങ്ങളിലൊന്നില്‍ ദൈവപ്രീതിക്കായ്‌ ജീവിതമുഴിഞ്ഞുവെച്ച ശംഊനുല്‍ ഖാസി(റ)വിന്റെ ത്യാഗത്തിന്റെ വീരസ്‌മരണകളിവിടെ അയവിറക്കുന്നു. മഹാന്‍ ആയിരം വര്‍ഷത്തോളം നന്മയുടെ നടത്തിപ്പിനും നീതിയുടെ നിലനില്‍പ്പിനുമായി പടപൊരുതി. വിശ്വാസത്തിന്റെ കരുത്തും വെറുമൊരു ഒട്ടകത്തിന്റെ താടിയെല്ലുമായി പടപൊരുതിയ മഹാനെ പരാജയപ്പെടുത്താന്‍ ശത്രുക്കള്‍ പതിനെട്ടടവും പയറ്റിയിട്ടും വിജയിച്ചില്ല. ത്യാഗസന്നദ്ധതയോടെയും അര്‍പ്പണബോധത്തിന്റെയും ജീവല്‍ പ്രതീകമായി മാറി വര്‍ഷങ്ങളോളം മഹാന്‍ ചെയ്‌ത പുണ്യങ്ങള്‍ക്ക്‌ സമാനമായ പ്രതിഫലമാണ്‌ ലൈലത്തുല്‍ ഖദ്‌റ്‌ വിഭാവന ചെയ്യുന്നത്‌.
എപ്പോഴാണെന്ന്‌ കൃത്യാമയി നിര്‍ണയിക്കപ്പെടാത്ത ഈ രാത്രിയുടെ അനര്‍ഘനിമിഷങ്ങളില്‍ വാനലോകത്തുനിന്നും മാലഖമാര്‍ വരിവരിയായി പതാകയുമേന്തി ഭൂമിയിലേക്ക്‌ കടന്നുവരുന്നു. ദൈവപ്രീതിക്കായ്‌ ഉറക്കിന്റെ മൂടുപടം വലിച്ചെറിഞ്ഞ്‌ പ്രാര്‍ത്ഥന നിമഗ്നരായ വിശ്വാസിലക്ഷങ്ങളെ അവര്‍ അനുഗ്രഹ വര്‍ഷങ്ങള്‍ കൊണ്ട്‌ പൊതിയുന്നു.
കാത്തിരിപ്പ്‌ എന്നും മുഷിപ്പിക്കാറുണ്ടെങ്കിലും കാത്തിരുന്ന്‌ നേടുന്നതിനൊക്കെയും ഇരട്ടി മധുരമാണുള്ളത്‌. ഇവിടെയത്‌ ദൈവപ്രീതിക്ക്‌ വേണ്ടിയും അതിലൂടെ സ്വയത്തമാക്കുന്നത്‌. നന്മയുടെ പാത്രവും നരകമോക്ഷവുമാവുമ്പോള്‍ അതിന്റെ വശ്യതയും അതിനായി പ്രതീക്ഷയുടെ പാലം പണിയുന്ന ഹൃദയത്തിന്റെ സന്തോഷവും പറഞ്ഞാലും പറഞ്ഞാലും തീരാതെ വരുന്നു.
വിശ്വാസിക്കിനി വെറുതെയിരിക്കാന്‍ നേരമില്ല. ഈ അസുലഭമുഹൂര്‍ത്തത്തില്‍ ഭക്തിയിലാറാടി ദൈവത്തില്‍ ലയിച്ചുചേരാന്‍ ഹൃദയത്തില്‍ നന്മയുടെ റാന്തലുമായി അവന്‍ കാത്തിരിക്കുന്നു. ഇന്നോനാളെയോ തന്നെയും ആ പുണ്യനിമിഷം അനുഗ്രഹിക്കുമെന്ന പ്രതീക്ഷയുമായി...
Tags

Post a Comment

0 Comments

Top Post Ad

Below Post Ad