Wednesday, 1 February 2023

ടി.ഇ അബ്ദുല്ല ഇനി ഓര്‍മ; ഖബറടക്കം വ്യാഴാഴ്ച രാവിലെ 10ന്


കാസര്‍കോട്: മുസ്ലിം ലീഗ് കാസര്‍കോട് ജില്ലാ പ്രസിഡന്റും കാസര്‍കോട് നഗരസഭ മുന്‍ ചെയര്‍മാനും നവ കാസര്‍കോടിന്റെ ശില്‍പികളിലൊരാളുമായ ടി.ഇ. അബ്ദുല്ല (66) അന്തരിച്ചു. അസുഖ ബാധിതനായി കോഴിക്കോട് ബേബി മെമ്മോറിയല്‍ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. ബുധനാഴ്ച്ച ഉച്ചയ്ക്ക് രണ്ടര മണിയോടെയാണ് മരണം. ഉത്തരകേരളത്തില്‍ മുസ്ലിം ലീഗിന് ജനകീയ മുഖം നല്‍കിയ മുന്‍ എം.എല്‍.എ പരേതനായ ടി.എ ഇബ്രാഹിമിന്റെയും സൈനബബിയുടെയും മകനായി 1959 മാര്‍ച്ച് 18ന് തളങ്കര കടവത്താണ് ജനനം.

എം.എസ്.എഫിലൂടെയാണ് പൊതുരംഗത്ത് എത്തിയത്. തളങ്കര ഗവ. മുസ്ലിം ഹൈസ്‌കൂള്‍ യൂണിറ്റ് എം.എസ്.എഫ് പ്രസിഡണ്ടായിരുന്നു. ഹൈസ്‌കൂള്‍ ലീഡറായി എതിരില്ലാതെയാണ് തിരഞ്ഞെടുക്കപ്പെട്ടത്.

1978ല്‍ തളങ്കര വാര്‍ഡ് മുസ്ലിം ലീഗ് സെക്രട്ടറിയായി. അവിഭക്ത കണ്ണൂര്‍ ജില്ലാ മുസ്ലിം ലീഗ് പ്രവര്‍ത്തക സമിതി അംഗം, കാസര്‍കോട് മുനിസിപ്പല്‍ യൂത്ത് ലീഗ് വൈസ് പ്രസിഡണ്ട്, കാസര്‍കോട് മണ്ഡലം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി, പ്രസിഡണ്ട്, കാസര്‍കോട് ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട്, കാസര്‍കോട് വികസന അതോറിറ്റി ചെയര്‍മാന്‍ എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. 2008 മുതല്‍ സംസ്ഥാന മുസ്ലിം ലീഗ് പ്രവര്‍ത്തക സമിതി അംഗമാണ്. ചെര്‍ക്കളം അബ്ദുല്ലയുടെ നിര്യാണത്തെ തുടര്‍ന്നാണ് മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് സ്ഥാനം ഏറ്റെടുത്തത്.

1988 മുതല്‍ കാസര്‍കോട് നഗരസഭ കൗണ്‍സിലറായി തിരഞ്ഞെടുക്കപ്പെട്ട ടി.ഇ അബ്ദുല്ല 2000ല്‍ തളങ്കര കുന്നില്‍ നിന്നും 2005ല്‍ തളങ്കര പടിഞ്ഞാറില്‍ നിന്നും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. 27 വര്‍ഷം കാസര്‍കോട് നഗരസഭയെ പ്രതിനിധീകരിച്ചു. മൂന്നു തവണ കാസര്‍കോട് നഗരസഭ ചെയര്‍മാന്‍ പദവി അലങ്കരിച്ചു. അദ്ദേഹം ചെയര്‍മാനായ 2000-2005 കാലത്ത് കേരളത്തിലെ മികച്ച നഗരസഭയായി കാസര്‍കോടിനെ തിരഞ്ഞെടുത്തിരുന്നു.

കാസര്‍കോട് സംയുക്ത മുസ്ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറി, മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളി കമ്മിറ്റി വൈസ് പ്രസിഡണ്ട്, ദഖീറത്തുല്‍ ഉഖ്റാ സംഘം പ്രസിഡണ്ട്, ടി. ഉബൈദ് ഫൗണ്ടേഷന്‍ ട്രഷറര്‍ തുടങ്ങിയ സ്ഥാനങ്ങളും വഹിക്കുന്നു. പഴയകാല ഫുട്ബോള്‍ കളിക്കാരന്‍ കൂടിയായിരുന്ന ടി.ഇ അബ്ദുല്ല നേരത്തെ കാസര്‍കോട് ജില്ലാ ഫുട്ബോള്‍ അസോസിയേഷന്‍ പ്രസിഡണ്ടായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരളത്തിലെ നഗരസഭാ ചെയര്‍മാന്‍മാരുടെ കൂട്ടായ്മയായ ചെയര്‍മാന്‍സ് ചേമ്പേഴ്സിന്റെ നേതൃനിരയിലും പ്രവര്‍ത്തിച്ചിരുന്നു.

നവ കാസര്‍കോടിന്റെ വികസന ശില്‍പികളിലൊരാളായാണ് അറിയപ്പെടുന്നത്. നഗരസഭാ കോണ്‍ഫറന്‍സ് ഹാളും സന്ധ്യാരാഗം ഓഡിറ്റോറിയവുമെല്ലാം ടി.ഇ അബ്ദുല്ലയുടെ സംഭാവനയാണ്.

ബദ്രിയ അബ്ദുല്‍ഖാദര്‍ ഹാജിയുടെ മകള്‍ സാറയാണ് ഭാര്യ. മക്കള്‍: ഹസീന, ഡോ. സഫ്വാന (ദുബായ്), റസീന, ആഷിഖ് ഇബ്രാഹിം. മരുമക്കള്‍: നൂറുദ്ദീന്‍ (ബഹ്റൈന്‍), സക്കീര്‍ അബ്ദുല്ല (ദുബായ്), ഷഹീന്‍ (ഷാര്‍ജ), റഹിമ. സഹോദരങ്ങള്‍: അബ്ദുല്‍ ഖാദര്‍, പരേതനായ മുഹമ്മദ് കുഞ്ഞി, യൂസഫ്, അഡ്വ. ടി.ഇ അന്‍വര്‍, ബീഫാത്തിമ (മുന്‍ കര്‍ണാടക ഹൈക്കോടതി ജഡ്ജി പരേതനായ ജസ്റ്റിസ് ഫാറൂഖിന്റെ ഭാര്യ), ആയിഷ (പരേതനായ അഡ്വ. വി.പി.പി സിദ്ദീഖിന്റെ ഭാര്യ), റുഖിയ (കെ.എസ്.ഇ.ബി എക്സ്‌ക്യൂട്ടീവ് എഞ്ചിനീയറായിരുന്നു ഷംസുദ്ദീന്റെ ഭാര്യ).

മയ്യത്ത് വ്യാഴാഴ്ച രാവിലെ 10 മണിക്ക് തളങ്കര മാലിക് ദീനാര്‍ വലിയ ജുമാഅത്ത് പള്ളി അങ്കണത്തില്‍ ഖബറടക്കും. ദു:ഖ സൂചകമായി മുസ്ലിം ലീഗ് പാര്‍ട്ടിയുടെ മൂന്നു ദിവസത്തെ മുഴുവന്‍ പരിപാടികളും മാറ്റിവച്ചതായി മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്‌മാന്‍ അറിയിച്ചു.

Related Posts

ടി.ഇ അബ്ദുല്ല ഇനി ഓര്‍മ; ഖബറടക്കം വ്യാഴാഴ്ച രാവിലെ 10ന്
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.