Friday, 12 August 2022
ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിലെ മുഖ്യപ്രതിയായ നളിനി ജയില്മോചനമാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചു. രാജീവ് ഗാന്ധി വധക്കേസിൽ ജീവപര്യന്തം തടവില് കഴിയുകയാണ് നിലവില് നളിനി. കേസിലെ പ്രതിയായ പേരറിവാളനെ കോടതി ഇടപെട്ട് നേരത്തെ വിട്ടയച്ചിരുന്നു. പേരറിവാളനെ വിട്ടയച്ചതുപോലെ തനിക്കും മോചനം വേണമെന്നാവശ്യപ്പെട്ടാണ് നളിനി കോടതിയെ സമീപിച്ചിരിക്കുന്നത്. തന്നെ മോചിപ്പിക്കുന്നത് വരെ ഇടക്കാല ജാമ്യത്തിൽ വിടണമെന്നും നളിനി കോടതിയില് സമര്പ്പിച്ച ഹരജിയില് ആവശ്യപ്പെട്ടു . കേസിലെ മറ്റൊരു പ്രതിയായ രവിചന്ദ്രനും സമാനമായ ആവശ്യവുമായി സുപ്രീം കോടതിയെ സമീപിച്ചിരുന്നു.
ഏഷ്യ കപ്പ് യോഗ്യതാ മത്സരങ്ങള്ക്ക് ഒമാന് ആതിഥേയത്വം വഹിക്കും
മസ്കത്ത്: ഈ വർഷം ഏഷ്യ കപ്പ് യോഗ്യതാ മത്സരങ്ങൾക്ക് ഒമാൻ ആതിഥേയത്വം വഹിക്കും. ഈ മാസം 20 മുതൽ 24 വരെ ആമിറാത്തിലെ ഒമാൻ ക്രിക്കറ്റ് അക്കാദമി ഗ്രൗണ്ടിലാണ് മത്സരങ്ങൾ. യുഎഇ, കുവൈത്ത്, ഹോങ്കോംഗ്, സിംഗപ്പൂർ എന്നീ ടീമുകള് ഏറ്റുമുട്ടും. ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ടീം യുഎഇയിൽ നടക്കുന്ന ഏഷ്യ കപ്പിന് യോഗ്യത നേടും. ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളാണ് ഏഷ്യ കപ്പിൽ മത്സരിക്കുന്നത്. ഏഷ്യ കപ്പ് യോഗ്യതാ മത്സരങ്ങൾ കാണികൾക്ക് സൗജന്യമായി കാണാന് അവസരം ലഭിക്കും. സ്റ്റേഡിയത്തിലേക്ക് മുഴുവന് ആളുകള്ക്കും പ്രവേശനം സൗജന്യമായിരിക്കുമെന്ന് ഒമാന് ക്രിക്കറ്റ് അറിയിച്ചു.
ദുബായിൽ ഇ-സ്കൂട്ടറുകൾ കൂടുതൽ ജനപ്രിയമാകുന്നു; 8,006 ഇന്ത്യക്കാർക്ക് പെർമിറ്റ് ലഭിച്ചു
ദുബായ്: സൗജന്യ ഓൺലൈൻ രജിസ്ട്രേഷൻ പ്ലാറ്റ്ഫോം ആരംഭിച്ച് മൂന്ന് മാസത്തിനുള്ളിൽ ഇ-സ്കൂട്ടറുകൾ ഓടിക്കുന്നതിന് 38,102 പെർമിറ്റുകൾ നൽകിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു. ഇതിൽ 8,006 ഇന്ത്യക്കാർക്ക് പെർമിറ്റ് ലഭിച്ചു. ഇന്ത്യയടക്കം 149 രാജ്യങ്ങളാണ് പെർമിറ്റിനായി വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്തിരുന്നത്. ഫിലിപ്പീൻ സ്വദേശികൾക്കാണ് ഏറ്റവും കൂടുതൽ പെർമിറ്റുകൾ നൽകിയത്: 15,502. പാകിസ്താനികൾ : 3840. പെർമിറ്റ് ഉടമകളിൽ 11,206 പേരും (29 ശതമാനം) ദുബായ് സന്ദർശകരായിരുന്നു. ഇ-സ്കൂട്ടറുകൾ ഉപയോഗിക്കുന്നതിലുള്ള താൽപ്പര്യം വിവിധ പ്രായക്കാർക്കിടയിൽ ഗണ്യമായി ഉയർന്നതായി കണ്ടെത്തിയിട്ടുണ്ട്. 30 നും 40 നും ഇടയിൽ പ്രായമുള്ളവർക്ക് 15,807 പെർമിറ്റുകൾ ഇക്കാലയളവിൽ നൽകി. 14,576 പെർമിറ്റുകളോടെ 20-നും 30-നും ഇടയിൽ പ്രായമുള്ളവരാണ് അടുത്തത്. 20 വയസ്സിന് താഴെയുള്ളവർക്ക് 1,570 പെർമിറ്റുകൾ ലഭിച്ചു. ഹ്രസ്വദൂര യാത്രയ്ക്കുള്ള വ്യക്തിഗത ബദൽ മാർഗമായി ഇ-സ്കൂട്ടറുകൾ ഉപയോഗിക്കാൻ പ്രവാസികളെയും സന്ദർശകരെയും പ്രോത്സാഹിപ്പിക്കാനുള്ള ആർടിഎയുടെ ശ്രമങ്ങളുടെ വിജയമാണ് ഈ കണക്കുകളിൽ പ്രതിഫലിപ്പിക്കുന്നതെന്ന് അധികൃതർ പറഞ്ഞു.
Thursday, 11 August 2022
ഹര് ഘര് തിരംഗ; സര്ക്കാര്-പൊതുസ്ഥാപനങ്ങളിലും വീടുകളിലും ദേശീയ പതാക ഉയര്ത്തണം
Kasaragod News(www.evisionnews.in) സ്വാതന്ത്ര്യത്തിന്റെ 75ാം വാര്ഷികത്തില് ഹര് ഘര് തിരംഗ പരിപാടി ജില്ലയില് വിപുലമായി ആഘോഷിക്കുന്നത് ചര്ച്ച ചെയ്യാന് ജില്ലാ കളക്ടറുടെ നേതൃത്വത്തില് യോഗം ചേര്ന്നു. ഹര് ഘര് തിരംഗ പരിപാടി ആഘോഷിക്കുന്നതിനുള്ള മാനദണ്ഡങ്ങളും നിര്ദേശങ്ങളും ജില്ലാ കളക്ടര് യോഗത്തില് അവതരിപ്പിച്ചു. എല്ലാ വീടുകളിലും പൊതു സ്ഥാപനങ്ങളിലും സര്ക്കാര് ഓഫീസുകളിലും ആഗസ്റ്റ് 13 മുതല് 15 വരെ ദേശീയ പതാക ഉയര്ത്തണം. 'ഹര് ഘര് തിരംഗ'യില് ഫ്ളാഗ് കോഡിലെ നിര്ദേശങ്ങള് കര്ശനമായി പാലിക്കണം.വീടുകളില് ദേശീയ പതാക രാത്രിയില് താഴ്ത്തേണ്ടതില്ല. കോട്ടണ്, പോളിയെസ്റ്റര്, കമ്പിളി, സില്ക്ക്, ഖാദി തുണിത്തരങ്ങളിലെ കൈകൊണ്ടു നെയ്തതോ യന്ത്രങ്ങളില് നിര്മിച്ചതോ ആയ ദേശീയ പതാകകള് ഉപയോഗിക്കാം.
ദേശീയ പതാക ദീര്ഘചതുരാകൃതിയിലായിരിക്കണം. ഏതു വലുപ്പവും ആകാം. എന്നാല് പതാകയുടെ നീളവും ഉയരവും (വീതി) തമ്മിലുള്ള അനുപാതം 3:2 ആയിരിക്കണം. പതാക പ്രദര്ശിപ്പിക്കുമ്പോഴെല്ലാം ആദരവോടെയും വ്യക്തതയോടെയുമാകണം സ്ഥാപിക്കേണ്ടത്. കേടുപാടുള്ളതോ വൃത്തിയില്ലാത്തതോ കീറിയതോ ആയ പതാക ഉയര്ത്താന് പാടില്ല. മറ്റേതെങ്കിലും പതാകയ്ക്കൊപ്പം ഒരേസമയം ഒരു കൊടിമരത്തില് ദേശീയ പതാക ഉയര്ത്താന് പാടില്ല.
തലതിരിഞ്ഞ രീതിയില് ദേശീയ പതാക പ്രദര്ശിപ്പിക്കരുത്. തോരണം, റോസെറ്റ് തുടങ്ങിയ അലങ്കാര രൂപത്തില് ഉപയോഗിക്കരുത്. പതാക തറയിലോ നിലത്തോ തൊടാന് അനുവദിക്കരുത്. പതാകയില് എഴുത്തുകള് പാടില്ല. കെട്ടിടങ്ങളുടെ മുന്വശത്തോ ജനല്പ്പാളിയിലോ ബാല്ക്കണിയിലോ തിരശ്ചീനമായി ദേശീയ പതാക പ്രദര്ശിപ്പിക്കുമ്പോള് സാഫ്റോണ് ബാന്ഡ് ദണ്ഡിന്റെ അറ്റത്ത് വരത്തക്കവിധമാണ് കെട്ടേണ്ടത്. മറ്റേതെങ്കിലും പതാക ദേശീയ പതാകയ്ക്കു മുകളിലായോ അരികിലോ സ്ഥാപിക്കരുത്.
എല്ലാ പഞ്ചായത്തുകളിലും ഘോഷയാത്ര സംഘടിപ്പിക്കണം. ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തില് നടക്കുന്ന ജില്ലാതല സ്വാതന്ത്ര്യ പരേഡില് എല്ലാവരും പങ്കെടുക്കണമെന്നും ജില്ലാ കളക്ടര് പറഞ്ഞു. ജില്ലയിലെ പഞ്ചായത്ത്, നഗരസഭ സെക്രട്ടറിമാര്, ഗ്രാമ പഞ്ചായത്ത് അസോസിയേഷന് പ്രതിനിധികള് , എല്.എസ്.ജി.ഡി ജോയിന്റ് ഡയറക്ടര് ജെയ്സണ് മാത്യു, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ.പ്രദീപന്, കുടുംബശ്രീ ജില്ലാ മിഷന് കോര്ഡിനേറ്റര് ടി.ടി.സുരേന്ദ്രന്, പഞ്ചായത്ത് പ്രസിഡണ്ടുമാര് തുടങ്ങിയവര് പങ്കെടുത്തു.
ആസാദി കി ഗൗരവ് പദയാത്രയ്ക്ക് 13ന് കുമ്പളയില് തുടക്കമാകും
Kasaragod Newsകാസര്കോട് (www.evisionnews.in): സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്ഷികത്തോടനുബന്ധിച്ച് എ.ഐ.സി.സി, കെ.പി.സി.സി.യുടെ ആഹ്വാനപ്രകാരം ഡി.സി.സിയുടെ നേത്യത്വത്തില് പ്രസിഡന്റ് പി.കെ ഫൈസല് നയിക്കുന്ന ആസാദി കി ഗൗരവ് പദയാത്ര 13ന് കുമ്പളയില് നിന്നാരംഭിക്കും. 16ന് തൃക്കരിപ്പൂരില് സമാപിക്കും. ഓരോ മണ്ഡലത്തില് നിന്നും 10 സ്ഥിരംഗങ്ങള് ജാഥയെ അനുഗമിക്കും.
13ന് രാവിലെ 9:30ന് കുമ്പളയില് രാജ്മോഹന് ഉണ്ണിത്താന് എം.പി പദയാത്രയുടെ ജില്ലാതല ഉദ്ഘാടനം നിര്വഹിക്കും. കെപിസിസി ജനറല് സെക്രട്ടറി അഡ്വ സോണി സെബാസ്റ്റ്യന്, കര്ണാടക കോണ്ഗ്രസിന്റെ സമുന്നത നേതാക്കളായ രമനാഥാറൈ, വിനയകുമാര് സാര്ക മുഖ്യാതിഥികളാകും. 5 മണിക്ക് മേല്പറമ്പില് സമാപന യോഗം കെപിസിസി ജനറല് സെക്രട്ടറി ആര്യാടന് ഷൗക്കത്ത് ഉദ്ഘാടനം ചെയ്യും. 14ന് രാവിലെ 9.30ന് മേല്പ്പറമ്പില് പ്രയാണമാരംഭിക്കും. വൈകിട്ട് 5ന് കാഞ്ഞങ്ങാട് മാന്തോപ്പ് മൈതാനിയില് സമാപന യോഗം കെ.പി.സി.സി സെക്രട്ടറി ബി.ആര്.എം ഷഫീര് ഉദ്ഘാടനം ചെയ്യും.
15ന് രാവിലെ 9ന് മാന്തോപ്പ് മൈതാനിയില് ദേശീയ പതാക ഉയര്ത്തി കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി ബല്റാം സ്വാതന്ത്ര്യദിന സന്ദേശം നല്കും. 10ന് ജാഥ പ്രയാണം ആരംഭിക്കും. വൈകിട്ട് 5ന് കാലിക്കടവില് സമാപന യോഗം എം.കെ രാഘവന് എം.പി ഉദ്ഘാടനം ചെയ്യും. 16ന് ഉച്ചയ്ക്ക് 2:30ന് കാലിക്കടവ് പദയാത്രയുടെ സമാപന റാലി ആരംഭിക്കും. വൈകിട്ട് 5ന് തൃക്കരിപ്പൂര് ബസ്്റ്റാന്റ്് പരിസരത്ത് സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി സതീശന് ഉദ്ഘാടനം ചെയ്യും. മഹിളാ കോണ്ഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തര് എം.പി, യൂത്ത് കോണ്ഗ്രസ് സംസ്ഥാന ജനറല് സെക്രട്ടറി രാഹുല് മാങ്കുട്ടം, മറ്റു ജില്ലാ- സംസ്ഥാന നേതാക്കള് സംബന്ധിക്കും.
പദയാത്രയില് 250 പേര് സ്ഥിരാംഗങ്ങളായിരിക്കും. ഓരോ മണ്ഡലത്തില് നിന്നും പത്തു സ്ഥിരംഗങ്ങള് ജാഥയെ അനുഗമിക്കും. നാലു ദിവസങ്ങളിലായി നടത്തുന്ന പദയാത്ര വന്വിജയമാക്കാന് എല്ലാ മുന്നൊരുക്കങ്ങളും പൂര്ത്തിയായതായി ഡിസിസി പ്രസിഡന്റ് പി.കെ ഫൈസല്, കോണ്ഗ്രസ് നേതാക്കളായ പി.എ അഷ്റഫലി, കരുണ്താപ്പ എന്നിവര് പത്രസമ്മേളനത്തില് പറഞ്ഞു.
കുളിക്കുന്നതിനിടെ കുളത്തില് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
Kasaragod Newsബേക്കലില് മയക്കുമരുന്ന് വേട്ട: ആറുപേര് അറസ്റ്റില്
Kasaragod Newsബേക്കല് (www.evisionnews.in): ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നേതൃത്വത്തില് നടന്നുവരുന്ന ഓപ്പറേഷന് ക്ലീന് കാസര്കോടിന്റെ ഭാഗമായി നടന്ന പരിശോധനയില് ബേക്കല് പൊലീസ് പരിധിയില് വന് മയക്കുമരുന്നു വേട്ട പിടികൂടി. ഡിവൈഎസ്പി സി.കെ. സുനില് കുമാറിന്റെ നേതൃത്വത്തില് നടന്ന മിന്നല് പരിശോധനയില് ഉദുമ പടിഞ്ഞാര്, പള്ളം എന്നിവിടങ്ങളില് നിന്നായി വില്പ്പനക്കെത്തിച്ച 10 ഗ്രാം എംഡിഎംഎ പിടികൂടി. ഷാജഹാന് (33) കീഴൂര്, മുഹമ്മദ് ഖൈസ് (31), ബണ്ടിച്ചാല് തെക്കില്, മൊയ്ദീന് ജാസിദ് (34) കൂവത്തൊട്ടി, കളനാട് എന്നിവരെ അറസ്റ്റ് ചെയ്തു. വിവിധ സ്ഥലങ്ങളില് നിന്നും കഞ്ചാവ് ബീഡിയുമായി മറ്റു മൂന്നു പേരെ പിടികൂടി കേസെടുത്തു. മിന്നല് പരിശോധനകളില് ബേക്കല് ഇന്സ്പെക്ടര് വിപിന് യുപി, എസ് ഐ രജനീഷ് എം, എസ്ഐ ജയരാജന് സീനിയര് സിവില് ഓഫിസര്മാരായ സുധീര് ബാബു, സനല് സി.കെ., സനീഷ് കുമാര് സിപി ഒമാരായ സുരേഷ്, സന്തോഷ്, നിതിന് പങ്കെടുത്തു.
നടപടികളിൽ പങ്കെടുക്കുന്നില്ല; അന്വേഷണ ഉദ്യോഗസ്ഥനെ വിമർശിച്ച് കോടതി
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ അന്വേഷണ ഉദ്യോഗസ്ഥനെതിരെ വീണ്ടും രൂക്ഷവിമർശനവുമായി വിചാരണക്കോടതി. അന്വേഷണ ഉദ്യോഗസ്ഥന് പ്രത്യേക താൽപര്യമുണ്ടെന്നും കോടതിയെ കബളിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നുമാണ് വിമർശനം. കേസിൽ രണ്ടാം ഘട്ട വിചാരണ നടപടികൾ ആരംഭിച്ചിരുന്നു. രാവിലെ ഹർജി പരിഗണിക്കുമ്പോൾ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു എം പൗലോസ് കോടതിയിൽ ഹാജരായിരുന്നില്ല. ഇക്കാര്യം കോടതി ചൂണ്ടിക്കാട്ടി. അന്വേഷണ ഉദ്യോഗസ്ഥൻ എവിടെയാണെന്ന് കോടതി ചോദിച്ചു. കോടതി നടപടികളിൽ പങ്കെടുക്കാതെ അന്വേഷണ ഉദ്യോഗസ്ഥൻ പുറത്ത് കറങ്ങുകയാണെന്നും കോടതി വിമർശിച്ചു.
നാവിക സേനയ്ക്കൊപ്പം ദേശീയ പതാകയേന്തി സൽമാൻ ഖാൻ
വിശാഖപട്ടണം: ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാൻ വിശാഖപട്ടണത്തെ നാവിക ആസ്ഥാനത്ത് ഇന്ത്യൻ നാവിക സേനാംഗങ്ങൾക്കൊപ്പം ഒരു ദിവസം ചെലവഴിച്ചു. സൈനികരുമായി സംസാരിക്കുമ്പോൾ രാജ്യസ്നേഹം തന്റെ ശരീരമാകെ പടരുകയാണെന്ന് സൽമാൻ ഖാൻ പറഞ്ഞു. 2014ൽ ഗോവയിലും നാവികസേനയ്ക്കൊപ്പം താൻ പങ്കുചേർന്നിട്ടുണ്ടെന്ന് സൽമാൻ ഖാൻ പറഞ്ഞു. സൈനികരിൽ നിന്നും ദേശീയ പതാക ഏറ്റുവാങ്ങി ആവേശത്തോടെ വീശിയ സൽമാൻ ദേശഭക്തിഗാനങ്ങൾ പാടാനും തന്റെ ചിത്രങ്ങളിലെ ഗാനങ്ങൾക്കൊപ്പം ചുവടുവെയ്ക്കാനും മടിച്ചില്ല. കടൽ എപ്പോഴും സുരക്ഷിതമായിരിക്കണം എന്നതാണ് സൈനികരുടെ ചിന്തയും ശ്രദ്ധയും. കപ്പലിനുള്ളിലെ വിവിധ സംവിധാനങ്ങൾ തന്നെ പരിചയപ്പെടുത്തിയെന്നും ഒരു സൈനികന്റെ ദിനചര്യയെക്കുറിച്ചും പരിശീലന രീതികളെക്കുറിച്ചും വിശദമായി ചോദിച്ചതായും സൽമാൻ ഖാൻ പറഞ്ഞു.
ന്നാ പിന്നെ തീയേറ്ററിൽ തന്നെ കാണണം: തിരുവഞ്ചൂർ രാധാകൃഷ്ണൻ
കോട്ടയം: 'ന്നാ താൻ കേസ് കൊട്' എന്ന സിനിമയുടെ പോസ്റ്ററുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരണവുമായി മുൻ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ. 'ന്നാ പിന്നെ തീയേറ്ററിൽ തന്നെ കാണണം' എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം ഫേസ്ബുക്കിൽ രസകരമായ ഒരു കുറിപ്പ് പങ്കുവച്ചത്. ഇടതുപക്ഷ സഹയാത്രികരെ ഇരട്ടത്താപ്പുകളുടെ യജമാനൻമാരെന്നും, തിരഞ്ഞെടുക്കപ്പെട്ട ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ ഉപജ്ഞാതാക്കളെന്നും അദ്ദേഹം വിമർശിച്ചു. സമൂഹം അവരുടെ അഭിപ്രായങ്ങളെ തികഞ്ഞ അവജ്ഞയോടെ തള്ളിക്കളയണമെന്നും അദ്ദേഹം പറഞ്ഞു. "വഴിയിൽ കുഴിയുണ്ട്, മടിയിൽ കനവുമുണ്ട്" എന്ന വാചകത്തോടെയാണ് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്. ചിത്രത്തിന്റെ പോസ്റ്റർ വിവാദത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച നടൻ കുഞ്ചാക്കോ ബോബൻ പ്രതികരണവുമായി എത്തിയിരുന്നു. പരസ്യം സർക്കാരിന് എതിരല്ലെന്നും, കേരളത്തിലെയല്ല തമിഴ്നാട്ടിലെ കുഴിയാണ് ചിത്രത്തിന്റെ പ്രമേയമെന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞു.
പാലക്കാട് പത്ത് കോടിയോളം വിലവരുന്ന ലഹരിമരുന്ന് പിടികൂടി
ഒലവക്കോട്: പാലക്കാട് 10 കോടി രൂപ വിലവരുന്ന ഹാഷിഷ് ഓയിൽ പിടികൂടി. അഞ്ച് കിലോ ഹാഷിഷ് ഓയിലുമായി ഇടുക്കി സ്വദേശികളാണ് പിടിയിലായത്. ഇടുക്കി സ്വദേശികളായ അനീഷ് കുര്യൻ, ആൽബിൻ എന്നിവരാണ് അറസ്റ്റിലായത്. 2022 ലെ ഏറ്റവും വലിയ ഹാഷിഷ് ഓയിൽ വേട്ടയാണിത്. ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നാണ് പ്രതികളെ പിടികൂടിയതെന്ന് ആർപിഎഫ് അറിയിച്ചു. മയക്കുമരുന്ന് കടത്തിന് പിന്നിൽ വലിയ സംഘമാണ് പ്രവർത്തിക്കുന്നതെന്ന് എക്സൈസ് പറഞ്ഞു.
ലോകകപ്പ് 2022: എയർ ഇന്ത്യ കൂടുതൽ വിമാനസർവീസുകൾ ഒരുക്കും
ഫിഫ ലോകകപ്പിനായി നവംബറിൽ യുഎഇയിലേക്കും ഖത്തറിലേക്കും കൂടുതൽ വിമാന സർവീസുകൾ നടത്താൻ എയർ ഇന്ത്യ പദ്ധതിയിടുന്നു. ഒക്ടോബർ 22 മുതൽ ദുബായ്ക്കും കൊൽക്കത്തയ്ക്കും ഇടയിൽ പ്രതിവാരം നാല് വിമാന സർവീസുകൾ പുനരാരംഭിക്കും. 12 ബിസിനസ് ക്ലാസ് സീറ്റുകളും 150 ഇക്കോണമിയും ഉള്ള എയർബസ് എ320 നിയോ ആണ് ഇതിന് ഉപയോഗിക്കുക. ദുബായിലേക്ക് പറക്കാനുള്ള എല്ലാ അവകാശങ്ങളും തങ്ങൾ ഇപ്പോൾ വിനിയോഗിക്കുകയാണെന്ന് എയർ ഇന്ത്യ റീജിയണൽ മാനേജർ പി.പി സിംഗ് പറഞ്ഞു. കൂടുതൽ സർവീസുകൾ ആരംഭിക്കാൻ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി(കരാർ) മാറ്റം ആവശ്യമാണ്.
ദേശീയ ക്ലാസിക് പവര് ലിഫ്റ്റിംഗ് ചാമ്പ്യന്ഷിപ്പിന് കാസര്കോട്ട് തുടക്കം
Kasaragod Newsകാസര്കോട് (www.evisionnews.in): 2022ലെ ദേശീയ സബ് ജൂനിയര്- ജൂനിയര് ക്ലാസിക് പവര്ലിഫ്റ്റിംഗ് ചാമ്പ്യന്ഷിപ്പിന് കാസര്കോട് മുനിസിപ്പല് ടൗണ് ഹാളില് തുടക്കമായി. പുരുഷന്മാരുടെ രണ്ടു വിഭാഗങ്ങളിലെ മത്സരങ്ങള് സമാപിച്ചപ്പോള് സബ് ജൂനിയര് വിഭാഗത്തില് 24 പോയിന്റോടെ തമിഴ് നാടും ജൂനിയര് വിഭാഗത്തില് 20 പോയിന്റോടെ മഹാരാഷ്ട്രയും മുന്നിട്ടും നില്ക്കുന്നു.
ചാമ്പ്യന്ഷിപ്പ് സംഘാടക സമിതി ചെയര്മാന് എന്.എ നെല്ലിക്കുന്ന് എം.എല്.എ ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് എം.എല്.എ ഇ. ചന്ദ്രശേഖരന് അധ്യക്ഷത വഹിച്ചു. വര്ക്കിംഗ് ചെയര്മാനും കാസര്കോട് നഗരസഭ ചെയര്മാനുമായ അഡ്വ. വി.എം മുനീര് സ്വാഗതം പറഞ്ഞു. കാസര്കോട് നഗരസഭ വൈസ് ചെയര്പേഴ്സണ് ഷംസീദ ഫിറോസ്, സ്ഥിരം സമിതി ചെയര്മാന്മാരായ അബ്ബാസ് ബീഗം, ഖാലിദ് പച്ചക്കാട്, സിയാന ഹനീഫ്, രജനി കെ, നഗരസഭാ കൗണ്സിലര്മാര്, അഷ്റഫ് എടനീര്, പവര് ലിഫ്റ്റിംഗ് ഇന്ത്യ പ്രസിഡന്റ് രാജേഷ് തിവാരി, സെക്രട്ടറി പി.ജെ ജോസഫ് (അര്ജുന), സംസ്ഥാന പ്രസിഡന്റ് പി.എസ് ബാബു, സെക്രട്ടറി വേണു ജി. നായര്, ജുനൈദ് അഹമ്മദ് സംബന്ധിച്ചു.
ഓഗസ്റ്റ് 10 മുതല് 14 വരെ കാസര്കോട് നഗരസഭയും ജില്ലാ പവര്ലിഫ്റ്റിംഗ് അസോസിയേഷനും സംയുക്തമായാണ് ചാമ്പ്യന്ഷിപ്പ് സംഘടിപ്പിക്കുന്നത്. ചരിത്രത്തിലാദ്യമായാണ് ഇത്തരം ഒരുവലിയ ദേശീയ കായിക മാമാങ്കത്തിന് കാസര്കോട് ജില്ല സാക്ഷ്യം വഹിക്കുന്നത്. മത്സരങ്ങള് എല്ലാ ദിവസവും രാവിലെ ഏഴ് മണിക്ക് ആരംഭിച്ച് വൈകിട്ട് ഏഴു മണിക്ക് സമാപിക്കും.
വിമാനത്തിനുള്ളിൽ സിഗരറ്റ് വലി; സോഷ്യൽ മീഡിയ താരത്തിനെതിരെ കേസ്
ന്യൂഡൽഹി: സ്പൈസ് ജെറ്റ് വിമാനത്തിനുള്ളിൽ ഒരാൾ സിഗരറ്റ് വലിക്കുന്ന വീഡിയോയിൽ പ്രതികരണവുമായി വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. മന്ത്രിയെയും വ്യോമയാന മന്ത്രാലയത്തെയും ടാഗ് ചെയ്ത് ട്വിറ്ററിൽ പരാതികൾ പോസ്റ്റ് ചെയ്തതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും ഇത്തരം അപകടകരമായ നടപടികൾ വച്ചുപൊറുപ്പിക്കില്ലെന്നും മന്ത്രി പറഞ്ഞു. ദുബായിൽ നിന്ന് ഡൽഹിയിലേക്കുള്ള എസ്ജി 706 വിമാനത്തിലാണ് സംഭവം. സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും ഗുഡ്ഗാവ് സ്വദേശിയുമായ ബോബി കതാരിയയാണ് വിമാനത്തിനുള്ളിൽ പുകവലിച്ചത്. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിനെ തുടർന്ന് സ്പൈസ് ജെറ്റ് ഗുരുഗ്രാമിലെ ഉദ്യോഗ് വിഹാർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. യാത്രക്കാർ കയറുന്നതിനിടെയാണ് വീഡിയോ ചിത്രീകരിച്ചതെന്ന് അന്വേഷണത്തിൽ വ്യക്തമായി. തുടർന്ന് ബോബിയെ 15 ദിവസത്തേക്ക് വിമാനത്തിൽ കയറുന്നതിൽ നിന്ന് വിലക്കി.
തമിഴ് നടൻ വിശാലിന് ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെ പരിക്ക്
ചെന്നൈ: തമിഴ് നടൻ വിശാലിന് ആക്ഷൻ സീക്വൻസിന്റെ ചിത്രീകരണത്തിനിടെ പരിക്കേറ്റു. മാർക്ക് ആന്റണി എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അദ്ദേഹത്തിന് പരിക്കേറ്റത്. വിശാലിന്റെ കാൽമുട്ടിനാണ് പരിക്കേറ്റത്. നേരത്തെ 'ലാത്തി'യുടെ ചിത്രീകരണത്തിനിടെ വിശാലിന് പരിക്കേറ്റിരുന്നു. ഒരു സ്റ്റണ്ട് സീക്വൻസിന്റെ ഷൂട്ടിംഗിനിടെ അദ്ദേഹത്തിന് ആദ്യം മുട്ടിന് പൊട്ടലുണ്ടായി, സുഖം പ്രാപിച്ചതിന് ശേഷം, ഷൂട്ടിന്റെ ടെയിൽ എൻഡിനിടെ കാലിന് വീണ്ടും പരുക്കേറ്റു. അപകടത്തെ തുടർന്ന് രണ്ട് തവണയും ഷൂട്ടിംഗ് നിർത്തിവച്ചു.
കുളിക്കുന്നതിനിടെ യുവാവിനെ കുളത്തില് കാണാതായി
Kasaragod Newsകാസര്കോട്: (www.evisionnews.in) കൂട്ടുകാരോടൊപ്പം കുളിക്കുന്നതിനിടെ യുവാവിനെ കുളത്തില് കാണാതായി. കളനാട്ടെ ശരീഫിന്റെ മകന് യാസിറി (23) നെയാണ് കാണാതായത്. കളനാട് എല്.പി സ്കൂളിന് മുന്നിലുള്ള കുളത്തില് വ്യാഴാഴ്ച വൈകിട്ട് 3.30 മണിയോടെയാണ് സംഭവം. സ്ഥിരമായി ഇവിടെ യുവാക്കള് കുളിക്കാറുണ്ട്. കുളിക്കുന്നതിനിടയില് യാസിറിനെ പെട്ടെന്ന് കാണാതാവുകയായിരുന്നു. ഒപ്പമുണ്ടായ യുവാക്കള് തിരച്ചില് നടത്തിയെങ്കിലും കണ്ടെത്താനാവാത്തതിനെ തുടര്ന്ന് മേല്പറമ്പ് പൊലീസിനെ വിവരമറിയിച്ചു. പൊലീസും വിവരമറിഞ്ഞെത്തിയ റെസ്ക്യൂ ഗാര്ഡ് അംഗങ്ങളും നാട്ടുകാരും ചേര്ന്ന് തിരച്ചില് തുടരുകയാണ്.
'ന്നാ താന് കേസ് കൊട്' പോസ്റ്റർ വിവാദത്തിൽ പ്രതികരണവുമായി കുഞ്ചാക്കോ ബോബന്
രതീഷ് ബാലകൃഷ്ണ പൊതുവാളിന്റെ 'ന്നാ താന് കേസ് കൊട്' എന്ന ചിത്രത്തിന്റെ പോസ്റ്ററുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി നടൻ കുഞ്ചാക്കോ ബോബൻ. ഒരു രാഷ്ട്രീയ പാർട്ടിയെയും ലക്ഷ്യമിട്ടല്ല ഇത്തരമൊരു പോസ്റ്റർ പുറത്തിറക്കിയതെന്ന് കുഞ്ചാക്കോ ബോബൻ പറഞ്ഞു. കുഴി മാത്രമല്ല ഈ സിനിമയിലെ പ്രശ്നം, കുഴി ഒരു പ്രധാന കാരണമാണ്. തമാശയും പരിഹാസവും നിറഞ്ഞ രീതിയിൽ സാധാരണക്കാരനെ അത് എങ്ങനെ ബാധിക്കുന്നു എന്ന് പറയുന്ന ഒരു ഇമോഷണല് ഡ്രാമയാണ് ചിത്രം. കോവിഡിന് മുമ്പുള്ള കാലം മുതൽ കോവിഡ് കാലഘട്ടം വരെയുള്ള സമയത്തിലൂടെയാണ് സിനിമ കടന്നുപോകുന്നതെന്ന് കുഞ്ചാക്കോ ബോബൻ പറഞ്ഞു. തമിഴ്നാട്ടിൽ നടന്ന ഒരു സംഭവമാണിത്. അതിന്റെ അടിസ്ഥാനത്തിലാണ് സിനിമ. ഇത് കേരളത്തിലെ ഒരു കുഴി പോലും അല്ല. അങ്ങനെ സംഭവിച്ചാൽ സിനിമ തമിഴ്നാട്ടിലെ സർക്കാരിന് എതിരാണെന്ന് പോലും പറയേണ്ടിവരും," കുഞ്ചാക്കോ ബോബൻ പറഞ്ഞു.
ഖത്തറില് പുതിയ അധ്യയന വര്ഷത്തില് സ്കൂളുകളിൽ ആന്റിജന് പരിശോധന നടത്തണം
ദോഹ: ഖത്തറിൽ പുതിയ അധ്യയന വർഷം ആരംഭിക്കുന്നതിന് മുന്നോടിയായി വിദ്യാർത്ഥികൾക്കും അധ്യാപകർക്കും വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിർദ്ദേശം. സ്കൂൾ പ്രവേശനത്തിന് 48 മണിക്കൂർ മുമ്പ് എല്ലാ വിദ്യാർത്ഥികളും അധ്യാപകരും അനധ്യാപക ജീവനക്കാരും ആന്റിജൻ ടെസ്റ്റിന് വിധേയരാകണമെന്ന് മന്ത്രാലയം നിർദ്ദേശം നൽകി. വീട്ടിലോ അംഗീകൃത ലാബുകളിലോ ആന്റിജൻ കിറ്റ് ഉപയോഗിച്ച് പരിശോധന നടത്താം. എല്ലാ ആഴ്ചയും പരിശോധന നടത്തുന്നതിനുപകരം, അധ്യയന വർഷത്തിന്റെ തുടക്കത്തിൽ ഒരു തവണ മാത്രം മതിയാകും. അതേസമയം, സ്കൂളുകളിലും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും പ്രവേശനം ലഭിക്കുന്നതിന് നെഗറ്റീവ് പരിശോധനാഫലം ഹാജരാക്കണം. ഫലം പോസിറ്റീവ് ആണെങ്കിൽ, നിങ്ങൾ അടുത്തുള്ള ആരോഗ്യ കേന്ദ്രം സന്ദർശിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കണം. കൗണ്സിലിന്റെ തീരുമാനപ്രകാരം സ്കൂളിലെ എല്ലാ അധ്യാപകരും അനധ്യാപകരും വിദ്യാർത്ഥികളും മാസ്ക് ധരിക്കണം. ഇതിനുപുറമെ, സ്കൂളുകളിലും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പ്രവേശിക്കുന്നതിന് മുമ്പ് വിദ്യാർത്ഥികളും ജീവനക്കാരും ഇഹ്തിറാസ് ആപ്പിലെ പച്ച അടയാളം കാണിക്കണം.
കടയ്ക്കാവൂര് പോക്സോ കേസിൽ അമ്മ നിരപരാധിയാണെന്ന ഉത്തരവിനെതിരേ മകന് സുപ്രീം കോടതിയില്
ന്യൂഡല്ഹി: കടയ്ക്കാവൂർ പോക്സോ കേസിൽ അമ്മ നിരപരാധിയാണെന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരിയുടെ മകൻ സുപ്രീം കോടതിയെ സമീപിച്ചു. അമ്മയുടെ ജാമ്യം റദ്ദാക്കണമെന്നും ഹർജി നൽകിയിട്ടുണ്ട്. തന്റെ വാദങ്ങൾ കേൾക്കാതെയാണ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചതെന്ന് ആരോപിച്ചാണ് മകൻ ഹർജി നൽകിയിരിക്കുന്നത്. പതിമൂന്നുകാരനായ മകനെ അമ്മ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണം വ്യാജമെന്ന് ഡോ. ദിവ്യ ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം റിപ്പോര്ട്ട് നല്കിയിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കേസ് റദ്ദാക്കാൻ ഹൈക്കോടതി ഉത്തരവിട്ടത്. ഇതേതുടർന്ന് തിരുവനന്തപുരം പോക്സോ കോടതി കേസിൽ നടപടികൾ അവസാനിപ്പിച്ചിരുന്നു. എന്നാൽ, ഹൈക്കോടതി പ്രോസിക്യൂഷന്റെ ഭാഗം മാത്രമാണ് കേട്ടതെന്നും തന്റെ ഭാഗം കേൾക്കാതെയാണ് ഉത്തരവിറക്കിയതെന്നും ആരോപിച്ച് മകൻ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്നും കേസിൽ വിചാരണ നേരിടാൻ അമ്മയോട് നിർദ്ദേശിക്കണമെന്നും അഭിഭാഷക അന്സു കെ. വര്ക്കി മുഖേന നൽകിയ ഹർജിയിലാണ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. ജസ്റ്റിസുമാരായ സൂര്യകാന്ത്, അഭയ് എസ് ഓക എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.
അതിജീവിതക്കെതിരെ വിവാദ പരാമര്ശവുമായി പി.സി ജോര്ജ്
കോട്ടയം: അതിജീവിതക്കെതിരെ വിവാദ പരാമര്ശവുമായി ജനപക്ഷം നേതാവ് പി.സി. ജോര്ജ്. കേസ് വന്നപ്പോൾ നടിക്ക് കൂടുതല് സിനിമകള് കിട്ടിയെന്നും, ഈ കേസ് കാരണം അവര് രക്ഷപ്പെട്ടെന്നും പി.സി. ജോര്ജ് പറഞ്ഞു. കോട്ടയത്ത് നടന്ന വാര്ത്താ സമ്മേളനത്തിലാണ് നടിയെ അപമാനിക്കുന്ന പരാമര്ശം നടത്തിയത്. ഇത് ചോദ്യം ചെയ്ത മാധ്യമ പ്രവര്ത്തകരോടും പി.സി. ജോര്ജ് തട്ടിക്കയറി. ഇതിന് മുമ്പും നടിക്കെതിരെ പി.സി.ജോര്ജ് വിവാദ പരാമര്ശം നടത്തിയിരുന്നു. അതിൽ പീന്നീട് ക്ഷമാപണം നടത്തുകയും ചെയ്തിരുന്നു.
ഐ.എസ്.ഐ.എസിനെ ഇസ്ലാമിക് സ്റ്റേറ്റ് എന്ന് വിളിക്കരുതെന്ന് യുഎഇ
അക്രമത്തെ ന്യായീകരിക്കാൻ തീവ്രവാദികൾ ഇസ്ലാമിനെ വ്യാപകമായി ഉപയോഗിക്കുകയാണെന്നും ഐ.എസ്.ഐ.എസിനെ ഇസ്ലാമിക് സ്റ്റേറ്റ് എന്ന് വിളിക്കരുതെന്നും യുണൈറ്റഡ് അറബ് എമിറേറ്റ്സ്. തീവ്രവാദവും ഇസ്ലാമും തമ്മിൽ യാതൊരു ബന്ധവുമില്ലെന്ന് എല്ലാവരും മനസ്സിലാക്കണം. ഐക്യരാഷ്ട്രസഭയുടെ സുരക്ഷ കൗൺസിലിലാണ് യു.എ.ഇ പ്രതിനിധി മുഹമ്മദ് അബുഷഹാബ് തന്റെ നിലപാട് വ്യക്തമാക്കിയത്. തീവ്രവാദികൾ അനാവശ്യമായി ഇസ്ലാമിനെ ഉപയോഗിക്കുന്നു. ഇസ്ലാം സഹിഷ്ണുതയുടെ മതമാണ്. അതിനാൽ, ഇസ്ലാമിനെ ഹൈജാക്ക് ചെയ്യാൻ തീവ്രവാദികളെ അനുവദിക്കരുത്. അവരുടെ ആശയങ്ങൾ തീർത്തും തെറ്റാണ്. തീവ്രവാദത്തെ ന്യായീകരിക്കാൻ ഇസ്ലാമിന്റെ പേര് അനാവശ്യമായി ദുരുപയോഗം ചെയ്യുകയാണ്. ഐ.എസ്.ഐ.എസിന്റെ മറ്റൊരു പേരാണ് ദാഇഷ്. ഇനിമുതൽ ദാഇഷിനെപ്പറ്റി സംസാരിക്കുമ്പോൾ, ഇസ്ലാമിന്റെയും വിശ്വാസികളായ മുസ്ലീങ്ങളുടെയും പേര് അതിലേക്ക് വലിച്ചിഴയ്ക്കരുതെന്നും യു.എന്നിനോടും അംഗരാജ്യങ്ങളോടും യു.എ.ഇ ആവശ്യപ്പെട്ടു.
റിഫ മെഹ്നുവിന്റെ മരണം: ഭര്ത്താവ് മെഹ്നാസിന്റെ അറസ്റ്റ് രേഖപ്പെടുത്തി
കോഴിക്കോട്: വ്ളോഗര് റിഫ മെഹ്നുവിന്റെ മരണവുമായി ബന്ധപ്പെട്ട് ഭർത്താവ് മെഹ്നാസിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഇയാളുടെ മുൻകൂർ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം ഹൈക്കോടതി തള്ളിയിരുന്നു. ഇതേതുടർന്ന് മറ്റൊരു കേസിൽ റിമാൻഡിൽ കഴിയുന്ന മെഹ്നാസിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. പ്രതിയെ കോടതിയിൽ ഹാജരാക്കി രണ്ട് ദിവസത്തെ കസ്റ്റഡിയിൽ വിട്ടു. പ്രതിയെ കസ്റ്റഡിയിലെടുത്ത ശേഷം തെളിവെടുപ്പിനായി ജൻമനാടായ കാസർകോട്ടേക്ക് കൊണ്ടുപോകുമെന്ന് പൊലീസ് അറിയിച്ചു. മാർച്ച് ഒന്നിന് പുലർച്ചെയാണ് റിഫയെ ദുബായിലെ ഫ്ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവിൽ നിന്നുള്ള മാനസികവും ശാരീരികവുമായ പീഡനമാണ് റിഫയുടെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് കാക്കൂർ പോലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി റിഫയുടെ മൃതദേഹം പുറത്തെടുത്ത് വീണ്ടും പോസ്റ്റുമോർട്ടം നടത്തി.
'വഴിയിൽ കുഴിയുണ്ട്'; ‘ന്നാ താൻ കേസ് കൊട്’ പോസ്റ്ററിൽ വിവാദം
കൊച്ചി: കുഞ്ചാക്കോ ബോബൻ നായകനാകുന്ന 'ന്നാ താൻ കേസു കൊട്' എന്ന ചിത്രത്തിന്റെ പോസ്റ്ററിനെച്ചൊല്ലി രാഷ്ട്രീയ വിവാദം. പത്രങ്ങളിൽ ഉൾപ്പെടെ നൽകിയ പരസ്യത്തിൽ ഉൾപ്പെടുത്തിയ പരസ്യ വാചകത്തെച്ചൊല്ലിയാണ് തർക്കം. 'തിയറ്ററുകളിലേക്കുള്ള വഴിയിൽ കുഴിയുണ്ട്. എന്നാലും വന്നേക്കണേ' എന്ന പ്രയോഗമാണ് വിവാദത്തിന് കാരണമായത്. സർക്കാരിനെ അപകീർത്തിപ്പെടുത്തുന്ന പോസ്റ്ററാണിതെന്ന് വിമർശകർ അവകാശപ്പെടുന്നു. കേരളത്തിലെ റോഡുകളിലെ കുഴികൾ സംസ്ഥാന സർക്കാരിന്റേതാണോ അതോ കേന്ദ്ര സർക്കാരിന്റേതാണോ എന്ന ചർച്ച അതിന്റെ മൂർദ്ധന്യാവസ്ഥയിലിരിക്കെയാണ് സിനിമാ പോസ്റ്ററിലെ 'കുഴി പരാമർശം' വിവാദമായിരിക്കുന്നത്. പോസ്റ്ററിലെ വിവാദ വാചകത്തിൽ ഒരു സർക്കാരിനെയും പരാമർശിക്കുന്നില്ല എന്നതിനാൽ, കുഴിയുടെ കാര്യത്തിലെന്നപോലെ, പരസ്യ വാചകത്തിലെ പരാമർശം ഏത് സർക്കാരിനെ ഉദ്ദേശിച്ചുള്ളതാണ് എന്നതിനെക്കുറിച്ചും വ്യാപകമായ ചർച്ചകൾ നടക്കുന്നുണ്ട്. സി.പി.എം അനുകൂല സൈബർ പേജുകളിൽ പോസ്റ്ററിനെതിരെ രൂക്ഷവിമർശനമാണ് ഉയരുന്നത്. ഇന്ന് തന്നെ സിനിമ കാണാൻ തീരുമാനിച്ചിരുന്നുവെന്നും സംസ്ഥാന സർക്കാരിനെ അപകീർത്തിപ്പെടുത്തി പോസ്റ്റർ പ്രസിദ്ധീകരിച്ചതിനാൽ തീരുമാനം മാറ്റിയെന്നുമാണ് ഇടത് അനുകൂല പേജുകളിലെ വികാരം.
കന്നുകാലിക്കടത്ത് കേസ്: മമതയുടെ അടുത്ത അനുയായിയെ അറസ്റ്റ് ചെയ്ത് സിബിഐ
കൊല്ക്കത്ത: കന്നുകാലി കടത്ത് കേസുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ അടുത്ത അനുയായിയെ സിബിഐ അറസ്റ്റ് ചെയ്തു. തൃണമൂൽ കോൺഗ്രസിന്റെ ബിര്ബം ജില്ലാ പ്രസിഡന്റും മമതാ ബാനർജിയുടെ അടുത്ത അനുയായിയുമായ അനുബ്രത മൊണ്ഡലിനെയാണ് സിബിഐ അറസ്റ്റ് ചെയ്തത്. 2020ലാണ് കേസ് സിബിഐ ഏറ്റെടുത്തത്. 10 തവണ വിളിപ്പിച്ചിട്ടും അനുബ്രത ഹാജരായില്ലെന്ന് സിബിഐ നേരത്തെ കോടതിയെ അറിയിച്ചിരുന്നു. അതിർത്തി കടന്ന് കന്നുകാലികളെ കടത്തിയതുമായി ബന്ധപ്പെട്ടാണ് കേസ്. കന്നുകാലി കടത്ത് കേസുമായി ബന്ധപ്പെട്ട് പലയിടത്തും സിബിഐ റെയ്ഡ് നടത്തിയിരുന്നു. കേസന്വേഷണത്തിന്റെ ഭാഗമായി അനുബ്രതയെ രണ്ട് തവണ ചോദ്യം ചെയ്തിരുന്നു. ഇയാളുടെ ഗണ്മാന് സൈഗാള് ഹൊസൈനേയും സിബിഐ അറസ്റ്റ് ചെയ്തു.
സൂര്യ പ്രിയയുടെ കൊലപാതകം; പ്രതി സുജീഷിനെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തും
പാലക്കാട്: പാലക്കാട് മേലാർകോട്ടെ കൊലപാതകക്കേസിലെ പ്രതിയുമായി പൊലീസ് ഇന്ന് തെളിവെടുപ്പ് നടത്തും. ചീക്കോട് സ്വദേശി സുജീഷുമായി കൊലപാതകം നടന്ന വീട്ടിലാണ് തെളിവെടുപ്പ് നടത്തുക. ഇന്നലെ രാവിലെ 11.30 ഓടെയാണ് കൊന്നല്ലൂർ സ്വദേശി സൂര്യ പ്രിയയെ സുജീഷ് ടവൽ മുണ്ടുകൊണ്ട് കഴുത്ത് ന്തെരിച്ച് കൊലപ്പെടുത്തിയത്. പിന്നീട് പ്രതി തന്നെ ആലത്തൂർ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. സൂര്യപ്രിയയും സുജീഷും തമ്മിൽ ആറ് വർഷത്തോളമായി പരിചയമുണ്ട്. കൊല്ലപ്പെട്ട സൂര്യപ്രിയ മേലാർകോട് പഞ്ചായത്തിലെ സിഡിഎസ് അംഗം കൂടിയായിരുന്നു. വീട്ടിൽ മറ്റാരും ഇല്ലാത്ത സമയത്താണ് സുജീഷ് സൂര്യപ്രിയയുടെ വീട്ടിലെത്തിയത്. വീട്ടിലുണ്ടായിരുന്ന മുത്തച്ഛൻ ഇയാൾ വരുന്നതിന് തൊട്ടുമുമ്പ് പുറത്തുപോയിരുന്നു. ഈ സമയത്താണ് കൊലപാതകം നടന്നത്. തുടർന്ന് പ്രതി സൂര്യപ്രിയയുടെ ഫോണും എടുത്ത് ആലത്തൂർ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. ഇവർ തമ്മിൽ എന്ത് തരത്തിലുള്ള ബന്ധമാണുണ്ടായിരുന്നതെന്ന് വ്യക്തമായിട്ടില്ല.
'റോക്കട്രി ദി നമ്പി ഇഫക്ട്'നെതിരെ സീനിയർ ശാസ്ത്രജ്ഞന് ശശികുമാര്
കൊച്ചി: ഐഎസ്ആർഒ മുൻ ശാസ്ത്രജ്ഞൻ നമ്പി നാരായണന്റെ ജീവിതത്തെ ആസ്പദമാക്കി പുറത്ത് വന്ന 'റോക്കട്രി ദി നമ്പി ഇഫക്ട്' എന്ന ചിത്രത്തിനെതിരെ ചാരക്കേസിൽ പ്രതി ചേർക്കപ്പെട്ട മുതിർന്ന ശാസ്ത്രജ്ഞന് ശശികുമാർ. സിനിമയിൽ കാണിക്കുന്ന കാര്യങ്ങളിൽ 90 ശതമാനവും വാസ്തവവിരുദ്ധമാണെന്ന് ശശികുമാർ പറഞ്ഞു. ഐഎസ്ആർഒയ്ക്ക് വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച നൂറുകണക്കിന് ഉന്നത ശാസ്ത്രജ്ഞരോട് ചെയ്യുന്ന കടുത്ത ദ്രോഹമാണ് വ്യാജ പ്രചാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിനിമയിലൂടെ അസത്യം പ്രചരിപ്പിക്കുന്നത് ക്രൂരവും രാജ്യദ്രോഹപരവുമാണ്. ആയിരക്കണക്കിന് ശാസ്ത്രജ്ഞർ ജോലി ചെയ്യുന്ന ഐഎസ്ആർഒ എന്ന സ്ഥാപനത്തെ അപമാനിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഐ.എസ്.ആർ.ഒ.യിലെ ചീഫ് സയന്റിസ്റ്റ് താനായിരുന്നു എന്ന നമ്പി നാരായണന്റെ പ്രചാരണം തെറ്റാണെന്നും അദ്ദേഹത്തേക്കാള് 100 മടങ്ങ് സേവനം നൽകിയ ഉന്നത ശാസ്ത്രജ്ഞർ നിസ്സഹായതയോടെ ഇത് കേൾക്കുകയാണെന്നും ശശികുമാർ പറഞ്ഞു.
തേക്ക് മരം മുറിച്ചു കടത്തിയ കേസില് സി.പി.എം നേതാവ് അറസ്റ്റില്
Kasaragod Newsകാസര്കോട് (www.evisionnews.in): അനധികൃതമായി തേക്ക് മരം മുറിച്ചുകടത്തിയ കേസില് സി.പി.എം നേതാവ് അറസ്റ്റില്. മുളിയാര് പഞ്ചായത്ത് അരിയില് ബ്രാഞ്ച് സെക്രട്ടറിയും തീയടുക്കം സ്വദേശിയുമായ സി. സുകുമാരനാണ് അറസ്റ്റിലായത്. കാസര്കോട് റെയ്ഞ്ച് കാറഡുക്ക സെക്ഷനില് മുളിയാര് റിസര്വിലെ അരിയില് വനത്തിനകത്ത് നിന്നും പച്ചയായ തേക്ക് മരം മുറിച്ചു നീക്കിയതുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്. ഇയാളെ കാസര്കോട് ചീഫ് ജുഡീഷ്യല് മജിസ്ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു.
സി.പി.എം നേതാക്കളുടെ ഒത്താശയോടെയാണ് മരം കൊള്ള നടന്നതെന്നാണ് വിവരം. മുന് പഞ്ചായത്ത് പ്രസിഡന്റിന്റെ ഭര്തൃസഹോദരനും നിലവിലെ പഞ്ചായത്ത് അംഗത്തിന്റെ സഹോദരനുമാണ് സുകുമാരന്. ഇതിനിടെ ഇരിയണ്ണി പീഡനക്കേസില് പ്രതിയായ ഡി.വൈ.എഫ്.ഐ നേതാവിനും സഹായികളായ പാര്ട്ടിയിലെ ഒരു വിഭാഗം നേതാക്കള്ക്കുമെതിരേ നിലപാടെടുത്തതിന്റെ പക തീര്ക്കാന് എതിര് ചേരിയാണ് പാര്ട്ടി ഗ്രാമത്തില് നടന്ന സംഭവം വിവാദമാക്കി അറസ്റ്റു വരെ എത്തിച്ച സംഭവങ്ങളുണ്ടായതെന്ന തരത്തില് പാര്ട്ടി പ്രവര്ത്തകര്ക്കിടയില് സോഷ്യല് മീഡിയ പ്രചാരണവും നടക്കുന്നുണ്ട്.
ജമ്മു കശ്മീരിൽ സൈനിക ക്യാംപിനു നേരെ ചാവേറാക്രമണം; 3 സൈനികർക്ക് വീരമൃത്യു
ശ്രീനഗര്: ജമ്മു കശ്മീരിലെ രജൗരിയിൽ സൈനിക ക്യാപിനു നേരെ ഭീകരർ നടത്തിയ ചാവേറാക്രമണത്തിൽ മൂന്ന് ഇന്ത്യൻ സൈനികർക്ക് വീരമൃത്യു. സൈനിക ക്യാംപ് ഉന്നമിട്ട് രണ്ട് ഭീകരരാണ് ആക്രമണം നടത്തിയത്. ആക്രമണത്തിനു പിന്നാലെ സൈന്യം പ്രദേശം വളഞ്ഞിട്ടുണ്ട്. ഇവിടെ സൈനിക നടപടി തുടരുകയാണെന്നാണ് വിവരം. ചാവേറായെത്തിയ രണ്ടു ഭീകരരും കൊല്ലപ്പെട്ടു. രജൗരിയിൽ നിന്ന് 25 കിലോമീറ്റർ അകലെയുള്ള പര്ഗാലിലെ സൈനിക ക്യാമ്പിലാണ് ആക്രമണമുണ്ടായത്. ഭീകരാക്രമണത്തെ തുടർന്ന് പ്രദേശം സൈന്യത്തിന്റെ നിരീക്ഷണത്തിലാണ്.
ഹാജി അബ്ദുല്ല ഹുസൈന് ആദരവ് സമ്മേളനം ചരിത്രസംഭവമാക്കും: യൂത്ത് ലീഗ്
Kasaragod Newsമേല്പറമ്പ് (www.evisionnews.in): ദീര്ഘകാലമായി ചെമ്മനാട് പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റും പൗരപ്രമുഖനും മത സാമൂഹിക രംഗത്തെ നിറസാന്നിധ്യവുമായ ഹാജി അബ്ദുല്ല ഹുസൈന് കടവത്തിനെ ദുബൈ കെഎംസിസി ചെമ്മനാട് പഞ്ചായത്ത് കമ്മിറ്റി 22ന് നടത്തുന്ന ആദരവ് സമ്മേളനം ചരിത്രസംഭവമാക്കാന് മുസ്ലിം യൂത്ത് ലീഗ് ചെമ്മനാട് പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു. ശാഖാതലങ്ങളില് പര്യടനം നടത്തും. പ്രസിഡന്റ് അബുബക്കര് കടാങ്കോട് അധ്യക്ഷത വഹിച്ചു. ഉദുമ മണ്ഡലം പ്രസിഡന്റ്് റഊഫ് ബായിക്കര ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറിമാരായ മൊയ്തു തൈര, സുല്വാന് ചെമ്മനാട്, പഞ്ചായത്ത് ജനറല് സെക്രട്ടറി നശാത്ത് പരവനടുക്കം, ട്രഷറര് ഉബൈദ് നാലപ്പാട് സംബന്ധിച്ചു.
ഹജ്ജ് തീര്ഥാടകര് സൗദി വിട്ടുപോകുവാനുള്ള അവസാന തീയതി ഓഗസ്റ്റ് 13
റിയാദ്: ഈ വർഷത്തെ ഹജ്ജ് നിർവഹിച്ച തീർത്ഥാടകർക്ക് സൗദി അറേബ്യയിൽ നിന്ന് മടങ്ങാനുള്ള അവസാന തീയതി ഓഗസ്റ്റ് 13 ആയിരിക്കുമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. വിദേശ തീർത്ഥാടകർക്ക് സേവനം നൽകുന്ന തവാഫ കമ്പനികൾ തീർത്ഥാടകരുടെ മടക്കയാത്ര സമയക്രമം പാലിക്കണമെന്നും നിശ്ചിത സമയത്തുതന്നെ തീർത്ഥാടകർ സൗദി അറേബ്യയിൽ നിന്ന് മടങ്ങിയെന്ന് ഉറപ്പാക്കണമെന്നും ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. 2022 ലെ ഹജ്ജ് സീസണിൽ നടപ്പാക്കിയ പ്രവർത്തന പദ്ധതികൾക്ക് അനുസൃതമായി സൗദി അറേബ്യയിലേക്ക് വരുന്ന തീർത്ഥാടകരുടെ യാത്രാ നടപടിക്രമങ്ങൾ പൂര്ത്തീകരിച്ചിട്ടുണ്ടെന്നും കമ്പനികൾ ഉറപ്പാക്കണം. തീർത്ഥാടകരുടെ അവസാന സംഘങ്ങളുടേതടക്കം യാത്ര സുഗമമാക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് മന്ത്രാലയം കമ്പനികൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. രാജ്യത്തിനകത്ത് അവശേഷിക്കുന്ന എല്ലാ തീർത്ഥാടകരും അവരുടെ യാത്രകൾക്ക് നേതൃത്വം നൽകിയ കമ്പനികളിൽ നിന്ന് അവരുടെ ഗതാഗത, താമസ വിശദാംശങ്ങൾ പരിശോധിക്കണമെന്ന് മന്ത്രാലയം നിർദ്ദേശിച്ചു.
കരുവന്നൂർ സഹകരണ ബാങ്ക് ഹെഡ് ഓഫീസില് ഇഡി നടത്തിവന്ന റെയ്ഡ് അവസാനിച്ചു
കരുവന്നൂർ സഹകരണ ബാങ്കിന്റെ ഹെഡ് ഓഫീസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ റെയ്ഡ് അവസാനിച്ചു. പുലർച്ചെ മൂന്ന് മണിക്കാണ് റെയ്ഡ് അവസാനിച്ചത്. ഇന്നലെ രാവിലെ എട്ട് മണിക്ക് ആരംഭിച്ച പരിശോധന 20 മണിക്കൂറോളം നീണ്ടുനിന്നു. റബ്കോ ഏജന്റായിരുന്ന ബിജോയുടെ വീട്ടിലെ പരിശോധന ഇന്നലെ രാത്രി 10.30 വരെ നീണ്ടു. ആധാരം ഉൾപ്പെടെയുള്ള രേഖകളുടെ പകർപ്പുകൾ പ്രതികളുടെ വീട്ടിൽ നിന്ന് ശേഖരിച്ചു. തട്ടിപ്പ് നടന്ന കാലയളവിലെ ബാങ്കിലെ സാമ്പത്തിക ഇടപാടുകളുടെ രേഖകളും ഇഡി പരിശോധിച്ചു. ബാങ്ക് പ്രസിഡന്റ് ആയിരുന്ന കെ കെ ദിവാകരൻ,സെക്രട്ടറി ആയിരുന്ന സുനിൽ കുമാർ, മുൻ ശാഖ മാനേജർ ബിജു കരീം എന്നിവരുടെ വീടുകളിലും ഇ.ഡി റെയ്ഡ് നടത്തിയിരുന്നു. കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളുടെ വീട്ടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഒരേസമയമാണ് റെയ്ഡ് നടത്തിയത്.
ദുല്ഖർ ചിത്രം 'സീതാരാമം' യുഎഇയില് ഇന്ന് റിലീസ്
ദുൽഖർ സൽമാൻ നായകനാകുന്ന തെലുങ്ക് ചിത്രം സീതാരാമം ഇന്ന് യുഎഇയിൽ റിലീസ് ചെയ്യും. സെൻസർ ചെയ്ത ശേഷമാണ് ചിത്രത്തിന് അംഗീകാരം ലഭിച്ചത്. ദുബായിലെയും അബുദാബിയിലെയും സിനിമയെത്തുന്ന തിയേറ്ററുകളുടെ പേരുകളും ദുൽഖർ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. 1965 ലെ ഒരു യുദ്ധ പശ്ചാത്തലത്തിൽ ഒരുക്കിയ സീതാരാമം പ്രേക്ഷകർക്കിടയിൽ നന്നായി മുന്നേറുകയാണ്. ചിത്രത്തിൽ ലെഫ്റ്റനന്റ് റാം എന്ന കഥാപാത്രത്തെയാണ് ദുൽഖർ സൽമാൻ അവതരിപ്പിക്കുന്നത്. മൃണാൾ താക്കൂർ സീത മഹാലക്ഷ്മി എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.
'ന്നാ താൻ കേസ് കൊട്' ഇന്ന് തിയേറ്ററുകളിൽ
കുഞ്ചാക്കോ ബോബനെ നായകനാക്കി, "ആന്ഡ്രോയ്ഡ് കുഞ്ഞപ്പന്', 'കനകം, കാമിനി, കലഹം' എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രതീഷ് ബാലകൃഷ്ണൻ പൊതുവാള് സംവിധാനം ചെയ്യുന്ന 'ന്നാ, താന് കേസ് കൊട്' ഇന്ന് തിയേറ്ററുകളിലെത്തും. സന്തോഷ് ടി കുരുവിളയും ആഷിക് അബുവും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. കുഞ്ചാക്കോ ബോബനും ചിത്രത്തിന്റെ നിർമ്മാണത്തിൽ പങ്കാളിയാണ്. വിനയ് ഫോർട്ട്, ഗായത്രി ശങ്കർ, സൈജു കുറുപ്പ്, ജാഫർ ഇടുക്കി എന്നിവരാണ് ചിത്രത്തിൽ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
വ്ളോഗർ റിഫ മെഹ്നുവിന്റെ മരണം; ഭർത്താവ് മെഹ്നാസിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും
വ്ളോഗർ റിഫ മെഹ്നുവിന്റെ മരണവുമായി ബന്ധപ്പെട്ട് ഭർത്താവ് മെഹ്നാസിന്റെ അറസ്റ്റ് പൊലീസ് ഇന്ന് രേഖപ്പെടുത്തും. മെഹ്നാസിന്റെ മുൻകൂർ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം ഹൈക്കോടതി തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ് കാക്കൂർ പോലീസ് അറസ്റ്റ് നടപടികൾക്ക് തുടക്കമിടുന്നത്. പോക്സോ കേസിൽ റിമാൻഡിലായ ഇയാൾ ഇപ്പോൾ ജയിലിലാണ്. പ്രൊഡക്ഷൻ വാറണ്ടിനായി അന്വേഷണ സംഘം അപേക്ഷ നൽകിയിട്ടുണ്ട്. കോഴിക്കോട് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുക. കക്കൂർ പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ മാനസികവും ശാരീരികവുമായ പീഡനമാണ് റിഫയുടെ മരണത്തിലേക്ക് നയിച്ചതെന്ന് കണ്ടെത്തിയിരുന്നു. സ്ത്രീയെ മാനസികമായും ശാരീരികമായും ഉപദ്രവിക്കൽ, ആത്മഹത്യ പ്രേരണ കുറ്റം തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് മെഹ്നാസിനെതിരെ കേസെടുത്തത്.
നടിയെ ആക്രമിച്ച കേസ്: എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും
എറണാകുളം: നടിയെ ആക്രമിച്ച കേസ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. കേസ് പരിഗണിക്കാൻ പ്രിൻസിപ്പൽ സെഷൻസ് കോടതിക്ക് അധികാരമില്ലെന്ന പ്രോസിക്യൂഷന്റെയും അതിജീവിതയുടെയും ഹർജികൾ പ്രിൻസിപ്പൽ സെഷൻസ് കോടതി പരിഗണിക്കും. അതേസമയം നടൻ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ക്രൈംബ്രാഞ്ചിന്റെ ആവശ്യവും ഹൈക്കോടതി ഇന്ന് പരിഗണിക്കും. നടിയെ ആക്രമിച്ച കേസ് പരിഗണിക്കാൻ പ്രിൻസിപ്പൽ സെഷൻസ് കോടതിക്ക് അധികാരമില്ലെന്ന് പ്രോസിക്യൂഷനും അതിജീവിതയും നൽകിയ ഹർജികളിൽ ജഡ്ജി ഹണി എം.വർഗീസാണ് വാദങ്ങൾ കേൾക്കുന്നത്. കേസ് നടത്താൻ സി.ബി.ഐ കോടതിക്കാണ് ഹൈക്കോടതി അനുമതി നൽകിയിരുന്നത്. ജോലിഭാരം കാരണം കേസ് പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് മാറ്റാൻ കഴിയില്ലെന്ന് ഹൈക്കോടതി നേരത്തെ നിലപാടെടുത്തിരുന്നുവെന്നും പ്രോസിക്യൂഷൻ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അജകുമാർ സമർപ്പിച്ച ഹർജിയിൽ കേസ് ഫയൽ ഏത് കോടതിയുടെ അധികാരപരിധിയിൽ നിന്ന് തീരുമാനിക്കണമെന്നും ആവശ്യപ്പെട്ടു. കേസ് രേഖകൾ സി.ബി.ഐ കോടതിയിലേക്ക് തിരിച്ചയക്കണമെന്നാണ് അതിജീവിതയുടെ ആവശ്യം. പ്രതികളുടെ വാദം കേട്ട ശേഷം തീരുമാനമെടുക്കുമെന്ന് കോടതി വ്യക്തമാക്കിയിരുന്നു.
Wednesday, 10 August 2022
പുഴയില് ഒഴുക്കില്പ്പെട്ട വിദ്യാര്ഥിനിയുടെ മൃതദേഹം 48 മണിക്കൂറിന് ശേഷം കണ്ടെത്തി
Karnataka Newsമംഗളൂരു (www.evisionnews.in): ബൈന്ദൂര് കല്ത്തോടിലെ നടപ്പാലത്തില് നിന്നും പുഴയില് ഒഴുക്കില്പ്പെട്ട വിദ്യാര്ഥിനിയുടെ മൃതദേഹം വീണ് 48 മണിക്കൂറിന് ശേഷം കണ്ടെത്തി. ഏഴുവയസുകാരിയായ സന്നിധിയുടെ മൃതദേഹമാണ് വീണ സ്ഥലത്ത് നിന്ന് 400 മീറ്റര് അകലെ കണ്ടെത്തിയത്.
തിങ്കളാഴ്ച സ്കൂള് വിട്ട് തിരികെ നടക്കുമ്പോള് സന്നിധി കോള്ത്തോട് വില്ലേജിലെ ബൊളമ്പള്ളിയിലെ ബീജമക്കിയിലെ നടപ്പാലത്തില് നിന്ന് കാല്വഴുതി താഴെ പുഴയിലേക്ക് വീഴുകയായിരുന്നു. അഗ്നിശമന സേനയും നീന്തല്ക്കാരും നാട്ടുകാരും തുടര്ച്ചയായി തിരച്ചില് നടത്തുകയായിരുന്നു. കനത്ത മഴയും പുഴയില് ശക്തമായ ഓഴുക്കും കാരണം രക്ഷാപ്രവര്ത്തനം പ്രതിസന്ധി നേരിട്ടു. തുടര്ന്ന് തിരച്ചിലിനിടെ ഇന്ന് ഉച്ചയോടെയാണ് മൃതദേഹം കണ്ടെടുക്കാനായത്.
സൂര്യപ്രിയയുടെ കൊലപാതകം; ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോര്ട്ട് തേടി യുവജന കമ്മീഷന്
പാലക്കാട്: ഡി.വൈ.എഫ്.ഐ നേതാവ് സൂര്യപ്രിയയുടെ കൊലപാതകത്തിൽ സമഗ്ര അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ പാലക്കാട് ജില്ലാ പോലീസ് മേധാവിയോട് സംസ്ഥാന യുവജന കമ്മീഷൻ ആവശ്യപ്പെട്ടതായി ചെയര്പേഴ്സണ് ചിന്താ ജെറോം അറിയിച്ചു. പാലക്കാട് കൊന്നല്ലൂർ സ്വദേശിനി സൂര്യ പ്രിയയുടെ കൊലപാതക വാർത്ത കേരള സമൂഹം ഞെട്ടലോടെയാണ് കേട്ടതെന്ന് ചിന്താ ജെറോം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ചിന്തയുടെ പ്രതികരണം. സാമൂഹിക, രാഷ്ട്രീയ രംഗത്തെ പ്രമുഖ വ്യക്തിത്വവും ഭാവിയിൽ സമൂഹത്തെ നയിക്കേണ്ടതുമായ സാമൂഹിക, രാഷ്ട്രീയ പ്രവർത്തകയായ പെൺകുട്ടിയെയാണ് പ്രതി സുജീഷ് കൊലപ്പെടുത്തിയത്. വ്യക്തികൾക്ക് സ്വീകാര്യമല്ലാത്ത സ്വഭാവ രൂപീകരണവും അവരുടെ സ്വാതന്ത്ര്യവും അഭിപ്രായവും യുവാക്കളെ ഇത്തരം കുറ്റകൃത്യങ്ങളിലേക്ക് നയിക്കുന്നു. നാളത്തെ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിക്കുന്ന ഇത്തരം വിദ്വേഷങ്ങളെ ഇല്ലാതാക്കാൻ ബോധവൽക്കരണ പരിപാടികൾ വ്യാപിപ്പിക്കും. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ കേരള സംസ്ഥാന യുവജന കമ്മീഷൻ പാലക്കാട് ജില്ലാ പോലീസ് മേധാവിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. നീതി ലഭിക്കാൻ സൂര്യപ്രിയയ്ക്കൊപ്പമാണെന്നും ചിന്താ ജെറോം പറഞ്ഞു.
പുഴയില് കുളിക്കാനിറങ്ങിയ 16 കാരന് മരിച്ചു
Karnataka Manglore Newsമംഗളൂരു (www.evisionnews.in): നേത്രാവതി പുഴയില് കുളിക്കാനിറങ്ങിയ 16കാരന് മരിച്ചു. മംഗളൂരു ബരിമര് സ്വദേശിയും പി.യു.സി ഒന്നാം വര്ഷ വിദ്യാര്ഥിയുമായ രക്ഷണ് ആണ് മരിച്ചത്. ചൊവ്വാഴ്ച നേത്രാവതി നദിയില് ബരിമര് ഗ്രാമം കഗേകന ഭാഗത്ത് നിന്ന് നാട്ടുകാര് രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചിരുന്നു. മുഹര്റം അവധി ദിവസമായ ചൊവ്വാഴ്ച കുളിക്കാന് ഇറങ്ങിയ രക്ഷണ് ഒഴുക്കില്പെടുകയായിരുന്നു. അഗ്നിസുരക്ഷാ സേനയുടെ സഹായത്തോടെയാണ് നാട്ടുകാര് കരക്കെടുത്ത് ആശുപത്രിയിലെത്തിച്ചത്.
മുഹറം ഘോഷയാത്രയ്ക്കിടെ കര്ണാടകയില് രണ്ടു യുവാക്കള്ക്ക് കുത്തേറ്റു
Karnataka Newsമംഗളൂറു (www.evisionnews.in): മുഹറം ഘോഷയാത്രയ്ക്കിടെ കര്ണാടക ഗദഗ് ജില്ലയില് രണ്ടു യുവാക്കള്ക്ക് കുത്തേറ്റു. ഗദഗിനടുത്തുള്ള മല്ലസമുദ്രയിലെ തൗഫീഖ് (23), മുശ്ത്വാഖ് (24) എന്നിവര്ക്കാണ് കുത്തേറ്റത്. യുവാക്കള്ക്ക് വയറിനും നെഞ്ചിനും കാലിനും പരിക്കേറ്റു. രണ്ടുപേരും ഗദഗിലെ ജിംസ് ആശുപത്രിയില് ചികിത്സയിലാണ്.
ഗദഗിലെ മലസമുദ്ര ഗ്രാമത്തില് ചൊവ്വാഴ്ച വൈകുന്നേരം 5.30 ഓടെയാണ് സംഭവം നടന്നത്. സംഭവത്തെ തുടര്ന്ന് സോമേഷ് ഗുഡി, യല്ലപ്പ ഗുഡി, സല്മാന് എന്നിവരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് ഗദഗ് പൊലീസ് സൂപ്രണ്ട് ശിവപ്രകാശ് ദേവരാജു പറഞ്ഞു. സംഭവം വര്ഗീയപരമല്ലെന്നും പഴയ വൈരാഗ്യം മൂലമാണെന്നുമാണ് പൊലീസ് പറയുന്നത്.
സംഭവം പുറത്തറിഞ്ഞതോടെ സോമേഷും യെല്ലപ്പയും ഒളിച്ചിരുന്ന വീടിനു നേരെ ആക്രമണമുണ്ടായി. ജനക്കൂട്ടം വീടിന്റെ വാതിലുകളും ജനലുകളും അടിച്ചുതകര്ക്കുകയും കുടുംബാംഗങ്ങളെ ആക്രമിക്കുകയും ചെയ്തുവെന്നാണ് പരാതി. പൊലീസ് സ്ഥലത്തെത്തി സ്ഥിഗതികള് നിയന്ത്രണ വിധേയമാക്കി. പ്രദേശത്ത് സംഘര്ഷാവസ്ഥ നിലനില്ക്കുകയാണ്.
ത്രിതല ഫണ്ട് വെട്ടിക്കുറച്ച സര്ക്കാര് നടപടിക്കെതിരെ പുത്തിഗെ പഞ്ചായത്ത് ഓഫീസിന് മുന്നില് യു.ഡി.എഫ് ധര്ണ
Kasaragod Newsപുത്തിഗെ (www.evisionnews.in): തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ സാമ്പത്തികമായി ഞെക്കിക്കൊല്ലുന്ന ഇടതു സര്ക്കാരിനെതിരെ പുത്തിഗെയില് യു.ഡി.എഫ് പഞ്ചായത്ത് ഓഫീസ് ധര്ണ നടത്തി. മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം സെക്രട്ടറി എ.കെ ആരിഫ് ഉദ്്ഘാടനം ചെയ്തു. ചെയര്മാന് ഷാനിദ് കയ്യംക്കുടല് അധ്യക്ഷത വഹിച്ചു. അബ്ദുല്ല കണ്ടത്തില് സ്വാഗതം പറഞ്ഞു. നേതാക്കളായ എം അബ്ദുല്ല മുഗു, എം അബ്ദുല്ല കുഞ്ഞി മുക്കാരികണ്ടം, സുലൈമാന് ഊജം പദവ്, ഷെറിന് കയ്യംകുടല്, ഹനീഫ് സീതാംഗോളി, ഇ.കെ മുഹമ്മദ് കുഞ്ഞി, ജുനൈദ് ഉറുമി, ഷരീഫ് ഉറുമി, ആസിഫ് അലി കന്തല്, കേശവ, സലീം കട്ടത്തട്ക്ക, സവാദ് അംഗഡി മുഗര്, ദയാനന്ദ ബാഡൂര്, നസീര് പുത്തിഗെ, ഷുക്കൂര് കണാജെ നേതൃത്വം നല്കി.
റിയാസ് മൗലവി വധക്കേസ്; അന്തിമവാദം 24 ലേക്ക് മാറ്റി
Kasaragod Newsകാസര്കോട് (www.evisionnews.in): പഴയ ചൂരിയിലെ മദ്രസാധ്യാപകനായിരുന്ന കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവിയെ (27) കൊലപ്പെടുത്തിയ കേസിലെ അന്തിമ വാദം ജില്ലാ പ്രിന്സി പ്പല് സെഷന്സ് കോടതി ഓഗസ്റ്റ് 24ലേക്ക് മാറ്റി.വാദം തുടരുന്നതിനായി കേസ് ബുധനാഴ്ചത്തേക്ക് മാറ്റിയ തായിരുന്നു. എന്നാല് ചില അസൗകര്യങ്ങള് കാരണം മറ്രൊരു ദിവസത്തേക്ക് മാറ്റുകയായണുണ്ടായത്. കേളുഗുഡ്ഡെ അയ്യപ്പനഗറിലെ അജേഷ് എന്ന അപ്പു,കേളു ഗുഡ്ഡെയിലെ നിതിന്കുമാര്, അഖിലേഷ് എന്ന അജി തുടങ്ങിയവരാണ് കേസിലെ പ്രതികള്.2017 മാര്ച്ച് 20ന് രാത്രിയാണ് പള്ളിയിലെ താമ സ സ്ഥലത്ത് അതിക്രമിച്ചു കയറി റിയാസ് മൗലവിയെ കഴുത്തറുത്ത് കൊലപ്പെടു ത്തിയത്.
വിജയ് ദേവരകൊണ്ട ചിത്രം 'ലൈഗർ'; കേരള വിതരണാവകാശം ശ്രീഗോകുലം മൂവീസിന്
വിജയ് ദേവരകൊണ്ട, അനന്യ പാണ്ഡെ, രമ്യ കൃഷ്ണൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുരി ജഗന്നാഥിന്റെ 'ലൈഗർ' എന്ന ചിത്രത്തിന്റെ കേരള വിതരണാവകാശം ശ്രീ ഗോകുലം മൂവീസ് സ്വന്തമാക്കി. ചിത്രം ഓഗസ്റ്റ് 25ന് തീയേറ്ററുകളിലെത്തും. ബോക്സിംഗ് താരം മൈക്ക് ടൈസണും ചിത്രത്തിൽ മറ്റൊരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. കേരളത്തിലെ 150ലധികം തിയേറ്ററുകളിലാണ് ചിത്രം പ്രദർശിപ്പിക്കുക. ചിത്രത്തിന്റെ പ്രമോഷനായി വിജയ് ദേവരകൊണ്ട ഉൾപ്പെടെയുള്ള അഭിനേതാക്കളും അണിയറപ്രവർത്തകരും 18ന് കേരളത്തിലെത്തുമെന്ന് ശ്രീ ഗോകുലം മൂവീസ് അറിയിച്ചു. ഇന്ത്യ ഒന്നടങ്കം ഉറ്റുനോക്കുന്ന ഒരു സിനിമ കേരളത്തിൽ എത്തിക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്ന് ശ്രീ ഗോകുലം മൂവീസ് ഉടമ ഗോകുലം ഗോപാലൻ പറഞ്ഞു. തെലുങ്ക് സിനിമയിലെ മുൻനിര സംവിധായകരിൽ ഒരാളായ പുരി ജഗന്നാഥിന്റെ മിക്സഡ് ആയോധനകലകളെ അടിസ്ഥാനമാക്കിയുള്ള ഒരു മെഗാ ബജറ്റ് ചിത്രമാണ് ലൈഗർ. തെലുങ്കിലും ഹിന്ദിയിലുമായി ചിത്രീകരിച്ച ചിത്രം മലയാളം ഉൾപ്പെടെ മറ്റ് അഞ്ച് ഭാഷകളിലേക്ക് ഡബ്ബ് ചെയ്തിട്ടുണ്ട്. മലയാളം പതിപ്പിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി പതിപ്പുകളും കേരളത്തിൽ പ്രദർശിപ്പിക്കും.
മമ്മൂട്ടി ചിത്രം ‘റോഷാക്ക്’ ഓണത്തിനെത്തില്ല
മമ്മൂട്ടി നായകനാകുന്ന ത്രില്ലർ 'റോഷാക്ക്' റിലീസ് മാറ്റിവച്ചു. ചിത്രം ഓണം റിലീസായി തീയേറ്ററുകളിലെത്തുമെന്ന് നേരത്തെ അണിയറ പ്രവർത്തകർ പ്രഖ്യാപിച്ചിരുന്നു. എന്നിരുന്നാലും, പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ വൈകിയതിനാൽ റിലീസ് മാറ്റിവച്ചതായി ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. നിസാം ബഷീർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഭൂരിഭാഗവും ചിത്രീകരിച്ചത് കൊച്ചിയിലാണ്. ദുബായിൽ ഏതാനും ദിവസത്തെ ഷൂട്ടിംഗും ഉണ്ടായിരുന്നു. മമ്മൂട്ടിയെ കൂടാതെ ഷറഫുദ്ദീൻ, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കർ, സഞ്ജു ശിവറാം, കോട്ടയം നസീർ, ബാബു അന്നൂർ, മണി ഷൊർണൂർ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. നിമിഷ് രവിയാണ് ഛായാഗ്രാഹകൻ. പ്രൊജക്റ്റ് ഡിസൈനർ ബാദുഷ. ചിത്രത്തിന്റെ എഡിറ്റിംഗ് കിരൺ ദാസ്, സംഗീതം മിഥുൻ മുകുന്ദൻ, കലാസംവിധാനം ഷാജി നടുവിൽ, പ്രൊഡക്ഷൻ കൺട്രോളർ പ്രശാന്ത് നാരായണൻ, ചമയം റോണക്സ് സേവ്യർ & എസ് ജോർജ്, വസ്ത്രാലങ്കാരം സമീറ സനീഷ്. വിതരണം വേ ഫെയർ. പി ആർ ഓ പ്രതീഷ് ശേഖർ.
കേശവദാസപുരം കൊലപാതകം; ആദം അലിയെ കസ്റ്റഡിയിൽ വിട്ടു
കേശവദാസപുരം: കേശവദാസപുരം കൊലക്കേസിലെ പ്രതി ആദം അലിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഇയാളെ 10 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. തിരുവനന്തപുരം എ.സി.ജെ.എം കോടതിയാണ് പ്രതിയെ റിമാൻഡ് ചെയ്തത്. പ്രതി ആദം അലിക്ക് വേണ്ടി അഡ്വക്കേറ്റ് ആളൂർ കോടതിയിൽ ഹാജരായി. കഴിഞ്ഞ ദിവസമാണ് ആദം അലിയെ ചെന്നൈ റെയിൽവേ സ്റ്റേഷനിൽ നിന്ന് അറസ്റ്റ് ചെയ്തത്. ഇന്ന് ഉച്ചയോടെയാണ് ആദം അലിയെ തിരുവനന്തപുരത്ത് എത്തിച്ചത്. ആറാഴ്ച മുമ്പാണ് 21 കാരനായ പ്രതി പശ്ചിമ ബംഗാളിൽ നിന്ന് തിരുവനന്തപുരത്ത് എത്തിയത്. പണി നടക്കുന്നത് അടുത്ത വീട്ടിലാണെങ്കിലും വെള്ളം കുടിക്കാനായി ഇവർ പോയിരുന്നത് കൊല്ലപ്പെട്ട മനോരമയുടെ വീട്ടിലായിരുന്നു. ആ രീതിയിൽ നിരന്തരം കാണാറുള്ളതിനാൽ പ്രതിക്ക് മനോരമയുടെ വീട്ടിൽ വേഗത്തിൽ പ്രവേശിക്കാൻ കഴിഞ്ഞു. കൊലപാതകത്തിന് ശേഷം ട്രെയിൻ മാർഗം കേരളം വിട്ട പ്രതിയെ ചെന്നൈ റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് ചെന്നൈ റെയിൽവേ പോലീസ് പിടികൂടിയത്. കേരള പൊലീസ് ചെന്നൈയിലെത്തി അറസ്റ്റ് രേഖപ്പെടുത്തി ഇയാളെ കേരളത്തിലെത്തിച്ചു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. എന്നിരുന്നാലും, ഉത്തരം ലഭിക്കാത്ത നിരവധി ചോദ്യങ്ങൾ ഇപ്പോഴും അവശേഷിക്കുന്നു. മനോരമയെ കൊലപ്പെടുത്തിയത് മോഷണത്തിനാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മനോരമയുടെ ശരീരത്തിൽ സ്വർണ്ണാഭരണങ്ങളൊന്നും ഉണ്ടായിരുന്നില്ല. വീട്ടിൽ നിന്ന് നഷ്ടപ്പെട്ടുവെന്ന് കരുതിയ പണം ഇവിടെത്തന്നെയുണ്ടായിരുന്നു. ഇതാണ് സംശയത്തിന് കാരണം. മോഷ്ടിച്ച സ്വർണം പ്രതി ഉപേക്ഷിച്ചതാണോ അതോ വിൽപ്പന നടത്തിയതാണോ എന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല.
ശസ്ത്രക്രിയ ഉപകരണം വയറിനുള്ളിൽ മറന്നുവച്ചു; 3 ലക്ഷം നഷ്ടപരിഹാരം നൽകാൻ ഉത്തരവ്
തൃശ്ശൂർ: തൃശൂർ മെഡിക്കൽ കോളേജിൽ പാൻക്രിയാസ് ശസ്ത്രക്രിയയ്ക്കിടെ രോഗിയുടെ വയറ്റിൽ ശസ്ത്രക്രിയാ ഉപകരണം മറന്നുവെച്ച് തുന്നിക്കെട്ടിയ സംഭവത്തിൽ മൂന്ന് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. ശസ്ത്രക്രിയയിൽ പങ്കെടുത്ത ഡോക്ടർമാരിൽ നിന്നും നഴ്സുമാരിൽ നിന്നും നഷ്ടപരിഹാര തുക പരാതിക്കാരന് ഈടാക്കാം. ഉത്തരവാദപ്പെട്ടവരിൽ നിന്ന് ഈടാക്കേണ്ട തുക ആരോഗ്യ സെക്രട്ടറിക്ക് തീരുമാനിക്കാമെന്ന് കമ്മിഷൻ അംഗം വി.കെ. ബീനാകുമാരി ഉത്തരവിൽ പറഞ്ഞു. ഉത്തരവ് ലഭിച്ച് ഒരു മാസത്തിനകം തുക അടയ്ക്കണമെന്നും അല്ലാത്തപക്ഷം 10 ശതമാനം പലിശ നൽകേണ്ടി വരുമെന്നും കമ്മീഷൻ ഉത്തരവിൽ പറയുന്നു. തുക കൈമാറിയ ശേഷം ആരോഗ്യ സെക്രട്ടറി കമ്മീഷനെ അറിയിക്കണം. തൃശൂർ കണിമംഗലം സ്വദേശിയായ ഓട്ടോറിക്ഷാ തൊഴിലാളി ജോസഫ് പോൾ നൽകിയ പരാതിയിലാണ് നടപടി. 2020 മെയ് അഞ്ചിനാണ് ജോസഫ് പോളിനെ തൃശൂർ മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയത്. സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് ശസ്ത്രക്രിയാ ഉപകരണം വയറ്റിൽ കുടുങ്ങിയതായി രോഗിക്ക് മനസ്സിലായത്. തുടർന്ന് സ്വകാര്യ ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയയിലാണ് ഉപകരണം പുറത്തെടുത്തത്.
ടി.എ ഇബ്രാഹിമിന്റെ ജീവിതം പുതിയ തലമുറ പഠനവിധേയമാക്കണം: എ. അബ്ദുല് റഹ്മാന്
Kasaragod Newsകാസര്കോട് (www.evisionnews.in): മുസ്ലിം ലീഗ് നേതാവും മുന് എം.എല്.എയും കാസര്കോടിന്റെ വികസനത്തിനും പുരോഗതിക്കും വേണ്ടി ജീവിതാന്ത്യം വരെ പ്രവര്ത്തിച്ച വ്യക്തിത്വവുമായ ടി.എ ഇബ്രാഹിമിന്റെ ജീവിതവും പ്രവര്ത്തനവും പുതിയ തലമുറ പഠനത്തിന് വിധേയമാക്കണമെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറല് സെക്രട്ടറി എ. അബ്ദുല് റഹ്മാന്.
ടി.എ ഇബ്രാഹിമിന്റെ 44-ാം ചരമ വാര്ഷിക ദിനത്തില് കാസര്കോട് മുനിസിപ്പല് മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നാടിന്റെ പുരോഗതിക്കും അടിസ്ഥാന വികസനത്തിനും അദ്ദേഹം നല്കിയ സംഭാവനകള് ഒരിക്കലും വിസ്മരിക്കാന് കഴിയാത്തതാണെന്നും അദ്ദേഹം അനുസ്മരിച്ചു.
പ്രസിഡന്റ് കെ.എം ബഷീര് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഹമീദ് ബെദിര സ്വാഗതം പറഞ്ഞു. എന്.എ നെല്ലിക്കുന്ന് എം.എല്.എ അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് ടി.ഇ അബ്ദുല്ല, മണ്ഡലം പ്രസിഡന്റ് എ.എം കടവത്ത്, യഹ്യ തളങ്കര, ഖാദര് ചെങ്കള, അഷ്റഫ് എടനീര്, അബ്ബാസ് ബീഗം, സി.എ അബ്ദുല്ലക്കുഞ്ഞി, അഡ്വ. വി.എം മുനീര്, കെ.പി മുഹമ്മദ് അഷ്റഫ്, ഷരീഫ് കൊടവഞ്ചി, എ.എ അസീസ്, ഹനീഫ നെല്ലിക്കുന്ന്, ഖാലിദ് പച്ചക്കാട്, എം.എച്ച് അബ്ദുല് ഖാദര്, സഹീര് ആസിഫ്, മൊയ്തീന് കൊല്ലമ്പാടി, ഹാരിസ് ബെദിര, മുത്തലിബ് പാറക്കെട്ട്, റഹ്മാന് തൊട്ടാന്, അഷ്ഫാഖ് തുരുത്തി, മാഹിന് മുണ്ടക്കൈ, ബീഫാത്തിമ ഇബ്രാഹിം പ്രസംഗിച്ചു.
മധുവിന്റെ കുടുംബത്തിനെതിരെ ഭീഷണി; പ്രതി അബ്ബാസിന്റെ ഡ്രൈവർ അറസ്റ്റിൽ
പാലക്കാട്: അട്ടപ്പാടിയിൽ കൊല്ലപ്പെട്ട മധുവിന്റെ കുടുംബത്തെ ഭീഷണിപ്പെടുത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ. മധു വധക്കേസിലെ പ്രതി അബ്ബാസിന്റെ ഡ്രൈവർ ഷിഫാനെ അഗളി പൊലീസ് അറസ്റ്റ് ചെയ്തു. മധുവിന്റെ അമ്മയും സഹോദരിയും നൽകിയ പരാതിയിലാണ് നടപടി. ഒരു മെഡിക്കൽ സെന്ററിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അതേസമയം മധു വധക്കേസിലെ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ കഴിഞ്ഞ ദിവസം വിചാരണക്കോടതിയിൽ ഹർജി നൽകിയിരുന്നു. സാക്ഷികളെ സ്വാധീനിക്കരുതെന്ന ജാമ്യവ്യവസ്ഥ ലംഘിച്ചുവെന്നു കാണിച്ചാണു സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ രാജേഷ് എം.മേനോൻ മണ്ണാർക്കാട് പട്ടികജാതി, പട്ടികവർഗ പ്രത്യേക കോടതിയിൽ ഹർജി നൽകിയത്. ഇതുവരെ വിസ്തരിച്ച 24 സാക്ഷികളിൽ 13 പേർ കൂറുമാറി. പ്രോസിക്യൂഷന് അനുകൂലമായി രണ്ട് പേർ മാത്രമാണ് കോടതിയിൽ മൊഴി നൽകിയത്. ഒന്ന് മുതൽ ഒമ്പത് വരെ സാക്ഷികൾ ഇൻക്വസ്റ്റ് സാക്ഷികളാണ്. ഇവരിൽ ഒന്നാം സാക്ഷിയായ വെള്ളിങ്കിരിയെ മാത്രമാണ് വിസ്തരിച്ചത്. സാക്ഷികൾ കൂട്ടത്തോടെ കൂറുമാറിയ സാഹചര്യത്തിൽ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ രംഗത്തെത്തി. വിറ്റ്നസ് പ്രൊട്ടക്ഷൻ സമിതിയുടെ നിർദേശം വന്നിട്ടും സാക്ഷികൾ കൂറുമാറുന്ന സാഹചര്യമാണുണ്ടായത്.
സൗദി അറേബ്യയുടെ ചാരനായി പ്രവർത്തിച്ചു; ട്വിറ്റര് മുന് ജീവനക്കാരനെ ശിക്ഷിച്ച് കോടതി
വാഷിങ്ടണ്: സൗദി അറേബ്യയുടെ ചാരനായി പ്രവർത്തിച്ച മുൻ ട്വിറ്റർ ജീവനക്കാരന് അമേരിക്കൻ കോടതി ശിക്ഷ വിധിച്ചു. 2013നും 2015നും ഇടയിൽ ട്വിറ്ററിൽ മീഡിയ പാർട്ണർഷിപ്പ് മാനേജരായി ജോലി ചെയ്തിരുന്ന അഹ്മദ് അബുവമ്മൊ എന്ന ആളെയാണ് യുഎസ് കോടതി കുറ്റക്കാരനാണെന്ന് വിധിച്ചത്. സൗദി അറേബ്യൻ സർക്കാരിനെ വിമർശിക്കുന്നവരുടെ വ്യക്തിഗത വിശദാംശങ്ങൾ സൗദി രാജകുടുംബവുമായി അടുപ്പമുള്ള ഉദ്യോഗസ്ഥന് ട്വിറ്റർ വഴി കൈമാറിയെന്നാണ് ഇയാൾക്കെതിരേയുള്ള ആരോപണം.
'ന്നാ താന് കേസ് കൊട്' നാളെ തിയറ്ററുകളിൽ എത്തും
ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കുഞ്ചാക്കോ ബോബൻ ചിത്രം 'ന്നാ താന് കേസ് കൊട്' നാളെ തീയേറ്ററുകളിലെത്തും. ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, കനകം കാമിനി കലഹം തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രതീഷ് ബാലകൃഷ്ണൻ പൊതുവാളാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സന്തോഷ് ടി കുരുവിളയാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിലെ ഗാനരംഗത്തിലെ ചാക്കോച്ചന്റെ ചുവടുവയ്പ്പ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചാ വിഷയമായി മാറിയിരുന്നു. മമ്മൂട്ടി നായകനായ കാതോട് കാതോരം എന്ന ചിത്രത്തിലെ യേശുദാസ് ആലപിച്ച 'ദേവദൂതർ പടി' എന്ന ഗാനം ചിത്രത്തിന് വേണ്ടി പുനരാവിഷ്കരിച്ചു. ബിജു നാരായണനാണ് ഗാനം ആലപിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. 2.6 ദശലക്ഷത്തിലധികം ആളുകളാണ് ഇതുവരെ ട്രെയിലർ കണ്ടത്. കുഞ്ചാക്കോ ബോബന്റെ കഥാപാത്രത്തിന്റെ പേര് കൊഴുമ്മൽ രാജീവൻ അഥവാ അമ്പാസ് രാജീവൻ എന്നാണ്. വിക്രം, സൂപ്പർ ഡീലക്സ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ ഗായത്രി ശങ്കര് ചിത്രത്തില് പ്രധാന വേഷത്തിലുണ്ട്.
Subscribe to:
Posts (Atom)
Popular Posts
-
കോളിയടുക്കം (www.evisionnews.in): അറുപത് വര്ഷം പഴക്കമുള്ള പരവനടുക്കം മൃഗാശുപത്രിക്ക് ചെമ്മനാട് ഗ്രാമപഞ്ചായത്ത് നിര്മിച്ച പുതിയ കെട്ടിടം പഞ...
-
(www.evisionnews.in) സെന്ട്രല് വിസ്ത പദ്ധതിയുടെ ഭാഗമായി പ്രധാനമന്ത്രിക്ക് പുതിയ വീടൊരുങ്ങുന്നു. 2,26,203 ചതുരശ്ര അടിയില് നിര്മിക്കുന്ന സ...
-
കാസര്കോട് (www.evisionnews.in): മുസ്ലിം യൂത്ത് ലീഗ് ചെമ്മനാട് പഞ്ചായത്ത് ബണ്ടിച്ചാലില് നടുറോഡില് വാഴവെച്ചു പ്രതിഷേധിച്ചു. ഉദുമ മണ്ഡലം പ്ര...